കർഷകക്ഷേമം ആർക്കുവേണം?


എ.വി. പ്രകാശൻ നടുവിൽ, കണ്ണൂർ

ഒരുകാലത്ത് കാർഷിക സമ്പന്നമായ കേരളം കാർഷികവൃത്തിയെ ഉപേക്ഷിച്ചിട്ട് കാലങ്ങളായി. മറ്റുസംസ്ഥാനങ്ങളിൽനിന്ന്‌ അരിയും പച്ചക്കറികളും ഇറക്കുമതിചെയ്യുന്ന സംസ്ഥാനത്ത് 50 ലക്ഷം കർഷകരുണ്ടെന്നാണ് കണക്ക്. കർഷകക്ഷേമവും കാർഷികപുരോഗതിയും ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നതിനുവേണ്ടി രൂപവത്‌കരിച്ച കൃഷിവകുപ്പ് നിലവിൽ ആവശ്യമില്ലാത്ത ഒന്നായി മാറി. പതിനായിരത്തോളം ജീവനക്കാരാണ് കൃഷിവകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലുമായുള്ളത്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നതാണ് കൃഷിവകുപ്പിന്റെ ഈ വർഷത്തെ മുദ്രാവാക്യം. എന്നാൽ ഞങ്ങളും തരിശ്ശിലേക്ക് എന്ന മട്ടിൽ മുൻ വർഷങ്ങളിൽ നെൽകൃഷി ചെയ്തിരുന്ന കേരളത്തിലെ മുക്കാൽ പങ്കും വയലുകളിൽ നെൽക്കൃഷി ഉപേക്ഷിച്ചിരിക്കയാണ്. കേരളത്തിൽ കർഷകത്തൊഴിലാളികളെ ലഭ്യമല്ലാത്തതിനാൽ തമിഴ്‌നാട്ടിൽനിന്ന്‌ തൊഴിലാളികളെ എത്തിച്ച് കൃഷിചെയ്യുന്ന കാഴ്ച കണ്ണൂർ ജില്ലയിലെ മിക്ക പാടശേഖരങ്ങളിലുമുണ്ട്‌.

പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകൾ മുഖാന്തരമാണ് കർഷകർക്ക് പ്രധാനമായും ആനുകൂല്യങ്ങൾ ലഭിക്കേണ്ടത്. കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലം യാഥാർഥകർഷകരിൽ എത്തുന്നുമില്ല. യഥാർഥകർഷകന് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും കാർഷികജോലികൾക്ക് തൊഴിലാളികളെ കിട്ടാതിരിക്കുകയും കാർഷികോത്‌പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാതിരിക്കയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ 75 ശതമാനം കർഷകരും കൃഷിയുപേക്ഷിച്ച് നിലം തരിശ്ശിടുകയും തരംമാറ്റി വിൽക്കുകയുമാണ്. കർഷകക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ രൂപവത്‌കരിച്ച കാർഷികവികസന കർഷകക്ഷേമവകുപ്പ് മറ്റൊരു വെള്ളാനയായി മാറുകയും ചെയ്തിരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..