ധന്യടീച്ചർ വിളിച്ചു തെരുവിലെ കുരുന്നുകൾ പഠിക്കാനെത്തി


ഇടുക്കി മറയൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക്‌ ക്ലാസെടുക്കുന്ന ധന്യ പി.വാസു

കടുത്തുരുത്തി: അസാധാരണ സാഹചര്യത്തിൽ ഏതു കുട്ടിെയ കണ്ടാലും ധന്യ അടുത്തുചെല്ലും. വിവരം തിരക്കും. സ്കൂളിൽ പോകുന്നുണ്ടോ എന്ന് ചോദിക്കും. ഇല്ലന്നാണ് മറുപടിയെങ്കിൽ ഉറപ്പായും ആ കുട്ടി ദിവസങ്ങൾക്കകം സ്കൂളിലെത്തിയിരിക്കും. ധന്യാ പി.വാസു (40) അക്കാര്യം ഉറപ്പാക്കും.

ഇതര സംസ്ഥാന തൊഴിലാളികളുടെയും ആദിവാസിക്കുടികളിലെയും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലാണ് ഇവർ നടത്തുന്നത്.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസറാണ് ധന്യ. ബ്രഹ്മമംഗലം മൂഴിയിൽ പി.കെ. വാസുവിന്റെയും രാജത്തിന്റെയും മകൾ.

ഒട്ടും സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ പകൽ കഴിയുന്ന കുട്ടികൾക്ക് സ്‌കൂളിൽ സുരക്ഷയും ഒരുനേരമെങ്കിലും ഭക്ഷണവും കിട്ടുന്നത് വലിയ അനുഭവമാണെന്ന് ധന്യ പറയുന്നു.

2011-ൽ മലപ്പുറം കാവന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ് അധ്യാപികയായാണ് ധന്യാ പി.വാസു ഔദ്യോഗിക ജീവിതം തുടങ്ങിയത്. അതേവർഷം തന്നെ സർവശിക്ഷാ അഭിയാൻ പദ്ധതിയുടെ എറണാകുളം ജില്ലാ കോ-ഓർഡിനേറ്ററായി. ഇതോടെയാണ് വ്യത്യസ്തമായ വഴികളിലേക്ക് സഞ്ചരിക്കാനുള്ള അവസരം ധന്യയ്ക്കുണ്ടായത്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളും അറിയാവുന്നത് ഇതര സംസ്ഥാന കുടുംബങ്ങളുമായി അടുത്തിടപഴകാൻ സഹായിച്ചു.

എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഒരുപറ്റം ഇതര സംസ്ഥാന കുരുന്നുകൾ “ഞങ്ങൾക്ക് വിശക്കുന്നു” എന്ന് പറഞ്ഞ് ധന്യക്ക് മുന്നിൽ കൈനീട്ടിനിന്നു. അവർക്ക് ചെറിയ തുക കൊടുത്തു.

പിന്നെ, നിങ്ങൾ സ്‌കൂളിൽ പോകുന്നില്ലേ, എവിടെയാ താമസം എന്നൊക്കെയുള്ള വിവരങ്ങൾ അന്വേഷിച്ചു. ഡൽഹി സ്വദേശി ഇംമ്രാൻ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള സ്ഥലത്താണ് തങ്ങൾ താമസിക്കുന്നതെന്നു പറഞ്ഞു. സ്‌കൂളിൽ പോകുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ പോകാൻ താത്പര്യം ഉണ്ടെങ്കിലും തങ്ങളെ ഒരു സ്‌കൂളിലും ചേർക്കില്ലെന്ന് മറുപടി.

സ്‌കൂളിൽ പോകാൻ സമ്മതമാണെങ്കിൽ രാവിലെ ഇവിടെത്തന്നെ തയ്യാറായി നിന്നോളാൻ ധന്യ പറഞ്ഞു. പിറ്റേദിവസം 42 കുട്ടികൾ കാത്തുനിന്നു.

തുടർന്ന് സ്‌കൂൾ ചലേ ഹം (സ്‌കൂളിലേക്ക് പോകാം) എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരെ എറണാകുളം സൗത്തിലുള്ള എസ്.ആർ.വി. ഡി.എൽ.പി. സ്‌കൂളിൽ ചേർത്തു. എസ്.എസ്.എ. ഹിന്ദി വൊളന്റിയറെയും നിയമിച്ചു.

അഞ്ചു വർഷത്തിനിടെ 4065 കുട്ടികളെ പൊതുവിദ്യാലയങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലെത്തിക്കാനായി.

ഇത്തരത്തിലുള്ള 26 സെന്ററുകൾ വിവിധ ഭാഷകളിലുള്ള താത്കാലിക വൊളന്റിയർമാരുമായി ജില്ലയിൽ തുടങ്ങി.

ഇടുക്കിയിൽ എസ്.എസ്.എ. കോ-ഓർഡിനേറ്ററായിരിക്കെ ഇടമലക്കുടി, മറയൂർ, കാന്തല്ലൂർ, മൂന്നാർ, പീരുമേട് എന്നിവിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 16 സെന്ററുകൾ തുടങ്ങി.

ഒപ്പം 26 ഊരുവിദ്യാലയങ്ങളും. നിലവിൽ കോട്ടയം എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസറാണ് ധന്യ.

പുരസ്കാരത്തിളക്കം

മലവേടൻ വിഭാഗത്തിലും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കിടയിലും നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്‌കാരം ലഭിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെയും ആദിവാസി മേഖലയിലെയും കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..