വായനയ്ക്ക് ഒരു രാജകല്പന


പായിപ്ര രാധാകൃഷ്ണൻ

ഒരു കാലത്ത് മലയാളിയെ എഴുതാനും വായിക്കാനും മോഹിപ്പിച്ചത് എഴുത്തച്ഛന്റെ അധ്യാത്മ രാമായണമായിരുന്നു. ഒരിക്കൽ ഒരു തെലുങ്കു പണ്ഡിതൻ അമ്പലപ്പുഴ രാജാവിനെ സന്ദർശിച്ച് ഒരു തെലുങ്കു രാമായണം കാഴ്ചവെച്ചു. അത് വായിക്കാൻ പറ്റിയ ഒരാളെ തരപ്പെടുത്താൻ മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയോടഭ്യർഥിച്ചു. മേൽപ്പുത്തൂർ തന്റെ സുഹൃത്തും സമകാലികനുമായിരുന്ന എഴുത്തച്ഛനെ അമ്പലപ്പുഴയ്ക്ക് അയച്ചു.അമ്പലപ്പുഴ രാജസന്നിധിയിലെത്തിയ എഴുത്തച്ഛൻ തെലുഗുരാമായണം രാജാവിന് വായിച്ചുകൊടുക്കുകയും ആയിടെ പൂർത്തിയാക്കിയ അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഒരു പ്രതി രാജാവിന് സമ്മാനിക്കുകയും ചെയ്തു. അത് വായിച്ച് വിസ്മയഭരിതനായ രാജാവ് അധ്യാത്മരാമായണത്തിന്റെ 100 താളിയോല പ്രതികൾ പകർത്തിയെഴുതിച്ച് അമ്പലപ്പുഴയിലെ നൂറു കുടുംബങ്ങളെ പാരായണത്തിനായി ചുമതലപ്പെടുത്തി. കർക്കടകം ഒന്നുമുതൽ പ്രത്യേകനിഷ്ഠകളോടെ രാമായണം മുടങ്ങാതെ പാരായണം ചെയ്യാൻ രാജകല്പനയും പുറപ്പെടുവിച്ചു. ഒരു പക്ഷേ, ഒരു ഗ്രന്ഥം വായിക്കാൻ ആദ്യമായി ഒരു രാജകല്പന. മലയാളിയുടെ വായനശീലത്തെ പോഷിപ്പിക്കാൻ പിന്നീടും നിമിത്തമായത് അമ്പലപ്പുഴതന്നെ. മലയാളിയെ വായിക്കാൻ പഠിപ്പിച്ച അക്ഷരപുരുഷൻ പി.എൻ. പണിക്കർ ആദ്യത്തെ ഗ്രന്ഥശാലയ്ക്കു തുടക്കം കുറിച്ചതും ഗ്രന്ഥശാലാ സംഘത്തിന് ജന്മം കൊടുത്തതും അമ്പലപ്പുഴയിൽത്തന്നെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..