മുതിർന്നവരുടെ ക്ഷേമം ഉറപ്പാക്കണം


- ജോസി വർക്കി, മുളന്തുരുത്തി
ഇന്ത്യയിൽ ഭരണഘടനപ്രകാരം മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007- ൽ പാസാക്കിയതാണ്. നമ്മൾ എല്ലാവർഷവും വയോജനദിനം ഗംഭീരമായി ആചരിക്കുന്നു, ആഘോഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിരേഖയിലും വയോജനസംരക്ഷണം ഒരു പ്രധാന അജൻഡയാണ്. എന്നാൽ, ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ യഥാർഥ അവസ്ഥയെന്താണ്? സംരക്ഷണവും ക്ഷേമവും പോയിട്ട് അല്പം കരുണകാണിക്കാൻ സർക്കാരുകൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല? 60 വയസ്സ് കഴിഞ്ഞാൽ മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ ലഭ്യമാക്കണമെന്നാണ് നിയമം. 60 പോയിട്ട് 70 വയസ്സ് കഴിഞ്ഞാലെങ്കിലും അല്പം കരുതൽ വയോജനങ്ങളോട് കാണിക്കണ്ടേ? 60, 70, 80 എന്നിങ്ങനെ ഓരോ നാഴികക്കല്ലുകൾെവച്ച് പ്രായം കൂടുന്തോറും കൂടുതൽ കരുതൽ, ക്ഷേമപദ്ധതികൾ, പെൻഷൻ, ആനുകൂല്യങ്ങൾ കിട്ടുന്ന രീതിയിൽ സർക്കാർ സംവിധാനം ഒരുക്കിയാൽ സമൂഹത്തിന് വയോജനങ്ങളോടുള്ള കാഴ്ചപ്പാട് പാടേ മാറും. എന്നാൽ, നിലവിലെ സ്ഥിതി വളരെ മോശമാണ്. സർക്കാർ ആശുപതികളിൽ ഒ.പി. ടിക്കറ്റുപോലും ഫ്രീയല്ല, അവർക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ സാധിക്കില്ല, ഒരു അംഗീകൃത ബാങ്കിൽനിന്നും സഹകരണസംഘത്തിൽനിന്നും ലോണെടുക്കാൻ സാധിക്കില്ല, പ്രായാധിക്യത്താൽ പലർക്കും ജോലിചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ല. എന്നാൽ, മരിക്കുന്നതുവരെ എല്ലാ വയോജനങ്ങളും അവർ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധനങ്ങൾക്ക്, സേവനങ്ങൾക്ക് നികുതി സർക്കാർ ഖജനാവിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു. ഒരു ജീവിതകാലം മുഴുവൻ അധ്വാനിക്കുകയും നാടിനുവേണ്ടി, രാജ്യത്തിനുവേണ്ടി, കുടുംബത്തിനുവേണ്ടി വിയർപ്പൊഴുക്കുകയുംചെയ്ത മുതിർന്ന പൗരന്മാർക്ക് നീതി ലഭ്യമാക്കാൻ സമൂഹവും സർക്കാരുകളും ബാധ്യസ്ഥരാണ്. വയോജനസംരക്ഷണം ഉറപ്പുവരുത്താത്ത ഒരു സമൂഹവും പുരോഗതി കൈവരിച്ചതായി അഭിമാനിക്കാൻ കഴിയില്ല.

