സി.വി. ദയാനന്ദൻ, പയ്യന്നൂർ
പുതിയപാർലമെന്റ് മന്ദിരത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻ സ്പീക്കർ ഓം ബിർളയുടെകൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന ചിത്രവും റിപ്പോർട്ടും മാതൃഭൂമി പേജ് ഒന്നിൽ കാണാൻ കഴിഞ്ഞു. ആദ്യമായി പാർലമെന്റിലേക്ക് കടക്കുന്ന ദിവസം പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിന്റെ പടിവാതിൽക്കൽ മുട്ടുമടക്കി മുത്തമിട്ടത് ഓർക്കുന്നു. പാർലമെന്റിന്റെ പരിപാവനത്വം ചൂണ്ടികാട്ടാനായിരുന്നു അത്. എന്നാൽ, പിന്നിട് സഭ പലപ്പോഴായി ബഹളംവെച്ച് പിരിയുന്നതിൽ ആർക്കും വിഷമം കണ്ടില്ല
ക്വിറ്റിന്ത്യാസമരത്തിന്റെ സുവർണജൂബിലി ആഘോഷവേളയിൽ അർധരാത്രി സഭ സംയുക്തസമ്മേളനം നടത്തി പ്രതിജ്ഞയെടുത്ത് പ്രമേയം പാസാക്കിയതായിരുന്നു സഭയുടെ സമയം വെറുതേ പാഴാക്കില്ല എന്ന്. എന്നാൽ, അതിലെ മഷിയുണങ്ങുംമുമ്പ് ബഹളം സ്ഥിരം പരിപാടിയായി. എത്ര ശബ്ദായമാനമായ അന്തരീക്ഷത്തിലും ഇന്ദ്രജിത് ഗുപ്തയും ചന്ദ്രശേഖറും സഭയിലുണ്ടായിരുന്ന സമയങ്ങളിൽ അവർ എഴുന്നേറ്റുനിന്നാൽത്തന്നെ സഭ നിശ്ശബ്ദമാവുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് നാം പഠിക്കേണ്ടതുണ്ട്. സഭയിൽ ഉന്നയിക്കുന്ന പല പ്രശ്നങ്ങൾക്കും കൃത്യമായി ഉത്തരം ലഭിക്കുന്നില്ലെന്ന പ്രതിപക്ഷാരോപണം സത്യസന്ധമാണെങ്കിൽ ബഹളംവെച്ച് പിരിയുന്നതിന്നുപകരം ഉത്തരം കിട്ടുന്നതുവരെ നിശ്ശബ്ദമായി സഭയിലിരിക്കുന്ന പുതിയ സമര മുറയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും. ശമ്പളവും ദിനബത്തയും സ്വയം വേണ്ടെന്നു വെക്കാനും തയ്യാറാവേണ്ടിവരും. എന്നിട്ടും ട്രഷറി ബെഞ്ചിന് കുലക്കമില്ലെങ്കിൽ സഭാംഗത്വം രാജിവെച്ച് രാജ്ഘട്ടിൽ പോയി ഉപവസിക്കുക എന്ന ത്യാഗത്തിന് തയ്യാറാവേണ്ടിവരും. വിവരവും വിവേകവുമുള്ളവർക്ക് വിഹരിക്കാനുള്ള രംഗമാണ് രാഷ്ട്രീയം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..