ഏഴംകുളം: ചോരത്തിളപ്പിന്റെ യൗവനത്തിൽ വായിൽ തിരുകിവെയ്ക്കുന്ന ലഹരി ആവോളം ചവച്ചുതിന്നുതിർത്തു ബിഹാർ സ്വദേശി മുസ്തഫ(34). ഒടുവിൽ വായുടെ ഒരു ഭാഗം മുഴുവൻ കാർന്നു അർബുദം എന്ന മാരകരോഗം. പക്ഷേ, ജീവിതത്തിന്റെ നിർണായക ഘട്ടത്തിൽ കേരളത്തിൽ എത്തി കുറച്ചു നന്മമനസ്സുകളുടെ പരിചരണം മുസ്തഫയ്ക്ക് ലഭിച്ചുവെന്ന് ഇപ്പോൾ ആശ്വസിക്കാം. മുസ്തഫയുടെ ചികിത്സയ്ക്കുവേണ്ട എല്ലാ സഹായവും നാട്ടിലേക്ക് വിമാനത്തിൽ പോകാനുള്ള ചെലവും വരെ കണ്ടെത്തി നൽകിയത് ഏഴംകുളം ഗ്രാമപ്പഞ്ചായത്തംഗം എ.എസ്.ഷമിന്റെ നേതൃത്വത്തിലാണ്.
ഒരാഴ്ച മുമ്പാണ് മുസ്തഫയുടെ ദയനീയാവസ്ഥ ഷമിൻ അറിയുന്നത്. കോട്ടയം ഭാഗത്ത് ജോലിചെയ്തിരുന്ന മുസ്തഫ ആരോ പറഞ്ഞറിഞ്ഞ് ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് വിഭാഗത്തിൽ എത്തുകയായിരുന്നു. വായുടെ ഒരു ഭാഗം മുഴുവൻ അടർന്നുപോകുന്ന അവസ്ഥ. മൗണ്ട് സിയോൺ ആശുപത്രിയിലെ പരിചരണംകൊണ്ട് മാത്രം ജീവൻ നിലനിന്നിരുന്ന നിലയിലായിരുന്ന മുസ്തഫയെന്ന് ഷമിൻ പറയുന്നു. ഈ സമയം മുസ്തഫയുടെ അച്ഛനും ആശുപത്രിയിലെത്തി. ഡോക്ടറോടു സംസാരിച്ചപ്പോൾ തിരുവനന്തപുരം ആർ.സി.സി.യിൽ കാണിക്കാം എന്ന നിഗമനത്തിലെത്തി.
108 ആംബുലൻസിൽ ആർ.സി.സി.യിലേക്ക് കൊണ്ടുപോയി. അവിടെ നടന്ന പരിരോധനയിൽ രോഗം നാലാം ഘട്ടവും കഴിഞ്ഞിരിക്കുന്നു. ഇനി പാലിയേറ്റീവ് മാത്രമാണ് ഏക വഴി. ഇനി മുസ്തഫയുമായി എവിടേക്ക് എന്ന ചിന്തയായി ഷമിന്. മുസ്തഫയെ വീണ്ടും മൗണ്ട് സിയോണിലെ പാലിയേറ്റീവ് കെയറിലേക്ക് കൊണ്ടുവരുന്നതിന് ആശുപത്രി അധികൃതർ സമ്മതം അറിയിച്ചതായി ഷമിൻ വ്യക്തമാക്കി. പാലിയേറ്റീവ് ചികിത്സയിലിരിക്കെ മുസ്തഫ ഷമിനോട് ഒരു ആഗ്രഹം പറഞ്ഞു. ബിഹാറിലേക്ക് മടങ്ങണം ബന്ധുക്കളെ കാണണം. അങ്ങനെ ഷമിൻ മുസ്തഫയെ നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ട്രെയിനിലുള്ള യാത്രയ്ക്ക് ആരോഗ്യനില പ്രശ്നമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇതോടെ വിമാനമാർഗത്തെപ്പറ്റി ആലോചിച്ചുതുടങ്ങി. ഒടുവിൽ പട്ന വഴി ടിക്കറ്റ് ലഭിച്ചു. ഇതിനുള്ള തുകയും എമിൻ പലരോടും അഭ്യർത്ഥിച്ചു ലഭ്യമാക്കി. ഒടുവിൽ മുസ്തഫയെയും അച്ഛനെയും വിമാനത്തിൽ യാത്രയാക്കി. മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ ഡോ.അജോ, ആശുപത്രി പാലിയേറ്റീവ് കെയർ നഴ്സ് ലിജി ജോർജ്, സന്നദ്ധ പ്രവർത്തകരായ സിന്ധു ജെയ്സൺ, സുധീഷ് ഇളമണ്ണൂർ എന്നിവർ മുസ്തഫയ്ക്ക് പരിചരണവും സഹായം നൽകുവാനും ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..