കഥകളിപ്പദത്തിലെ സ്ത്രീപഥം


ദീപ പാലനാട്

കോട്ടയം: മനോധർമത്തോടെ അരങ്ങിലാടുന്ന പ്രഗത്ഭ നടന്മാരുടെ പിന്നിൽ കഥകളിപ്പദവുമായി ദീപ പാലനാട്. ഭാവഗരിമ ചോരാതെ കഥകളിവേദിയിലെ ശബ്ദസൗന്ദര്യമായി. വേദികളിൽ പുരുഷശബ്ദം മാത്രം കഥകളിസംഗീതത്തിൽ പരിചയിച്ച ആസ്വാദകർക്കിടയിലേക്ക് ഈ സ്ത്രീശബ്ദമെത്തിയിട്ടിപ്പോൾ 23 വർഷം. പിന്നിട്ടത് നൂറുകണക്കിന് വേദികൾ.

അധ്യാപനരംഗത്തെ തിരക്കുകൾക്കിടയിൽനിന്നാണ് മലപ്പുറം പുലാമന്തോൾ കട്ടൂപ്പാറ പാലനാട്ട് മനയിലെ അംഗമായ ദീപ വേദികളിലെത്തുന്നത്. പോരൂർ യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂളിലെ ഗണിതാധ്യാപികയാണ്. അച്ഛൻ കഥകളിപ്പദരംഗത്തെ പ്രഗത്ഭൻ പാലനാട് ദിവാകരൻ. അച്ഛനിൽനിന്നാണ് കഥകളിസംഗീതം അഭ്യസിച്ചത്.

ഒപ്പംപാടാൻ സ്ത്രീകൾതന്നെയാണ് നല്ലത്. പുരുഷശബ്ദത്തിനൊപ്പം വേദിയിൽ പാടിയാൽ ശ്രുതി ചേരില്ലെന്ന പക്ഷമാണ് ദീപയ്ക്ക്.

മീരാ റാംമോഹൻ, അദ്രിജ വർമ തുടങ്ങി പുതുതലമുറയിലിപ്പോൾ നിരവധി ഗായികമാരുണ്ട്. അവരിലാരെങ്കിലും ദീപയ്ക്കൊപ്പം അരങ്ങിലുണ്ടാവും.

കഴിഞ്ഞ ദിവസം പനച്ചിക്കാട്ട് മീരയുമായി ചേർന്നാണ് കഥകളിപ്പദക്കച്ചേരി അവതരിപ്പിച്ചത്. മഹാനവമി നാളിൽ പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്തരാസ്വയംവരം പകൽകഥകളിയിൽ അദ്രിജവർമയാണ് ഒപ്പം പാടുന്നത്.

അരങ്ങേറ്റത്തിന് ഒപ്പം പാടാൻ 1999-ൽ മറ്റൊരു ഗായികയെ കിട്ടാത്തതിനാൽ കൗമാരക്കാരനായ സഹോദരൻ സുദീപ് പാലനാടാണ് ചേർന്നത്. കുട്ടിയായതിനാൽ സ്ത്രീശബ്ദത്തിനൊപ്പം ശ്രുതി ചേർന്നുകിട്ടി.

വേഷം, നൃത്തം, ചലച്ചിത്രഗാനം....

കഥകളിപ്പദക്കച്ചേരി കൂടാതെ കച്ചേരികളും പ്രിയം. കർണാടകസംഗീതത്തിൽ വി.വി.സദാനന്ദൻ, വെള്ളിനേഴി സുബ്രഹ്മണ്യൻ, പുന്നപ്പുഴ രാമനാഥൻ, വെച്ചൂർ ശങ്കർ എന്നിവർ ഗുരുക്കന്മാരായി. കഥകളി സംഗീതത്തിൽ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കോട്ടയ്ക്കൽ മധു എന്നിവരുടെയും ശിക്ഷണം നേടിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പോടെ 10 വർഷം കഥകളിസംഗീതത്തിൽ ഉപരിപഠനം നടത്തി. കലാമണ്ഡലം കെ.ജി.വാസുദേവന്റെയും കലാമണ്ഡലം കൃഷ്ണകുമാറിന്റെയും ശിഷ്യയായി കഥകളിവേഷവും പഠിച്ച ദീപ അരങ്ങിൽ വേഷമാടും. നർത്തകിയുമാണ്. കലാമണ്ഡലം സുധയിൽനിന്നാണ് ശാസ്ത്രീയനൃത്തം അഭ്യസിച്ചത്. ലൂക്ക, ഒരു ദേശവിശേഷം എന്നീ സിനിമകളിൽ പിന്നണിഗായികയായി. ദീപയുടെ സഹോദരൻ സുദീപും ഇപ്പോൾ ചലച്ചിത്രരംഗത്താണ്. സൗണ്ട് എൻജിനീയറും സംഗീതസംവിധായകനും ഗായകനുമാണ് സുദീപ്. അധ്യാപകനായ പ്രദീപ് തെന്നാടാണ് ദീപയുടെ ഭർത്താവ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..