സി.കെ. നാഥൻ, പിറവം
ജോഷിമഠിലെ പാരിസ്ഥിതികാഘാതങ്ങളെ ആസ്പദമാക്കി പത്രത്തിൽവന്ന മുഖപ്രസംഗവും പ്രമുഖഭൗമശാസ്ത്രജ്ഞനായ സി.പി. രാജേന്ദ്രൻ എഴുതിയ ലേഖനവും അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾക്കെതിരേ ശബ്ദമുയർത്തുന്നവരെ വികസനവിരോധികൾ എന്നധിക്ഷേപിക്കുന്നവർ ഒന്നു മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി. വിള്ളൽവീണ് വീഴാറായ സ്വന്തംവീട്ടിലെ ഭിത്തികൾ നെഞ്ചിടിപ്പോടെ നോക്കിയിരിക്കുന്ന വീട്ടമ്മയുടെ ചിത്രം ഉരുത്തിരിഞ്ഞുവന്നേക്കാവുന്ന ഭാവിദുരന്തങ്ങളുടെ ഒരു മുന്നറിയിപ്പുകൂടിയാണ്.
1976-ൽത്തന്നെ മഹേഷ്‌ചന്ദ്രമിശ്രയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം പ്രസ്തുത മേഖലയിലെ തുരങ്കങ്ങളും നിർമിതികളും വരുത്തിവെച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് നൽകിയ റിപ്പോർട്ട് ‘വികസനലഹരി’പൂണ്ട അധികൃതർ അവഗണിക്കുകയാണുചെയ്തത്. ഉത്തരേന്ത്യക്ക് ഹിമവാൻ സംരക്ഷകനാകുന്നതുപോലെത്തന്നെയാണ് പശ്ചിമഘട്ടം കേരളത്തിനും എന്ന ശാസ്ത്രീയബോധ്യം സിൽവർലൈൻപോലുള്ള പദ്ധതികൾ യഥാർഥത്തിൽ വികസനമല്ല, വിനാശമാണ് സമ്മാനിക്കുക എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കേണ്ടതാണ്. നിർഭാഗ്യവശാൽ ഭൂമിയുടെ അതിജീവനത്തിനുവേണ്ടി വാദിക്കുന്നവരെ ‘സഞ്ചിയുംതൂക്കിനടക്കുന്ന വികസനവിരോധികൾ’ എന്നു പരിഹസിക്കുന്ന പ്രവണത രാഷ്ട്രീയപ്പാർട്ടികളിലെ ന്യായീകരണത്തൊഴിലാളികൾക്കിടയിൽ വർധിച്ചുവരുന്നതായാണ് കാണുന്നത്. ഇത് മാറിയേ പറ്റൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..