എം.കെ. മൊയ്ദീൻ, തുറയൂർ
68 വയസ്സുകഴിഞ്ഞ ഒരാളുടെ കുറിപ്പാണിത്. മെഡിസെപ് സംബന്ധിച്ചുണ്ടായ തിക്തമായ അനുഭവം കുറിക്കട്ടെ. പനിയും കഫക്കെട്ടും ബാധിച്ച് മൂന്നാഴ്ചയോളം ചികിത്സയിലായ ഞാൻ ഗ്രാമത്തിലെ ഫാമിലി ഹെൽത്ത് സെന്ററിലെ ചികിത്സയെത്തുടർന്ന് സഹകരണ ആശുപത്രിയിൽ മൂന്നുദിവസം ചികിത്സതേടി. താത്കാലിക ആശ്വാസത്തെത്തുടർന്നാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. അവിടെ എനിക്ക് മെഡിസെപ് ആനുകൂല്യം ലഭിച്ചിരുന്നു. അസുഖം പൂർണമായി ഭേദമാകാത്തതിനാൽ, രണ്ടുവർഷംമുമ്പ് കോവിഡ് ബാധിച്ച എനിക്ക് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ വിദഗ്ധചികിത്സ തേടേണ്ടിവന്നു. മെഡിസെപ് എംപാനൽഡ് ആശുപത്രി എന്ന നിലയ്ക്കാണ് പ്രസ്തുത ആശുപത്രിയിൽ പൾമനോളജി ഡിപ്പാർട്‌മെന്റിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
മൂന്നുദിവസത്തെ ആശുപത്രിവാസത്തിനുശേഷം തുടർചികിത്സ നിർദേശിക്കപ്പെട്ട എനിക്ക് വളരെകനത്ത ആശുപത്രി ബില്ല് അടയ്ക്കേണ്ടിവന്നു. മെഡിസെപ് ആനുകൂല്യത്തിന് അർഹത തേടിയപ്പോൾ ജനറൽ മെഡിസിൻപോലുള്ള ചില വകുപ്പിൽമാത്രമേ മെഡിസെപ് ആനുകൂല്യം ലഭിക്കൂ എന്നും പൾമനോളജി പോലുള്ള ഡിപ്പാർട്‌മെന്റ് അത്തരം ആനുകൂല്യങ്ങൾക്കു പുറത്താണ് എന്നുമാണ് ആശുപത്രിയധികൃതർ വിശദീകരിച്ചത്. കോവിഡ് പോലുള്ള മഹാമാരിയെ അതിജീവിച്ച, എന്നെപ്പോലെ സായംസന്ധ്യയിൽ എത്തിയ പെൻഷൻകാർക്ക് ശ്വാസകോശം സംബന്ധമായ രോഗം ബാധിച്ചാൽ അതിനുള്ള വിദഗ്ധചികിത്സയ്ക്ക് അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുന്നത് ക്രൂരതയാണ്. ഏറെ കാത്തിരുന്ന മെഡിസെപ് ആനുകൂല്യം സാർവത്രികമായി നടപ്പാക്കിയാൽമാത്രമേ പെൻഷൻകാർക്കും ജീവനക്കാർക്കും പ്രയോജനം ലഭിക്കൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..