കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഗീതക്കച്ചേരി നടത്തുന്ന ആയാംകുടി വാസുദേവൻ നമ്പൂതിരി
കടുത്തുരുത്തി: നാല് പതിറ്റാണ്ടിനിടെ 1000 സംഗീതവേദികൾ. ആസ്വാദക ഹൃദയങ്ങളിൽ ഇടംനേടി ആയാംകുടി വാസുദേവൻ നമ്പൂതിരി. കർണാടക സംഗീത കച്ചേരികളിൽ തന്റേതായ ഇടംനേടി വാസുദേവൻ ബഹുമതികൾ സ്വന്തമാക്കി മുന്നോട്ട് പോകുന്നു. സംഗീതത്തിലെ ആയാംകുടി പാരമ്പര്യം നിലനിർത്തുകയാണ് അദ്ദേഹം. ഇനിയും പഠനം അവസാനിപ്പിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത.
ഒരിക്കൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കുമ്പോൾ ഉണ്ടായ അനുഭവം അദ്ദേഹം പറയാറുണ്ട്. കച്ചേരിക്കിടെ സദസ്സിലേക്ക് നോക്കിയപ്പോൾ ആസ്വാദകരിൽ പ്രമുഖ കർണാടക സംഗീതജ്ഞനായ ടി.വി.ശങ്കരനാരായണനും. പരിപാടി കഴിഞ്ഞ് വേദിയിൽ കയറിവന്ന് അദ്ദേഹം അഭിനന്ദിച്ചത് ഏറ്റവും വലിയ ബഹുമതിയായി. എന്നും പഠിക്കണം, പഠിപ്പിക്കണം, സ്വയം മെച്ചമാക്കണം എന്ന ആശയം ഇത്തരം ഗുരുതുല്യരായ ആളുകളിൽനിന്നാണ് ലഭിച്ചതെന്ന് നമ്പൂതിരി പറയുന്നു.
60-ാം വയസ്സിലും ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ കീഴിൽ സംഗീതം അഭ്യസിക്കുകയാണ് വാസുദേവൻ. കലാഗ്രാമമായ ആയാംകുടിയിലെ പട്ടമന ഇല്ലത്തെ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും വിമലാ അന്തർജനത്തിന്റെയും മൂന്നാമത്തെ മകനാണ് 60-കാരനായ വാസുദേവൻ. സംഗീതജ്ഞയായ മുത്തശ്ശി പാർവതി അന്തർജനത്തിൽനിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് കടുത്തുരുത്തി രാജഗോപാല ഭാഗവതരുടെ അടുത്ത് സംഗീതം അഭ്യസിക്കാനായിചേർന്നു. പത്താം ക്ലാസ് പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീതകോളേജിൽനിന്ന് ഗാനഭൂഷണവും പ്രവീണും പാസായി. ആയാംകുടി മണി, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ എന്നിവരുടെ ശിഷ്യനായി.
1983-ൽ കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രത്തിലാണ് ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 1984-ൽ ഇടുക്കി കഞ്ഞിക്കുഴി എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഗീത അധ്യാപകനായി. തുടർച്ചയായി 41 വർഷം കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലും വർഷങ്ങളായി എത്തുന്നു. കാഞ്ചികാമകോടിപീഠം ആസ്ഥാനവിദ്വാൻ എന്ന ബഹുമതി നേടിയിട്ടുണ്ട്. തുളസീവനം അവാർഡ്, കൂത്താട്ടുകുളം ശ്രീധരീയത്തിന്റെ നവരാത്രി രത്‌ന പുരസ്‌കാരം, കല്ലറ ചോഴിക്കര ക്ഷേത്രത്തിന്റെ സംഗീതതിലകം എന്നീ പുരസ്‌കാരങ്ങളും വാസുദേവനെ തേടിയെത്തി.
കടുത്തുരുത്തിയുടെ ആസ്ഥാന ഗായകനായി ആയാംകുടി വാസുദേവനെ കഴിഞ്ഞ ദിവസം മോൻസ് ജോസഫ് എം.എൽ.എ. പ്രഖ്യാപിച്ചിരുന്നു. ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ എന്നിവരുമായി ചേർന്ന് ഭക്തിഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യരുമുണ്ട്. കുമാരനല്ലൂർ ദേവീവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സംഗീത അധ്യാപികയായ ഹരിപ്പാട് മണ്ണാറശാല ഇല്ലത്ത് ഉഷയാണ് ഭാര്യ. സംഗീതജ്ഞയായ വർഷ വാസുദേവ് ഏകമകളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..