എന്തിനീ തോൽവി


അബ്ദുൾ ഹക്കീം ആർ.എം.,
അധ്യാപകൻ
കാലിക്കറ്റ്‌ ഗേൾസ്‌
ഹയർസെക്കൻഡറി സ്കൂൾ

ബുധനാഴ്ചയിലെ പത്രത്തിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും; പ്ളസ്‌ടു വിജയക്കണക്കുകളുടെ തൊട്ടടുത്ത്‌ ചരമക്കോളത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹയർസെക്കൻഡറി പരീക്ഷയിൽ തോറ്റ വിഷമംകാരണം രണ്ടു വിദ്യാർഥിനികൾ ആത്മഹത്യ ചെയ്തു. ദാരുണ സംഭവം. രണ്ടും തൂങ്ങിമരണം. ഒരാൾ ഇരിങ്ങാലക്കുടയിൽ. ഒരാൾ അമ്പലപ്പുഴയിലും.
ഈ മക്കളോട്‌ ഒരു ആശ്വാസവാക്ക്‌ പറയാൻ നമുക്ക്‌ നേരംകിട്ടിയില്ലല്ലോ. അവരെ ശ്രദ്ധിക്കാൻ നമുക്ക്‌ കഴിഞ്ഞില്ലല്ലോ. ഒരുപക്ഷേ, ഈ ആത്മഹത്യക്കണക്ക്‌ വരുംദിവസങ്ങളിൽ കൂടാൻ സാധ്യതയുണ്ട്‌. അങ്ങനെ ഉണ്ടാവല്ലേ എന്ന്‌ നമുക്കു പ്രാർഥിക്കാം.
മഹാഭൂരിപക്ഷവും ജയിക്കുമ്പോൾ തോൽക്കാൻ വിധിക്കപ്പെട്ട ഏതാനും ചിലർ നിരാശയുടെ പടുകുഴിയിൽ അകപ്പെടുന്നു. ഭൂരിപക്ഷം വിദ്യാർഥികളും ജയിക്കുമ്പോൾ എന്തിന്‌ ഇവരോടുമാത്രം ഈ ക്രൂരത. അതും ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിന്റെ വിത്യാസത്തിനുമാത്രം. മാർക്ക്‌ മാനദണ്ഡമാക്കിയുള്ള വിജയപരാജയ കണക്കുകൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പത്തുവർഷം അല്ലെങ്കിൽ പന്ത്രണ്ടുവർഷം സ്കൂളിൽ പഠിച്ചിട്ട്‌ ഒന്നോ രണ്ടോ മാർക്കിന്റെ കുറവുകൊണ്ട്‌ അവരുടെ വിദ്യാഭ്യാസനിലവാരം അളക്കുന്നതിന്റെ ശാസ്ത്രീയത എന്താണ്‌. മാർക്കുനേടി വിജയിക്കുന്നതാണോ അന്തിമവിജയം.
ഒരു ക്ളാസിലെ എല്ലാ വിദ്യാർഥികളെയും അവർക്കുവേണ്ട രീതിയിലുള്ള ശ്രദ്ധയും കരുതലും സ്നേഹവും കൊടുത്ത്‌ പഠനം മെച്ചപ്പെടുത്താൻ അധ്യാപകർക്ക്‌ കഴിയുന്നുണ്ടോ? ഓരോ ക്ളാസിലെയും വിദ്യാർഥിബാഹുല്യവും സിലബസിന്റെ സങ്കീർണതയും സമയക്കുറവും അതിന്‌ തടസ്സമാകുന്നില്ലേ? പിന്നെ എന്തിനാണീ മാർക്കിന്റെ മാനദണ്ഡംവെച്ച്‌ വിദ്യാർഥികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്നത്‌? ഇതിന്‌ ഒരു അവസാനമുണ്ടാകേണ്ടത്‌ വളരെ അത്യാവശ്യമല്ലേ?
മുൻകാലങ്ങളിൽ തോറ്റാൽ ഒരുവർഷം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സേ (സേവ്‌ എ ഇയർ) പരീക്ഷയെഴുതി ഒരുവർഷം നഷ്ടപ്പെടാതെ അടുത്ത കോഴ്‌സിന്‌ ചേരാൻ സാധിക്കും. തോറ്റവർ ഒരുമാസംകൊണ്ട്‌ ജയിക്കുന്ന മാന്ത്രികവിദ്യ. പിന്നെ തോൽപ്പിക്കുന്നതിൽ എന്തർഥമാണുള്ളത്‌? തോൽപ്പിക്കുന്നതിലൂടെ ആത്മഹത്യയിലേക്കുള്ള വഴി നമ്മൾ തുറന്നുവെക്കുന്നു. എല്ലാവരും ജയിക്കട്ടെ, പരാജയം എന്ന വാക്കുതന്നെ ഇല്ലാതാകട്ടെ. എല്ലാവരെയും ഉന്നതമാർക്കും ഗ്രേഡും നൽകി ജയിപ്പിക്കണമെന്നല്ല. ഒരു വാതിൽ തുറന്നുകൊടുത്താൻ മതി. പരാജയപ്പെട്ടു എന്ന നിരാശയിൽനിന്ന്‌ നമ്മുടെ പിഞ്ചുപൈതങ്ങൾ രക്ഷപ്പെടട്ടെ.

Content Highlights: peoples voice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..