പേവിഷ വാക്‌സിനും സിറവും


ഡോ. ജയകൃഷ്ണൻ ടി.

(വകുപ്പ് മേധാവി, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ.എം.സി.ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്)

ജസ്റ്റിസ് സിരിജഗനുമായി മാതൃഭൂമി നടത്തിയ അഭിമുഖം വായിച്ചു. അതിൽ പേവിഷ വാക്സിനുകളെക്കുറിച്ചുള്ള അവസാന പാരഗ്രാഫിൽ വസ്തുതാപരമായ ചില പിശകുകളുണ്ട്.

‘രണ്ടുതരം വാക്സിനുകൾ ഉണ്ട്. ഒന്ന് കുതിരയുടെ സിറത്തിൽ നിന്നെടുക്കുന്നത്. രണ്ടാമത്തേത്‌ മനുഷ്യരുടെ സിറത്തിൽ നിന്നെടുക്കുന്നത്’ എന്നാണ് ലേഖനത്തിലുള്ളത്. മനുഷ്യരുടെയും കുതിരയുടെയും സിറത്തിൽനിന്നെടുത്ത്‌ നിർമിക്കുന്നത് പേവിഷ വാക്സിനല്ല. പകരം, പേവിഷബാധയ്ക്കെതിരേയുള്ള ‘റാബീസ് ഇമ്യുണോ ഗ്ലോബിൻ’ അഥവാ റാബീസ് ആന്റിസിറമാണ്. ഇത് വാക്സിനെപ്പോലെ പ്രതിരോധമുണ്ടാക്കാൻ നൽകുന്നതല്ല. റാബീസ് വൈറസുകളെ ശരീരത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് നേരിട്ട് നശിപ്പിക്കാനായി മുറിവിൽ കുത്തിവെച്ചുനൽകുന്ന ആന്റിബോഡികളാണ്.

ഇതിൽ മേൽപ്പറഞ്ഞ രണ്ടിന്റെയും ഗുണത്തിലോ, ഫലപ്രാപ്തിയിലോ വ്യത്യാസമില്ല. പക്ഷേ, വിലയിൽ മനുഷ്യരിൽനിന്ന് നിർമിക്കുന്ന സിറത്തിന്, കുതിരയിൽനിന്ന് നിർമിക്കുന്നതിന്റെ ഇരുപത് ഇരട്ടിയിലധികം വിലവരും. അതിനാൽ, മനുഷ്യനിർമിത ആന്റി സിറത്തിന്റെ നിർമാണവും ലഭ്യതയും ലോകത്തിലാകെ കുറവാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി നിർമിക്കപ്പെടുന്ന, കുതിരയിൽനിന്ന് ഉണ്ടാക്കുന്ന സിറം പാർശ്വഫലങ്ങൾ ഉണ്ടാക്കാവുന്ന ഘടകങ്ങളെ (എഫ്.2 ഘടകം) പാടേ നീക്കി ശുദ്ധീകരിക്കപ്പെട്ടതായതിനാൽ ഇപ്പോൾ ഇത് അഭിമുഖത്തിൽ പരാമർശിക്കപ്പെട്ടവിധത്തിലുള്ള ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കാത്തതാണ്. അതിനാൽത്തന്നെ ‘തൊലിയിൽ ടെസ്റ്റ് ഡോസ്‌’പോലും നടത്തിനോക്കാതെ നേരിട്ട് ആവശ്യമുള്ള രോഗികൾക്ക് നൽകാനാണ് ലോകാരോഗ്യസംഘടന രണ്ടായിരത്തിപത്തൊമ്പതിൽ പ്രസിദ്ധീകരിച്ച അതിന്റെ ടെക്‌നിക്കൽ ഗൈഡ്‌ലൈനിൽ നിർദേശിക്കുന്നത്. നമ്മുടെ ദേശീയ ഗൈഡ്‌ലൈനിലും ഇതേ പരാമർശമാണുള്ളത്. ഇത് ഇപ്പോൾ കേരളത്തിലെ പതിന്നാലുജില്ലകളിലും പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്. കാറ്റഗറി-3 തരത്തിൽപ്പെട്ട മുറിവേറ്റവർ ഇത് സ്വീകരിക്കാൻ ഒട്ടും അമാന്തം കാണിക്കരുത്. ഇപ്പോൾ ലഭ്യമായിട്ടുള്ള റാബീസിന് എതിരേയുള്ള പ്രധാന വാക്സിനുകൾ ചിക്കൻ എംബ്രിയോ, വീറോസെൽ എന്നിവയിൽനിന്ന് ടിഷ്യുകൾച്ചർ സാങ്കേതികവിദ്യകളിലൂടെയാണ് നിർമിക്കുന്നത്. പാർശ്വഫലങ്ങൾ വളരെ വിരളവുമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..