ഇതെന്തു മാതൃക


-അഡ്വ. കെ.എം. മാത്യു, ഓച്ചിറ

എൻ.എച്ച്.-66ന്റെ വികസനത്തിനായുള്ള പണികൾ പുരോഗമിക്കവേ, സാരമായുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ പരക്കേ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഹൈവേ അതോറിറ്റിയും സംസ്ഥാന പരിസ്ഥിതിവകുപ്പും ബന്ധപ്പെട്ട അധികാരികളും ‘കണ്ടില്ല, അറിഞ്ഞില്ല, ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല’ എന്നു നടിക്കുന്നതായി കാണാനിടവരുന്നത് ഖേദകരമാണ്.
പൊളിച്ചുമാറ്റലിലൂടെ സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങളിൽ തടിയും കമ്പിയും ഒഴികെയുള്ളവ, റോഡ് വികാസത്തിന് അടിസ്ഥാനപരമായി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ റോഡ് കോൺഗ്രസുതന്നെ നിർദേശിച്ചിട്ടുള്ളതാണ്. എന്നാൽ, അവ അപ്രകാരം ഉപയോഗപ്പെടുത്താതെ, ആവശ്യക്കാർക്ക് വിലയ്ക്കു വാങ്ങാവുന്ന അവസരം സൃഷ്ടിച്ചിരിക്കുന്നു. ഇത്, ഏതോ കിട്ടാക്കനി കണക്കേ ജനങ്ങൾ കടത്തിക്കൊണ്ടുപോയി, തണ്ണീർത്തടങ്ങളിലും ജലാശയങ്ങളിലും നെൽപ്പാടങ്ങളിലുമെല്ലാം തള്ളി, മണ്ണിനും മത്സ്യസമ്പത്തിനും ജലസമ്പത്തിനും നെല്ലുത്പാദനത്തിനുമെല്ലാം കടുത്ത ആഘാതം സൃഷ്ടിക്കുന്നു. ഇങ്ങനെ, ഇഷ്ടികയും മെറ്റലും മണലും കോൺക്രീറ്റ് കഷണങ്ങളുമെല്ലാം ചേർന്നുള്ള അവശിഷ്ടങ്ങൾ കാശാക്കുന്നതിന്റെ ഫലമായി ലെവലിങ്ങിനാവശ്യമായ മണ്ണിനായി പുറത്തുള്ള കൂടുതൽ മലകളും കുന്നുകളും ഇടിച്ചുനിരത്തേണ്ടിവരും. ഇത് പരിസ്ഥിതിയെ കൂടുതൽ ദുർബലപ്പെടുത്തും.
ഹൈവേയ്ക്ക് ഇരുവശവുമുള്ള ആയിരക്കണക്കിന് വൻമരങ്ങൾ വെട്ടുന്നതിലൂടെ അന്തരീക്ഷോഷ്മാവ് അപകടകരമാംവിധം അധികമാകുന്നു. വെട്ടിമാറ്റുന്ന മരങ്ങളുടെ ഒട്ടേറെ മടങ്ങ് മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്, ഏതു തരത്തിൽ, എന്നാണ്, ദേശീയ ഹൈവേ അതോറിറ്റി നടപ്പാക്കുന്നതെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. അതുപോലെ, ­വികസിപ്പിച്ചെടുക്കുന്ന പുതിയ റോഡിന്റെ ഇരുവശവും എത്ര അകലത്തിൽവരെമാത്രം നിർമാണപ്രവർത്തനങ്ങൾ നടത്താം എന്നതിനും വ്യക്തതയില്ല.

Content Highlights: peoples voice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..