ടാപ്പിങ് തൊഴിലാളികൾക്കും ജീവിക്കണം


ടി.കെ. മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ്‌, കേരള റബ്ബർ ടാപ്പേഴ്‌സ് യൂണിയൻ

സംസ്ഥാനത്ത് രണ്ടാഴ്ചയായി തുള്ളിമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ റബ്ബർ ടാപ്പിങ്‌ തൊഴിലാളികൾക്ക് ദുരിതപ്പെയ്ത്താണ് സമ്മാനിക്കുന്നത്. കേരളത്തിൽ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് റബ്ബർ ടാപ്പിങ്‌ തൊഴിലിനെ ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും ചെറുകിട അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവരുമാണ്.

തൊഴിലാളികളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തി ടാപ്പിങ്‌മേഖല സുരക്ഷിതമാക്കാൻ റബ്ബർബോർഡിന്റെ 1947-ലെ റബ്ബർ ആക്ടിൽ പറയുന്നുണ്ടെങ്കിലും അസംഘടിതരായി തൊഴിലെടുക്കുന്നവർക്ക് ആക്ടിൽ പറയുന്ന ആനുകൂല്യങ്ങൾ ഫലപ്രദമായി ലഭ്യമാക്കാനായിട്ടില്ല. ക്ഷേമനിധി ആനുകൂല്യങ്ങൾവരെ ലഭിക്കാത്ത നിലയിലാണ് ഭൂരിഭാഗം തൊഴിലാളികളും.

കുട്ടികളുടെ പഠനത്തിനും കുടുംബത്തിന്റെ നിത്യച്ചെലവുകൾക്കും ചികിത്സയ്ക്കും പലവിധ വായ്പത്തിരിച്ചടവുകൾക്കും പണം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് തൊഴിലാളികൾ. ഒരുവർഷം 150-ൽ താഴെ തൊഴിൽദിനങ്ങളാണ് തൊഴിലാളികൾക്കു ലഭിക്കുന്നത്. വെട്ടി പാലെടുത്ത് ഷീറ്റാക്കി എത്തിച്ചുകൊടുക്കുന്നതിന് രണ്ടുരൂപ പോലും കൂലിലഭിക്കാത്ത സ്ഥിതി. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും ദുഷ്‌കരമായ തൊഴിൽസാഹചര്യത്തിൽ ജോലി ചെയ്യുന്നവരാണ് ടാപ്പിങ്‌ തൊഴിലാളികൾ. കാട്ടാന, പുലി, പന്നി, കാട്ടുപോത്ത്, വിഷസർപ്പങ്ങൾ, അട്ട തുടങ്ങിയ ജീവികളുടെ ആക്രമണഭീഷണിക്കിടയിലാണ് മിക്ക തൊഴിലാളികളും പണിയെടുക്കുന്നത്. റബ്ബർത്തോട്ടത്തിൽ പ്രതിവർഷം ഒട്ടേറെ ടാപ്പിങ്‌ തൊഴിലാളികൾ വന്യജീവികളുടെ ആക്രമണത്തിലും പ്രകൃതിദുരന്തത്തിലും കൊല്ലപ്പെടുന്നു.

ഉപ്പിനോ മുളകിനോ തികയാത്ത നാമമാത്രമായ തുക മാത്രമാണ് നഷ്ടപരിഹാരമായോ ചികിത്സച്ചെലവിനോ ദുരന്തത്തിനിരയായ തൊഴിലാളിയുടെ കുടുംബത്തിന്‌ ലഭിക്കുന്നത്. ലോക്‌ഡൗണിനു സമാനമായ ദുരന്ത സാഹചര്യത്തിലാണ് കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള ടാപ്പിങ്‌ തൊഴിലാളികൾ കഴിയുന്നത്. തൊഴിലാളിമുദ്രയുള്ള നിലവിലെ സർക്കാർ, ടാപ്പിങ്‌ തൊഴിലാളികളുടെ ഈ ദൈന്യം കണ്ടില്ലെന്നു നടിക്കരുത്‌. കടുത്ത ദുരിതമനുഭവിക്കുന്നവർക്ക് പ്രത്യേക സാമ്പത്തികസഹായവും സൗജന്യ ഭക്ഷ്യക്കിറ്റും അനുവദിക്കണമെന്നതാണ് തൊഴിലാളികളുടെ ഒരേ വികാരം.

ഗതികെട്ട സാഹചര്യത്തിലാണ് രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഒരു റബ്ബർ ടാപ്പിങ്‌ തൊഴിലാളി മംഗലാപുരത്തേക്കും ഉടുപ്പിയിലേക്കും കുടകിലേക്കുമൊക്കെ തൊഴിൽതേടി പോകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..