പ്രൊഫ. എം. ഹരിദാസ്, തൃശ്ശൂർ
കഴിഞ്ഞ മൂന്നു ദശകത്തിനിടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാവ്യകേളി, അക്ഷരശ്ലോകം, പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങളിൽ വിധിനിർണയം നടത്തിയിട്ടുണ്ട്. വർഷംതോറും ഈ വേദികളിൽ ആൺകുട്ടികളുടെ സാന്നിധ്യം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപ്പെടാറുണ്ട്.
ഈവർഷം കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ ആൺകുട്ടികളുടെ അസാന്നിധ്യം ഏതാണ്ട് നൂറുശതമാനമായിരുന്നു. ഹൈസ്കൂൾവിഭാഗം കാവ്യകേളിക്ക് ആൺകുട്ടികളേ ഇല്ല. ഹയർസെക്കൻഡറി കാവ്യകേളിക്കും ഹൈസ്കൂൾ അക്ഷരശ്ലോകത്തിനും രണ്ടുവീതവും ഹയർസെക്കൻഡറി ശ്ലോകത്തിന് മൂന്നും പേർ. നാല് മത്സരങ്ങളിലായി ആകെ പങ്കെടുത്ത 58 പേരിൽ ഏഴ് ആൺകുട്ടികൾ. കൗമാരക്കാരായ ആൺകുട്ടികളുടെ ശബ്ദം പരിണാമദശയിലായതിനാൽ, ആലാപന സൗകുമാര്യം ആവോളം ആവശ്യമായ ഈ മത്സരത്തിൽ, സ്കൂൾ-ഉപജില്ല-ജില്ലാ മത്സരങ്ങളിൽ പെൺകുട്ടികളോട് മത്സരിച്ച് ജയിച്ചുകയറാൻ അവർക്ക് കഴിയുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള സാധ്യത വിരളമായിരുന്നതിനാൽ, താഴെതലങ്ങളിൽ ആൺകുട്ടികൾ മത്സരത്തിന് ചേരുന്നില്ല എന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവരുടെ അറിവിൽ മുന്നേ പെടുത്തിയിട്ടുണ്ടെങ്കിലും അടിക്കടിനടക്കുന്ന മാന്വൽ പരിഷ്കരണങ്ങളിൽ ആവശ്യമായ ഭേദഗതിവരുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വേവ്വേറെ മത്സരങ്ങൾ ഏർപ്പെടുത്തുകയുണ്ടായില്ല.
അറബിക് ഗാനം, അഷ്ടപദി, പാഠകം, സംസ്കൃതഗാനാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട്, അറബിക്‌പദ്യം, കഥകളിസംഗീതം, ശാസ്ത്രീയ സംഗീതം, തുടങ്ങി സമാനസ്വഭാവമുള്ള ഇനങ്ങളിലെല്ലാം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വെവ്വേറെ ആൺ-പെൺ മത്സരങ്ങൾ എന്ന നിലയിൽ നാലുമത്സരംവീതം നടത്തുന്നുണ്ട്. ഈ മത്സരങ്ങളിൽ പലതിനും പല ഉപജില്ലകളിലും മത്സരാർഥികൾ ഉണ്ടാകാറേയില്ല.
ഇതരഭാഷയിലെ കലകൾക്ക് നൽകുന്നതിന് തുല്യമായ പരിഗണനയെങ്കിലും മലയാളകവിതയ്ക്ക് ലഭിക്കുന്നതിനുവേണ്ടി ശബ്ദമുയർത്താൻ മാതൃഭൂമിയടക്കമുള്ള മാധ്യമസ്ഥാപനങ്ങളും ഭാഷാസ്നേഹികളും മുന്നോട്ടുവരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..