കെ.എം. ശങ്കരൻ വാര്യർ, കടന്നപ്പള്ളി
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പാലങ്ങളുടെ അപ്രോച്ച് റോഡിനും കുഴികൾ നികത്താനും വയലുകളിൽ റോഡ് ലെവൽ ഉയർത്താനും മറ്റുമായി വൻതോതിൽ മണ്ണിട്ടുയർത്തുന്ന പണികൾ പലയിടങ്ങളിലും പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിൽ റോഡിനായി നിർമിക്കുന്ന മണ്ണുഭിത്തികൾ (Embankments) തട്ടുതട്ടുകളായി നിർമിക്കണമെന്നാണ് പൊതുമരാമത്തുവകുപ്പിന്റെയും റെയിൽവേയുടെയും മറ്റും മാന്വൽ നിർദേശിക്കുന്നത്.
ഒമ്പതിഞ്ച് കനത്തിൽ ലൂസ് മണ്ണിട്ട് നിരത്തി അത് റോളർ ഉപയോഗിച്ച് കംപാക്ട് ചെയ്ത്, ആവശ്യമായ ഗുണനിലവാരപരിശോധന പൂർത്തിയാക്കിയിട്ടുവേണം അതിനുമുകളിൽ അടുത്ത ലെയറിനായി മണ്ണിടാൻ. ഒമ്പതിഞ്ച് കനത്തിൽ ഇട്ട ലൂസ് മണ്ണ് റോളർ ഉപയോഗിച്ച് കംപാക്ട് ചെയ്താൽ അത് ആറിഞ്ചുകനത്തിലുള്ള ലെയറായിമാറും.
നിർമാണത്തിനായി ഉപയോഗിക്കുന്ന മണ്ണിന്റെ സാംപിൾ ലബോറട്ടറിയിൽ മുൻകൂട്ടി പരിശോധിച്ച് ആ മണ്ണിന്റെ പരമാവധി ഘനത, പരമാവധി ഘനത ലഭിക്കാനാവശ്യമായ ജലാംശം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. ജലാംശം കുറവാണെങ്കിൽ വാട്ടർടാങ്കർ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്തതിനുശേഷമാണ് റോളർ ഓടിച്ച് ഉറപ്പിക്കുന്നത്. മണ്ണിന്റെ പരമാവധി ഘനതയുടെ 95 ശതമാനം ഓരോ ലെയറിലും ഉറപ്പാക്കിവേണം നിർമാണം തുടരാൻ. ഓരോ ലെയറിലും ഗുണനിലവാരപരിശോധന ആവശ്യമാണ്.
ഒരുമീറ്റർ ഉയരത്തിൽ ലൂസ് മണ്ണിട്ട് നിരത്തി റോളർ ഉപയോഗിച്ച് മുകളിൽ കംപാക്ട് ചെയ്താൽ താഴെയുള്ള മണ്ണ് ലൂസായിത്തന്നെ കിടക്കും. മഴക്കാലത്ത് സെറ്റിൽമെന്റുണ്ടായി റോഡിൽ വിള്ളൽ വീഴാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ കൂടുതൽ ഉയരത്തിൽ മണ്ണിട്ടുയർത്തിയ സ്ഥലങ്ങളിൽ ഒരു മഴക്കാലത്തിനുശേഷം ടാർ ചെയ്യുന്നതാണ് സുരക്ഷിതം. എന്നിരുന്നാലും മഴക്കാലത്തിനുശേഷം സംഭവിക്കുന്ന സ്വാഭാവിക കൺസോളിഡേഷൻ നിമിത്തം മണ്ണിന്റെ പരമാവധി ഘനതയിലെത്താൻ പറ്റില്ല. അതിനായി തട്ടുതട്ടുകളായി(Layer by layer) മണ്ണിട്ടുയർത്തുകതന്നെ വേണം.
Content Highlights: peoplesvoice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..