ഡോക്ടർമാർക്കുനേരെയുള്ള അക്രമങ്ങൾക്ക് തടയിടണം


2 min read
Read later
Print
Share

എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
സംസ്ഥാനത്ത് ഡോക്ടർമാർക്കുനേരെയുള്ള അക്രമങ്ങൾ കൂടുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച രോഗിയുടെ ഭർത്താവിന്റെ ക്രൂരമർദനമേറ്റ വനിതാ ഡോക്ടറാണ് ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഇര. രോഗിയുടെ കൂടെയുള്ളവർ ഇത്തരത്തിൽ അക്രമം അഴിച്ചുവിടുകയാണെങ്കിൽ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാർ തയ്യാറാവാത്ത സ്ഥിതിവരും.
ഇത്തരം അക്രമികൾക്ക് നിയമപാലകരുടെ സംരക്ഷണം കിട്ടുന്നതുകൊണ്ടാണ് ഇതുപോലുള്ള അക്രമങ്ങൾ നാൾക്കുനാൾ കൂടിക്കൂടിവരുന്നത്. ഏതായാലും ഡോക്ടർമാർക്കുനേരെയുള്ള അക്രമങ്ങൾക്ക് തടയിടാൻ നമ്മുടെ നിയമ നീതിന്യായ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിച്ചേ മതിയാവൂ.

പാൽ വിലവർധനയെപ്പറ്റിത്തന്നെ
ലൂയിസ് സി.ടി, പന്തക്കൽ, കറുകുറ്റി.
ഒരു സാധാരണ ക്ഷീരകർഷകൻ അതിൽനിന്നുള്ള വരുമാനത്തിൽ മാത്രമാശ്രയിച്ച് ജീവിച്ചുപോകണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് ആറോ എട്ടോ കറവപ്പശുക്കളെ വളർത്തേണ്ടിവരും. ഇത്രയും പശുക്കളുള്ള ഒരു കർഷകനും അവന്റെ കുടുംബാംഗങ്ങളും 365 ദിവസവും -ഒരുദിവസംപോലും മുടങ്ങാതെ (അവന് അവധിയേയില്ല) ചുരുങ്ങിയത് പത്തുമണിക്കൂറെങ്കിലും ഇവയുടെ പരിപാലനത്തിന് മാറ്റിവെക്കണം. കറവയുടെ സമയം തെറ്റിയാലോ പാൽ കറക്കുന്നയാൾ മാറിയാൽപ്പോലും പശുക്കൾക്ക് പ്രശ്നങ്ങളുണ്ടാക്കും. പശുക്കൾക്ക് അസുഖംവന്നാൽ, പ്രസവമടുത്താൽ വീട്ടുകാരുടെ ഉറക്കംപോലും നഷ്ടപ്പെടും. ചാണകവും മൂത്രവുമായി എപ്പോഴും അടുത്തിടപഴകുന്നതുകൊണ്ട് അവനും കുടുംബാംഗങ്ങൾക്കും ഉണ്ടാക്കുന്ന അസ്വസ്ഥതകളും രോഗങ്ങളും വേറെ. കർഷകന്റെയും വീട്ടുകാരുടെയും ബുദ്ധിമുട്ടുകൾ നിൽക്കട്ടെ.
കഴിഞ്ഞ പാൽവിലവർധനയ്ക്കുശേഷം കാലിത്തീറ്റയ്ക്കുണ്ടായ വിലവർധനയും കൂലിവർധനയും താരതമ്യംചെയ്താൽ ഇപ്പോഴുള്ള വർധന നാമമാത്രമാണ്. ഏകദേശം 10 മുതൽ 12 ശതമാനം വരെമാത്രമാണ് പാലിന്റെ വില വർധിച്ചത്. കാലിത്തീറ്റയ്ക്കുമാത്രം 50 മുതൽ 80 ശതമാനംവരെ വില വർധിച്ചു. കാലികൾക്കുള്ള മരുന്നിനും മറ്റുമുള്ളവയ്ക്ക്‌ 100 ശതമാനത്തിലധികമാണ് വർധന. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 12 ശതമാനത്തിൽ കുറവ് വിലവർധന വന്ന നിത്യോപയോഗസാധനങ്ങൾ ഏതൊക്കയാണാവോ? അരിയുൾപ്പെടെയുള്ള പലതിനും ഏകദേശം ഇരട്ടിയോളം വിലവർധിച്ചുകഴിഞ്ഞു. കൂടുതൽ സാധനങ്ങളുടെ കാര്യം വിശദീകരിക്കുന്നില്ല.
ക്ഷീരകർഷകരെ സഹായിക്കാൻ കാലിത്തീറ്റയ്ക്ക്‌ സബ്‌സിഡിയും അവരുടെ പ്രവൃത്തികൾ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്താമെന്നുമുള്ള സർക്കാർവാഗ്ദാനങ്ങൾ എന്നേ മറന്നു.
‘എത്ര ലാഭംകിട്ടുമെന്ന നാടോടിക്കാറ്റ് സിനിമയിലെ ദാസനോടും വിജയനോടും പണിക്കരമ്മാവൻ പറഞ്ഞതുപോലെ – ഇച്ചിരി പിണ്ണാക്കും ഇച്ചിരി പരുത്തിക്കുര​ൂം ഇച്ചിരി തവിടും. ഇത്രേം കൊടുത്താൽപിന്നെ പാല് ശറപറാന്ന് കിട്ടുമെന്നും മുഴുവനും ലാഭമാണ് എന്നും’ വിശ്വസിച്ചിരിക്കുന്നവർ പറയുന്നതുപോലെത്തന്നെ ഇവിടത്തെ യുവജനത സമരം ചെയ്യണം. പറ്റുമെങ്കിൽ കുറെ ക്ഷീരകർഷകരുടെ വീട് ഉപരോധിക്കണം. തൊഴുത്തും തല്ലിപ്പൊളിച്ച്‌ പശുക്കളെ ആക്രമിച്ചോ, അഴിച്ചുവിട്ടോ കളയണം. ഇനി ഒരുത്തനും പശുവളർത്താൻ ധൈര്യപ്പെടരുത്. പിന്നെ ആരും പാൽവില വർധിപ്പിക്കാനാവശ്യപ്പെടുകയില്ല. നമ്മൾക്ക് കൃത്രിമപ്പാൽ കേരളത്തിനുവെളിയിൽനിന്ന്‌ കൊണ്ടുവരാം. അല്ലെങ്കിൽ പാൽപ്പൊടി ഇറക്കുമതി ചെയ്യാം. നെൽക്കർഷകനോട് ചെയ്തതുതന്നെ ക്ഷീരകർഷകനോടും ചെയ്യണം. പുതിയ കേരള മാതൃക ‘ക്ഷീര വിപ്ലവം’ ജയിക്കട്ടെ!.

Content Highlights: peoplesvoice

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..