കെ-റെയിൽ: മന്ത്രിമാർ മാപ്പുപറയണം
- കെ.എ. സോളമൻ, എസ്.എൽ. പുരം
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനായി കെ-റെയിൽ ഓഫീസുകളിലേക്ക് നിയമിച്ച സംസ്ഥാന സർക്കാർ ജീവനക്കാരെ പഴയ ലാവണത്തിലേക്ക് തിരിച്ചയയ്ക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി. അസംഭവ്യവും ഉപയോഗശൂന്യവുമായ പദ്ധതിക്കായി ജീവനക്കാരുടെ സേവനം ഇനിയും പാഴാക്കുന്നത് ബുദ്ധിശൂന്യമാണ്. എൽ.ഡി.എഫ്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായി ഉയർത്തിക്കാട്ടി, പാതയ്ക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് പരിധിയില്ലാത്ത ദുരിതങ്ങൾ സൃഷ്ടിച്ചുകൊണ്ട്, പൊതുപണം തട്ടിയെടുക്കാൻ കണ്ടുപിടിച്ചതായിരുന്നു കെ-റെയിൽ. ഇന്ത്യൻ റെയിൽവേ സമാന്തര പാത നിലനിർത്തുമ്പോൾ സെമി-റാപ്പിഡ് ട്രെയിൻ പദ്ധതി ആവശ്യമില്ലാത്ത ഒരു സംരംഭമാണ്. കെ-റെയിലിനുവേണ്ടി കല്ലിട്ടതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയാണ് സർക്കാർ ഇനി ചെ​േയ്യണ്ടത്. സമരം ചെയ്തവർക്കെതിരേ ചുമത്തിയ എല്ലാ ക്രിമിനൽ കേസുകളും പിൻവലിക്കണം. ജനങ്ങളെ കഷ്ടപ്പെടുത്തിയതിന് മന്ത്രിമാർ മാപ്പ് പറയുകയും വേണം.

തരൂരിന്റെ നീക്കം അനാദരം
- എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകാൻ ശശി തരൂർ കോഴിക്കോട്ടുനിന്ന്‌ ആരംഭിച്ച പര്യടനം സത്യത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ അദ്ദേഹം നടത്തുന്ന ഒറ്റയാൾ കലഹത്തിന്റെ തുടക്കമായേ കാണാനാവൂ. ശശി തരൂർ ഇപ്പോൾ അലങ്കരിക്കുന്ന എം.പി. സ്ഥാനം കോൺഗ്രസ് പാർട്ടിയുടെ മേൽവിലാസത്തിലുള്ളതാണ്. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പിൻബലത്തിൽ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചിട്ട്, ആ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്തരത്തിൽ പെരുമാറുന്നത് അനാദരവും നന്ദികേടുമാണ്. പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചുതോറ്റിട്ടും ലഭിച്ച അപ്രതീക്ഷിത പിന്തുണയായിരിക്കാം ശശി തരൂരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇപ്പോൾ ശശി തരൂർ നടത്തുന്ന നീക്കങ്ങൾ ഭാവിയിൽ അദ്ദേഹത്തിനുതന്നെ വിനയായി വരുമെന്ന് തീർച്ചയാണ്. ഒരുകാലത്ത് കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്ന കെ. കരുണാകരൻ പാർട്ടിവിട്ടുപോയിട്ട് എന്തുസംഭവിച്ചെന്നത് നമ്മൾ കണ്ടതാണ്.

ജനവിരുദ്ധ നഗരസഭകൾ
- രമേശ് സി., റാന്നി
കഴിഞ്ഞദിവസം കൊച്ചിയിൽ അമ്മയോടൊപ്പം പോകവേ കാനയിൽ വീണ കുഞ്ഞ് അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവം വാർത്തയായപ്പോൾ പതിവുപോലെ നഗരസഭാ ഉദ്യോഗസ്ഥർ ഉണർന്നു. നമ്മുടെ നാട്ടിലെ നഗരസഭകൾ കൃത്യമായി നികുതിപിരിക്കുന്നതല്ലാതെ എന്തുസേവനമാണ് ഈ നാട്ടിലെ ജനങ്ങൾക്ക് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. കാന മൂടാൻ അപകടമുണ്ടാകേണ്ടിവന്നു. ഇതുപോലെയുള്ള പ്രശ്നങ്ങൾ കണ്ടറിഞ്ഞുചെയ്യാനല്ലേ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങി കുറെയധികം ഉദ്യോഗസ്ഥർ ഇവിടങ്ങളിൽ ജോലിചെയ്യുന്നത്. ഇത്തരത്തിൽ അടിസ്ഥാനവിഷയങ്ങൾപോലും കൃത്യമായി കൈകാര്യംചെയ്യാൻ കെൽപ്പില്ലാത്ത നഗരസഭകളാണ് കേരളത്തിന്റെ തീരാശാപം.

Content Highlights: peoplesvoice

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..