കുടിപ്പിച്ച് കിതപ്പുമാറ്റുമ്പോൾ


2 min read
Read later
Print
Share

എം. ദാമോദരൻ, പയ്യന്നൂർ,കൺവീനർ, കേരള സംസ്ഥാന മദ്യ ഉപഭോക്തൃസംരക്ഷണ സമിതി

സർക്കാർവിലാസം മദ്യക്കച്ചവടമാഫിയകളുടെ ഉള്ളറ രഹസ്യങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി തുറന്നുകാട്ടിയ ‘കുടിപ്പിച്ച് കിതപ്പുമാറ്റുമ്പോൾ’ എന്ന മാതൃഭൂമി ലേഖന പരമ്പര സന്ദർഭോചിതമായി.

ഒരു സമീപകാല സർവേ പ്രകാരം കേരളത്തിലെ മദ്യ ഉപഭോക്താക്കളുടെ എണ്ണം 84 ലക്ഷത്തിലധികമാണ്. ഇതിൽത്തന്നെ 56 ലക്ഷത്തോളം ഉപഭോക്താക്കൾ തുച്ഛ വരുമാനക്കാരും ഇടത്തരക്കാരുമായ സാധാരണക്കാരാണ്. സർക്കാർഖജനാവിന് സാമ്പത്തികപ്രതിസന്ധി വരുമ്പോഴൊക്കെ മദ്യനികുതി കൂട്ടുക വില കൂട്ടുക എന്നാണ് കേരളത്തിലെ ഇടത്- വലത് സർക്കാരുകളുടെ സ്ഥിരം പരിപാടി. ഇപ്പോൾ കേരളത്തിലെ മദ്യനികുതി 251 ശതമാനമാണ്. ഇന്ത്യയിലെ വേറേതെങ്കിലും സംസ്ഥാനത്തോ ലോകത്ത് ഈദി അമീന്റെ യുഗാൺഡയിൽപ്പോലുമോ ഇത്ര കൊടിയ നികുതി ചുമത്തിക്കാണില്ല.

വിലയോ? 53 രൂപയ്ക്ക് ഡിസ്റ്റിലറികളിൽ നിർമിക്കുന്ന ഒരു കുപ്പി മദ്യം ബിവറേജസ് കോർപ്പറേഷൻ എന്ന സർക്കാർ വക വിൽപ്പനശാല ഉപഭോക്താക്കൾക്ക് വിൽക്കുന്നത് 610 രൂപയ്ക്ക്! എന്തൊരുതരം പകൽക്കൊള്ളയാണിത് ? പാവപ്പെട്ടവരും ഇടത്തരക്കാരുമായ 84 ലക്ഷത്തോളംവരുന്ന മദ്യ ഉപഭോക്താക്കളുടെ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളുടെ ചോരയൂറ്റിക്കുടിക്കുകയല്ലേ കേരളസർക്കാർ ചെയ്യുന്നത്?

ഇപ്പോൾ സമീപകാലത്ത് സർക്കാർ സ്വീകരിച്ച നടപടിയെന്താണ്? മദ്യമുണ്ടാക്കുന്ന സ്പിരിറ്റിന് വില കൂടിയതിനാൽ കേരളത്തിനകത്തും പുറത്തുമുള്ള വിരലിലെണ്ണാവുന്ന ഏതാനും മദ്യ മുതലാളിമാർക്ക്, ഡിസ്റ്റിലറിക്കാർക്ക് അവരുടെ ലാഭത്തിൽ അല്പം കുറവുണ്ടാകും എന്നതിനാൽ അവർ നൽകിവരുന്ന 140 കോടി രൂപയുടെ നികുതി ഒഴിവാക്കിക്കൊടുക്കുകയും പകരം ആ നികുതിഭാരം മുഴുവൻ മദ്യത്തിന്റെ വില കൂട്ടി 84 ലക്ഷം വരുന്ന കേരളത്തിലെ മദ്യ ഉപഭോക്താക്കളുടെ തലയിൽ കെട്ടിെവക്കുകയും ചെയ്തിരിക്കുന്നു. എന്തൊരുതരം പ്രജാക്ഷേമ തത്‌പരരായ സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്? മദ്യവിലയും നികുതിയും വർഷംതോറും കൂട്ടുന്നതിനെയോ അതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ചോര കുടിക്കുന്നതിനെയോ കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സാംസ്കാരിക സംഘടനകളോ ബുദ്ധിജീവികളോ സമരമോ പ്രക്ഷോഭമോ ഉണ്ടാക്കില്ല. കാരണം ഒന്നേയുള്ളൂ തങ്ങൾ മദ്യപരോ മദ്യ അനുകൂലികളോ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാലോ എന്ന പകൽമാന്യന്മാരുടെ ഭയം.

ലോകത്ത് ഒരിടത്തും ഇല്ലാത്ത വിധം മദ്യവില ഇടയ്ക്കിടെ കൂട്ടുന്ന ഈ സർക്കാർ രീതി എം.ഡി. എം.എ.പോലുള്ള മാരക മയക്കുമരുന്നുകളുടെ കൊളംബിയ ആക്കി കേരളത്തെ മാറ്റും എന്നാണ് തോന്നുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..