മെഡിസെപ് അത്ര ആരോഗ്യകരമല്ല ജീവനക്കാർക്ക്


പാണക്കാട് അബ്ദുൽ ജലീൽ, കെ.എച്ച്.എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി,

കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ മുൻ സംസ്ഥാന കോ-ഓർഡിനേറ്റർ

സർക്കാർജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യപരിരക്ഷ സർക്കാർ ഉറപ്പുവരുത്തിയിരുന്നത് 1960-ലെ കേരള ഗവൺമെന്റ്‌ സർവൻറ്് മെഡിക്കൽ അറ്റൻഡൻസ് നിയമംവഴിയാണ്. സർക്കാർജീവനക്കാരുടെ ആരോഗ്യപരിരക്ഷ സർക്കാരിന്റെകൂടി ഉത്തരവാദിത്വമാണെന്നനിലയ്ക്കാണ് ഈ നിയമത്തിന്റെ പരിധിയിൽനിന്ന് വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് മെഡിക്കൽ റീ-ഇംപേഴ്സിനായി പ്രതിവർഷം ശരാശരി 230 കോടി രൂപവരെ സംസ്ഥാനബജറ്റിൽ വകയിരുത്തിയിരുന്നത്. ഇതിനുപുറമേ ജീവനക്കാരുടെയും ആശ്രിതരുടെയും അടിയന്തര അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പലിശരഹിത മെഡിക്കൽ അലവൻസായി 30 ലക്ഷം രൂപവരെ ജീവനക്കാർക്ക് അനുവദിച്ചിരുന്നതുമാണ്.

പത്താം ശമ്പളക്കമ്മിഷനാണ് ജീവനക്കാർക്ക് സമഗ്ര ആരോഗ്യപരിരക്ഷ നടപ്പാക്കുന്നതിന് ഇൻഷുറൻസ് സംവിധാനം നടപ്പാക്കണമെന്ന് ശുപാർശചെയ്തത്. ശമ്പളക്കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് യാഥാർഥ്യമാവാൻ ആറുവർഷമാണ് ജീവനക്കാർ കാത്തിരുന്നത്.

കേരളത്തിലെ പത്തരലക്ഷത്തിലധികംവരുന്ന സർക്കാർജീവനക്കാരിൽനിന്ന്‌ പ്രതിമാസം 500 രൂപ ശമ്പളത്തിൽനിന്ന് ഈടാക്കിയാണ് ഓറിയൻറൽ ഇൻഷുറൻസ് കമ്പനി മുഖാന്തരം പദ്ധതി നടപ്പിൽവരുത്തിയത്. ഇൻഷുറൻസ് കമ്പനിക്ക് പ്രതിവർഷം 4800 രൂപയും 18 ശതമാനം ­ജി.എസ്.ടി.യും അടക്കമുള്ള 5644 രൂപ കഴിച്ച് ബാക്കിയുള്ള 365 രൂപ കോർപ്പസ് ഫണ്ടിലേക്ക് മാറ്റിയുമാണ് പദ്ധതിയുടെ മൂലധനം കണ്ടെത്തുന്നത്. ഈവിധം പ്രതിവർഷം സംസ്ഥാനഖജനാവിൽ എത്തുന്ന 35 കോടി രൂപയിൽനിന്നാണ് കരൾ മാറ്റിവെക്കൽപോലുള്ള ശസ്ത്രക്രിയകൾക്കുവേണ്ടിയുള്ള തുക വിനിയോഗിക്കുന്നത്. മെഡിസെപ് പദ്ധതിക്കായി ഇൻഷുറൻസ് പ്രീമിയത്തിന്റെ മുഴുവൻതുകയും ജീവനക്കാരിൽനിന്ന്‌ ഈടാക്കി സർക്കാർ പൂർണമായും പിന്മാറിയ പദ്ധതി എങ്ങനെയാണ് സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാവുക. 1948-ൽ പാർലമെന്റ് പാസാക്കിയ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ടിന്റെ ഇൻഷുറൻസ് പ്രീമിയത്തിലെ തൊഴിലാളി, തൊഴിലുടമ വിഹിതങ്ങളുടെ ­അന്തഃസത്തപോലും പരിഗണിക്കാതെ ആരോഗ്യപരിരക്ഷയിൽനിന്ന് സർക്കാർ പൂർണമായും പിൻവാങ്ങിയത്‌ ജീവനക്കാരോട് സർക്കാരിന് ഒരു പ്രതിബദ്ധതയുമില്ല എന്നാണ്‌ കാണിക്കുന്നത്.

ദീർഘകാലം ചികിത്സ ആവശ്യമായിവരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾപോലുള്ളവയ്ക്ക് വിദഗ്ധചികിത്സയ്ക്കുള്ള ആശുപത്രികളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഇൻഷുറൻസ് കമ്പനിയുടെയും ആശുപത്രികളുടെയും സമ്മർദങ്ങൾക്കുമുമ്പിൽ സർക്കാർ വഴങ്ങിയെന്നതാണ് കാണിക്കുന്നത്. ഇത്തരം രോഗങ്ങളുടെ എൻട്രി ലെവൽ ചികിത്സ തരപ്പെടുത്തുന്നതിന്, വിദഗ്ധചികിത്സനൽകാൻ സാധിക്കാത്ത ആശുപത്രികൾക്ക് നൽകി ഇൻഷുറൻസ് തുക ആശുപത്രികൾക്ക് ഈടാക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരിക്കയാണ്.

നിലവിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ചികിത്സാസംവിധാനങ്ങളാണ് ആശുപത്രികൾ നൽകിവരുന്നത്. മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ചില പ്രത്യേകവിഭാഗങ്ങൾക്കു മാത്രമാണ് ഇൻഷുറൻസ് കവറേജ് നൽകുന്നതുകാരണം ചികിത്സയുടെ സമഗ്രത നഷ്ടപ്പെടുന്നെന്നതും ചികിത്സയിൽ ഉൾപ്പെടാത്ത വിഭാഗത്തിന്റെപേരിൽ ജീവനക്കാരെ ചൂഷണംചെയ്യാനുള്ള സാധ്യത വർധിക്കുന്നെന്നതും പരിശോധിക്കേണ്ടതുണ്ട്. മെഡിക്കൽ റീ-ഇംപേഴ്സിനുവേണ്ടി 1183-ലെ ഗവ. ഉത്തരവ് പ്രകാരമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചിലതിനെ പൂർണമായി ഒഴിവാക്കിയും ചിലതിനെ ഭാഗികമായി ഉൾപ്പെടുത്തിയുമാണ് മെഡിസെപ് എംപാനൽഡ് ആശുപത്രികൾ. ഗുണനിലവാരമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ ജീവനക്കാർക്ക് അന്യംനിർത്തുന്നത് നീതീകരിക്കാനാവില്ല,

പ്രതിഷേധങ്ങളും ചോദ്യംചെയ്യലുമില്ലാതെ ഇത്തരം തീരുമാനങ്ങളെ ഏകപക്ഷീയമായി അംഗീകരിച്ചാൽ ഏറെ വൈകാതെ ജീവനക്കാരുടെ അവകാശങ്ങൾ ജലരേഖകളായി മാറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..