എം.വി. ജയകുമാരൻ, പൂജപ്പുര, തിരുവനന്തപുരം
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നത് സന്തോഷകരമാണ്. എന്നാൽ, ഈ മഹത്തായ പ്രസ്ഥാനത്തിന് രൂപംനൽകിയ മുൻ വകുപ്പുമന്ത്രി പാലോളി മുഹമ്മദ് കുട്ടിയെ വിസ്മരിച്ചു കൊണ്ടുള്ള ഒരാഘോഷത്തിനും ന്യായീകരണമില്ല.
പാവപ്പെട്ട ഒരു സ്ത്രീയുടെ കണ്ണീരനുഭവത്തിൽ നിന്നാണ് സ്ത്രീകൾക്കുമാത്രമായി ഒരു പദ്ധതി തുടങ്ങണമെന്ന് പാലോളി തീരുമാനിച്ചത്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളെയും ഉൾക്കൊള്ളണമെന്നും അവരുടെ സാമ്പത്തിക ശാക്തീകരണമായിരിക്കണം പ്രധാന ലക്ഷ്യമെന്നും അദ്ദേഹം നിർദേശിച്ചു. പാലോളിയുടെ ആഗ്രഹത്തിന്റെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീ രൂപം കൊണ്ടത്.
ഇതിന്റെ പ്രവർത്തനത്തിൽ ഒരു ഇടപെടലും പാടില്ലെന്നും ഉദ്യോഗസ്ഥർക്ക് പൂർണസ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. 5 വർഷത്തേക്ക് ഉദ്യോഗസ്ഥരെ മാറ്റരുതെന്നും കർശന നിലപാടെടുത്തു. അങ്ങനെ കുടുംബശ്രീയെ പാലോളി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. ആ കരുതലാണ് കുടുംബശ്രീയുടെ വളർച്ചയ്ക്ക് സഹായകമായത്. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയെ ഏറെ ആകർഷിച്ചത് കുടുംബശ്രീ എന്ന പേരാണ്. അദ്ദേഹം ഈ പദ്ധതിയെക്കുറിച്ച് രാജ്യത്തെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തയക്കുകയുണ്ടായി. ഉദ്‌ഘാടന സമ്മേളനത്തിൽ വാജ്‌പേയി 96 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചു. 25-ാം വാർഷികത്തിൽ ഈ പ്രസ്ഥാനത്തിന്റെ ജീവത്മാവും പരമാത്മാവുമായി പ്രവർത്തിച്ച പാലോളിയെ ഓർക്കാതെ പോയത് കൃതഘ്‌നതയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..