തെങ്ങുകൃഷിയിൽ നൂതന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കണം


ഡോ. ടി.പി. സേതുമാധവൻ, പ്രൊഫസർ, ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി , ബെംഗളൂരു

മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ചതിച്ചത് തെങ്ങിനെ’ എന്ന പരമ്പര ഏറെ ശ്രദ്ധേയമായി. രാജ്യത്തെ നാളികേരോത്‌പാദനത്തിൽ 35 ശതമാനവും കേരളത്തിൽനിന്നാണ്. രാജ്യത്തെ ഉത്‌പാദനത്തിൽ 90 ശതമാനവും നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുതന്നെ. എന്നാൽ, കുറയുന്ന ഉത്പാദനം, കൂടിയ ഉത്പാദനച്ചെലവ്, തെങ്ങിൻതൈയുടെ ഗുണനിലവാരക്കുറവ്, മണ്ണിന്റെ ഫലഭൂയിഷ്ഠതയിലുള്ള കുറവ് എന്നിവ തെങ്ങുകൃഷിയിൽ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ചിലതാണ്. മൂല്യവർധിതോത്പന്ന നിർമാണത്തിൽ കേരളം പിറകിലാണ്. മലയാളി തെറ്റിദ്ധാരണയുടെ പേരിൽ വെളിച്ചെണ്ണ ഒഴിവാക്കി മറ്റ്‌ എണ്ണകളിലേക്ക് തിരിയുന്നു. എന്നാൽ, അമേരിക്കയടക്കമുള്ള വികസിതരാജ്യങ്ങൾ ഗവേഷണത്തിലൂടെ ബുദ്ധിശക്തിക്ക്‌ വെളിച്ചെണ്ണ മികവുറ്റതാണെന്ന് പ്രചരിപ്പിച്ചുവരുന്നു!

കേരളത്തിനാവശ്യം നാളികേരോത്പാദനം വർധിപ്പിക്കാൻ എഫ്.പി.ഒ.കൾ (Farmer Producer Organisations) കൂടുതലായി രൂപപ്പെടുത്തുകയാണ്‌. ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേരക്കൃഷി വിപുലമാക്കണം. മണ്ണിന്റെ പോഷകസ്ഥിതി കാലാകാലങ്ങളിൽ വിലയിരുത്തണം. രാസവളങ്ങളുടെ വിലവർധന കർഷകരെ വിലകുറഞ്ഞതും അപര്യാപ്തവുമായ അളവിൽ രാസവളങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കും. ഇത് മണ്ണിൽ പോഷക അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം മൂന്നുവർഷത്തോളം ഉത്‌പാദനം കുറയാനിടയാക്കും. ജി.ഐ.എസ്‌., ജിപ്‌സി, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രെസിഷൻ ഫാമിങ്‌ എന്നിവ തെങ്ങുകൃഷിയിലും കൂടുതലായി പ്രവർത്തികമാക്കണം. ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കുകയും അന്താരാഷ്ട്രവിപണി ലക്ഷ്യമിട്ടുള്ള സംസ്കരണ-മൂല്യവർധിത ഉത്‌പന്ന നിർമാണത്തിന് ഊന്നൽനൽകുകയും ചെയ്യണം. കൂടുതൽ സ്ഥലങ്ങളിലേക്ക് നാളികേരകൃഷി വിപുലപ്പെടുത്തുകയും വേണം.

പുരയിടകൃഷിക്കപ്പുറം, സമഗ്രതെങ്ങുകൃഷി പ്രോത്സാഹിപ്പിക്കണം. ശക്തമായ ഇടപെടലുകൾ ഇനിയും വൈകിയാൽ കാലക്രമേണ തെങ്ങുകൃഷിയിലുള്ള കേരളത്തിന്റെ മേന്മ നഷ്ടമാകും. ഇപ്പോൾത്തന്നെ തമിഴ്‌നാട്ടിൽനിന്ന്‌ വൻതോതിൽ നാളികേരം കേരളത്തിലെ മില്ലുകളിലേക്ക് വരുന്നുണ്ട്.

നാളികേര വികസനരംഗത്ത്‌ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏകോപനം, വിപണിലക്ഷ്യമിട്ട ഉത്‌പാദനപ്രക്രിയ, ഉത്‌പന്ന, നടീൽവസ്തുക്കളുടെ ലഭ്യതയ്ക്കിണങ്ങിയ ഗവേഷണം എന്നിവയ്ക്കും പ്രാമുഖ്യം നൽകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..