ബന്ദ്‌ പോയി, ഹർത്താൽ വന്നു


ഡോ. ഹനീഷ് ബാബു, അജ്മാൻ, യു.എ.ഇ.
ബുധനാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ഹരമായി മാറിയ ഹർത്താൽ’ എന്ന ലേഖനം വായിച്ചപ്പോൾ മൂന്നുപതിറ്റാണ്ടുമുമ്പ്‌ (1994-ൽ) ബന്ദിനെതിരേ ഞാനെഴുതി പ്രസിദ്ധീകരിച്ച ഒരു കത്ത് ഓർമവന്നു. ഒരു സാധാരണക്കാരൻ എന്ന നിലയിൽ അന്നെനിക്ക് തോന്നിയ സംശയങ്ങൾ ഇന്നും പ്രസക്തമാണെന്ന് തോന്നുന്നു. ബന്ദ് നിരോധിക്കപ്പെട്ടെങ്കിലും ഹർത്താലുകൾ അതേ രൂപത്തിലും ഭാവത്തിലും ആവർത്തിക്കുകയാണ്. തൊഴിൽചെയ്ത് ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാനുമുള്ള പൗരാവകാശത്തെ ചവിട്ടിമെതിക്കാൻ രാഷ്ട്രീയക്കാർക്ക് ആരാണ് അധികാരം നൽകിയത്? പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരുദിവസത്തെ ഉത്പാദനസ്തംഭനംകാരണമുണ്ടാകുന്ന ശതകോടിക്കണക്കിനുള്ള നഷ്ടത്തിനു ആരാണുത്തരവാദി? പണിമുടക്കി സമരംചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തെ ആരും ചോദ്യംചെയ്യുന്നില്ല. പക്ഷേ, മറ്റുള്ളവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കണം എന്നുമാത്രം.

ഇപ്പോൾ വേണോ ഈ ശമ്പളവർധന
ബേബി പാറക്കാടൻ,
ഗാന്ധിയൻ ദർശനവേദി, പുന്നപ്ര
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ല. വിരമിച്ച ജീവനക്കാർക്ക് പെൻഷൻ എന്നു കൊടുക്കുമെന്ന് നിശ്ചയമില്ല. സാമൂഹിക പെൻഷനുകൾ വിതരണം ചെയ്യാനും പണമില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കും മഹാരോഗങ്ങൾകൊണ്ട് വേദനിക്കുന്നവർക്കുമൊക്കെ സഹായധനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. കൃഷിക്കാർക്ക് സംഭരണവിലയിലെ കുടിശ്ശികകൾ, നഷ്ടപരിഹാരത്തുകകൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഒന്നും നൽകാൻ പണമില്ല. ഇതിനിടയിലാണ് മന്ത്രിമാർക്കും എം.എൽ.എ.മാർക്കും ശമ്പളവും അലവൻസും കൂട്ടാനുള്ള സർക്കാർനീക്കം. 2018-ലാണ് അവസാനമായി വർധിപ്പിച്ചത്. കുറഞ്ഞപക്ഷം സർക്കാർജീവനക്കാർക്ക് ബാധകമായ അഞ്ചുവർഷമെങ്കിലും മന്ത്രിമാർക്കും മാതൃകയാക്കാമായിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തികനില പരിഗണിച്ച് ഈ നീക്കത്തിൽനിന്ന് ജനപ്രതിനിധികൾ പിന്മാറണം.

Content Highlights: peoples voice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..