പി. കൃഷ്ണകുമാർ, തൃശ്ശൂർ
വന്ദേഭാരത് കേവലം മറ്റൊരു തീവണ്ടിയല്ല. പൂർണമായും തദ്ദേശീയമായി രൂപകല്പനചെയ്ത് നിർമിച്ച ഒരു ‘ട്രെയിൻ സെറ്റ്’ ആണിത്. എമു, മെമു എന്നിവപോലെ പ്രത്യേക എൻജിൻ ആവശ്യമില്ലാത്ത, വികേന്ദ്രീകൃത ട്രാക്‌ഷൻ സംവിധാനത്തിൽ ഓടുന്ന ഒരു ആധുനികവണ്ടി. വേഗം, സൗകര്യം, സുരക്ഷ, ഊർജക്ഷമത തുടങ്ങി എല്ലാമേഖലകളിലും മികച്ചതും നമ്മുടെ നാടിന് യോജിച്ചതുമായ ഒരുവണ്ടി.
നിലവിൽ നമ്മുടെ നാട്ടിലെ തീവണ്ടിപ്പാതകൾ ഇത്തരമൊരു ആധുനികതീവണ്ടി ഓടാൻ തക്കവണ്ണം നവീകരിക്കപ്പെട്ടിട്ടില്ലയെന്നത് വസ്തുതയാണ്. ഇനി വരാൻപോകുന്ന ഏറ്റവുംപുതിയ തലമുറ വന്ദേഭാരത് എക്സ്പ്രസുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർവരെ വേഗത്തിൽ ഓടാൻ കഴിയുമെങ്കിലും ഇന്ന് ഇന്ത്യയിൽ ഒരുറൂട്ടിൽ മാത്രമാണ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ വണ്ടികൾക്ക് അനുവാദമുള്ളത്. മറ്റുപലയിടങ്ങളിലും അനുവദനീയമായ വേഗം 130, 110, 100, 90 എന്നിങ്ങനെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതിനാൽ, നിലവിലെ ട്രാക്കുകളുടെ നവീകരണം ഇനി അത്യന്താപേക്ഷിതമായി മാറുകയാണ്.
കേരളത്തിലെ തീവണ്ടിപ്പാതകൾ ശേഷി വർധിപ്പിച്ചുകൊണ്ട് നവീകരിക്കണമെന്നും ലൂപ്പ് ലൈൻ സ്പീഡ് കൂട്ടണമെന്നും ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം നടപ്പാക്കണമെന്നും ഏറ്റവുംതിരക്കേറിയ എറണാകുളം-ഷൊർണൂർ മേഖലയിൽ മൂന്നും നാലും പാതകൾ വേണമെന്നും ഒട്ടേറെ വർഷങ്ങളായി തീവണ്ടിയാത്രക്കാർ ആവശ്യപ്പെട്ടുവരുന്നുണ്ട്. വന്ദേഭാരതിന്റെ വരവോടെ കാര്യങ്ങൾ മാറുകയാണ്. അതുകൊണ്ടാണ് മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് റെയിൽവേ ഇപ്പോൾ വേഗം വർധിപ്പിച്ചിരിക്കുന്നത്. ഇനിയത് റെയിൽവേയുടെ ആവശ്യമായിമാറുകയാണ്.
ഈ പ്രവൃത്തികൾ പൂർത്തിയായിക്കഴിയുമ്പോൾ വന്ദേഭാരതിന് മാത്രമല്ല, ഇവിടെ ഓടുന്ന പാസഞ്ചർ, മെമു, എക്സ്പ്രസ് വണ്ടികൾക്കും കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. അത്തരം വണ്ടികൾക്ക് ഇപ്പോൾത്തന്നെ മണിക്കൂറിൽ 110/130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്.
നമ്മുടെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നം. വന്ദേഭാരതിനുവേണ്ടി ആ പോരായ്മ പരിഹരിക്കപ്പെടുന്നതോടെ കേരളത്തിലോടുന്ന എല്ലാതീവണ്ടികളുടെയും വേഗം ഗണ്യമായി വർധിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..