Caption
വള്ളിക്കോട് : ഒട്ടേറെ കടകളും, സ്ഥാപനങ്ങളും, ഓട്ടോസ്റ്റാൻഡും ഉൾപ്പെടെ ഉണ്ടായിരുന്ന വള്ളിക്കോട് തിയേറ്റർ ജങ്ഷനിൽ അതെല്ലാം ഇപ്പോൾ അപ്രത്യക്ഷം. ജില്ലയിലെ ആദ്യകാല തിയേറ്ററായ രേഖ തിയേറ്റർ സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നതിനാലാണ് തിയേറ്റർ ജങ്ഷൻ എന്ന് പേരുവീണത്. കാലക്രമേണ തിയേറ്റർ നിന്നുപോയെങ്കിലും ആ പ്രൗഢി പോയിരുന്നില്ല.
ധാരാളം ആളുകൾ ദിവസവും ഒത്തുകൂടുകയും, ചെറുതെങ്കിലും കുറച്ച് കടകളും സ്ഥാപനങ്ങളും ഒരു ഗുരുമന്ദിരവുമുള്ള ജങ്ഷൻ. ഇന്ന് ആരും ഇവിടെ വരാറില്ല. കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനുപോലും ആരും എത്തുന്നില്ല. റോഡുപണി കാരണം ഇരുവശങ്ങളിലുമുള്ള കടകളും കെട്ടിടങ്ങളും താഴ്ന്നതിനാൽ റോഡിൽനിന്നു കടകളിലേക്കും മറ്റ് ഇടവഴികളിലേക്കും ഇറങ്ങാൻപറ്റാതെയായി. പിന്നീട് മന്ത്രിയടക്കമുള്ളവർക്ക് നിവേദനങ്ങളും പരാതികളും നൽകിയതിന് ശേഷമാണ് ഗുരുമന്ദിരം ഭാഗത്തുള്ള റോഡിലേക്ക് മൂന്ന് ലോഡ് മണ്ണിറക്കിയാണ് അവിടെ യാത്രാസൗകര്യം ഒരുക്കിയത്.
കടകളെല്ലാം പൂട്ടിപ്പോയി
വ്യാപാര സ്ഥാപനങ്ങളുടെ കാര്യമാണ് തീർത്തും ദുരിതത്തിലായത്. കടയിലേക്ക് ഇറങ്ങിച്ചെല്ലാൻപോലും സാധിക്കാത്തതിനാൽ പലരും കടകൾ നിർത്തിപ്പോയി. ബാക്കിയുള്ളത് ഒന്നു രണ്ട് കടകൾ മാത്രം. പൊളിച്ചിട്ടിരുന്ന റോഡിൽനിന്നുമുണ്ടായ പൊടിശല്യം മാസങ്ങളോളം നാട്ടുകാർ അനുഭവിച്ചു. പൊടികയറി സാധനങ്ങൾ നശിച്ചുപോകുന്നതിനാൽ പച്ചക്കറിക്കടയും വണ്ടികൾ കയറ്റാൻ കഴിയാത്തതിനാൽ ഒരു ടയറുകടയും പൂട്ടി. ജങ്ഷൻ മാഞ്ഞതോടെ ഒരു ബസ് പോലും ഇന്നിവിടെ നിർത്തുന്നില്ല. നിലവിൽ അടുത്തുള്ള വായനശാല ജങ്ഷനെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.
സ്ഥിരം അപകടമേഖല
റോഡിൽ കൊരുപ്പുകട്ടകൾ പാകിയ സമയത്ത് അപകടം പതിവായതോടെയാണ് അതിളക്കി ടാറിട്ടത്. എന്നാൽ പണി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഒാടയുടെ മേൽമൂടി സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ വാ പൊളിച്ചുകിടക്കുന്ന ഓടയിലേക്ക് വാഹനങ്ങൾ വീഴുന്നത് പതിവ് സംഭവമാണ്. അപകട മുന്നറിയിപ്പ് ബോർഡും ഇവിടെയില്ല.
റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ച ചൂണ്ടിക്കാട്ടി കെ.യു. ജനീഷ് കുമാർ എം.എൽ.എ. പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതിനല്കിയിരുന്നു.
മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം റോഡ് പരിശോധിക്കുകയും ഗുണനിലവാരമില്ലാത്ത കൊരുപ്പുകട്ടകൾ, റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലെ ഓടയുടെ നിർമാണം, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതിരുന്നത് തുടങ്ങിയതിലെ പല അപാകതകൾ അപകടങ്ങൾക്ക് കാരണമായെന്ന് കണ്ടെത്തുകയും ചെയ്തതല്ലാതെ നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..