വിദ്യാഭ്യാസപരിഷ്കരണം അനിവാര്യം


ഷാജി യോഹന്നാൻ, നായത്തോട്‌

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണ ശുപാർശ സംബന്ധിച്ച ഖാദർകമ്മിറ്റി റിപ്പോർട്ട് വിലയിരുത്തൽ ശ്രദ്ധേയമായി. മികവിനായുള്ള പരിഷ്കരണനടപടികൾ എത്രയും വേഗം നടപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാർഥി കേന്ദ്രിതമായ വിദ്യാഭ്യാസം കൊടുക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ പകച്ചുനിൽക്കുന്ന ഒരു തലമുറ നമുക്കുണ്ടായിക്കൂടാ.

ഏകീകരണ സ്വഭാവത്തോടെ പാഠ്യവിഷയങ്ങളെ ക്രമീകരിക്കുന്നത് നല്ലകാര്യം തന്നെ. കാരണം, വിഷയങ്ങളിലെ അതിപ്രസരം പഠനബോധത്തെ നിരുത്സാഹപ്പെടുത്തും. മാത്രമല്ല, പല വിഷയങ്ങളെയും ഒരേതട്ടിൽ നിലനിർത്തി പാഠഭാഗമാക്കാൻ സാങ്കേതികവിദ്യയുടെ സഹായത്താൽ നമുക്ക് കഴിയും. വിഷയാധിഷ്ഠിത സംജ്ഞകളെ ഏകോപിപ്പിക്കുമ്പോൾ പഠനം അനായാസമാവുകയും ചെയ്യും.

ഇനി, സ്കൂൾ സമയമാറ്റം. എന്തുകൊണ്ടും പരിഗണനാർഹമായ സംഗതിയാണത്. രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്തെ പ്രസരിപ്പും ഊർജസ്വലതയും ഉച്ചയ്ക്കുശേഷം അതേപടി നിലനിർത്താൻ ശാരീരികമായും മാനസികമായും നമുക്ക് കഴിയില്ലായെന്ന വിദഗ്ധമതം ഉൾക്കൊണ്ട് സമയമാറ്റത്തെ അംഗീകരിക്കണം.

സൂര്യനുദിക്കുംമുമ്പ് എണീറ്റ് പ്രഭാതചര്യകളിലേക്ക് കടക്കുമ്പോൾ കിട്ടുന്ന ഉന്മേഷം ഫലപ്രദമായി വിനിയോഗിക്കാൻ ഇത്തരം പരിഷ്കരണങ്ങൾ സഹായകമാവും. അഞ്ചാം ക്ലാസുമുതൽ 10വരെ ഈ സമയക്രമത്തിൽ ഒരു സർക്കാർ വിദ്യാലയത്തിൽ പഠിച്ച വ്യക്തിയെന്ന നിലയിൽ അനുഭവത്തിലൂടെ ഇതിന്റെ ഗുണമേന്മ പങ്കുെവക്കാൻ കഴിയും. (പരിഷ്കരണത്തിന്റെ ഭാഗമായിട്ടൊന്നുമല്ലായിരുന്നു ഈ സമയക്രമം. അധ്യാപകരുടെ അപര്യാപ്തതയും ഭൗതികസൗകര്യങ്ങളുടെ അഭാവവും കൊണ്ടായിരുന്നു. ഇന്ന് ഈ സർക്കാർ സ്കൂളിൽ ഭൗതിക സൗകര്യവും അധ്യാപകരുമുണ്ട്; പക്ഷേ, കുട്ടികൾ നാമമാത്രം.)

കായികവും സർഗാത്മകവും തൊഴിൽപരവുമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുംവിധം ഉച്ചയ്ക്കു ശേഷമുള്ള സമയത്തെ കാര്യക്ഷമമായി വിനിയോഗിക്കാനുള്ള പദ്ധതിയും ഗുണപ്രദമാവും. അക്കാദമിക് നിലവാരത്തോടൊപ്പം ഒരു നല്ല സാമൂഹികജീവിയായി വളരാനുള്ള സാഹചര്യവും നിർബന്ധപൂർവം ഒരുക്കേണ്ടതുണ്ട്. പൊതുബോധത്തിന്റെ അഭാവം കുട്ടിയെ അരാജകവാദിയാക്കുന്നു. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ് നഷ്ടപ്പെടുത്തുന്നു. അതുമൂലം മാനവികതയുടെ മൂല്യം സംരക്ഷിക്കപ്പെടാതെ പോവുന്നു. അതിനു കൂടിയുള്ള പരിഹാരമാവണം സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം.

പ്രാപ്തരായ അധ്യാപകരുടെ സേവനത്തിന് നിരന്തരമായ പരിശീലനം അത്യാവശ്യമാണ്. അധ്യാപനം ഒരു തൊഴിൽ മാത്രമല്ല എന്ന ബോധവും അനിവാര്യമാണ്.

ഖാദർ കമ്മിറ്റി ശുപാർശകൾ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ സംവാദങ്ങൾ തുടരട്ടെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..