മുഹമ്മദ് ഷഫീഖ്, കല്പറ്റ
ഗോത്രവിഭാഗമായ പണിയരുടെ ജീവിതത്തിന്റെ നേർചിത്രമാണ് നീനുമോഹൻ ‘അറിയപ്പെടാത്തൊരു വംശഹത്യ’യിലൂടെ വരച്ചുകാട്ടിയത്. ഭരണകൂടങ്ങൾ കണ്ണുതുറന്ന് കണ്ടിട്ടും പരിഹരിക്കാത്തതിന്റെ പരിണതഫലമാണ് പണിയവിഭാഗം മനുഷ്യരുടെ അകാലത്തിലുള്ള അപ്രത്യക്ഷമാകൽ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വർഷാവർഷം ആദിവാസികളുടെ സമഗ്രപുരോഗതി എന്ന തലക്കെട്ടിൽ ഒഴുക്കുന്ന കോടികൾ എങ്ങോട്ടുപോകുന്നു എന്നത് സ്വയം പരിശോധിക്കാൻ അവർ തയ്യാറാകണം. വിവിധ പദ്ധതികൾ പ്രകാരം സർക്കാർ വീടുകൾ നിർമിച്ചുനൽകുന്നുണ്ടെങ്കിലും ആദിവാസികൾക്കായി നിർമിച്ചുനൽകുന്ന കോൺക്രീറ്റ് കൂരകൾ മാത്രമാണ് ഒരു വർഷം പിന്നിടുമ്പോഴേക്കും ചോരുന്നത്.
ഊരും അതിന്റെ സാമൂഹിക ചുറ്റുപാടിലുമുള്ള ആവാസവ്യവസ്ഥയിൽനിന്ന് പുനരധിവാസത്തിന്റെപേരിൽ ഗോത്രവിഭാഗങ്ങളെ പറിച്ചുനടുന്നതും ഇവരോട് ചെയ്യുന്ന വലിയ ദ്രോഹമാണ്.
അവർക്ക് അവരുടേതായ ചുറ്റുപാടിൽ മറ്റുള്ളവർക്ക് സമാനമായ ജീവിതാവസരം ഒരുക്കുകയാണുവേണ്ടത്. ഗോത്രവിഭാഗങ്ങളുടെ വിവരശേഖരണത്തിന്റെ പൊളിച്ചെഴുത്താണ് ആദ്യം ചെയ്യേണ്ടത്. ഏറ്റവും അടിത്തട്ടിലുള്ളവരെയും പൊതുസമൂഹത്തിനൊപ്പം സാമൂഹികമായി മെച്ചപ്പെട്ടരീതിയിൽ കഴിയുന്നവരെയും ആദിവാസി എന്ന ഒറ്റ ലേബലിൽ ഒതുക്കി വിവരശേഖരണം നടത്തുന്നതിലൂടെ പണിയവിഭാഗം ഉൾപ്പെടെയുള്ളവരുടെ അവസ്ഥ പുറംലോകത്തെത്തുന്നത് തടയുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്.
സമൂഹത്തിലെ താഴേത്തട്ടിലുള്ളവർ എല്ലാകാലത്തും അങ്ങനെത്തന്നെ മതി എന്ന ദുഷ്ടലാക്കുള്ള ചിന്തയാണ് പണിയരെപ്പോലെ മറ്റു ശോച്യാവസ്ഥയിലുള്ള വിഭാഗങ്ങളുടെ നിലനിൽപ്പും അപകടത്തിലാക്കുന്നത്.
Content Highlights: peolples voice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..