ഓർക്കാനേറെയുണ്ട് ഒരിപ്പുറത്തെ കളിത്തട്ടുകൾക്


1 min read
Read later
Print
Share

ഒരിപ്പുറത്തെ കളിത്തട്ട്

പന്തളം : ‘ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിടയ്ക്കിവിടെയിളവേൽക്കാം’...

വി.മധുസൂദനൻ നായരുടെ അഗസ്ത്യഹൃദയം എന്ന കവിതയ്ക്കിടയിലെ രണ്ടുവരികളാണ് ഒരിപ്പുറത്തെ കളിത്തട്ടുകൾ മനസ്സിലെത്തിക്കുക. ക്ഷീണിച്ച് അവശരായി വരുന്നവർക്ക് കാറ്റും കുളിർമയും നൽകിയ കളിത്തട്ട്.

തലയിലെ ഭാരം അടുത്തുള്ള ചുമടുതാങ്ങിയിൽ ഇറക്കിവെച്ച് എത്തിയവരുടെയും ഭഗവതിയാപ്പുറം പാടത്ത് ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് തളർന്നവരുടെയും ക്ഷീണം അകറ്റിയ കളിത്തട്ട്.

യാത്രചെയ്ത് ക്ഷീണിച്ചെത്തുന്നവർക്ക് മരത്തോണിയിൽ കലക്കിവെച്ച സംഭാരവും കണ്ണിമാങ്ങയും. ആലിലയിൽ തട്ടിയെത്തുന്ന കുളിർകാറ്റിൽ അൽപ്പം വിശ്രമവും.

ചരിത്രസാക്ഷി

ചരിത്രത്തിന്റെ കഥപറയാൻ കഴിയുന്നതാണ് ഒരിപ്പുറത്തമ്മയുടെ തട്ടകത്തിലെ രണ്ട് കളിത്തട്ടുകൾക്കും. ഏതുകാലത്ത് നിർമിച്ചതാണെന്നതിന് ചരിത്രത്തിൽ രേഖപ്പെടുത്തലുകൾ ഇല്ല. ക്ഷേത്രത്തോളമോ, അതിനുമപ്പുറമോ പഴക്കം ഇതിനുണ്ടെന്ന് തടിയുടെ കാലപ്പഴക്കം നിർണയിച്ച് കണക്കാക്കാനാകും.

തട്ടയിൽ ഇടയിരേത്ത് കുടുംബത്തിന്റെ പൂമുഖത്ത് നായർ സർവീസ് സൊസൈറ്റിയുടെ ഒന്നാംനമ്പർ കരയോഗത്തിന് മന്നത്തു പദ്മനാഭൻ തിരികൊളുത്തുന്നതിന് മുമ്പ് നടന്ന ആലോചനായോഗങ്ങൾക്കെല്ലാം വേദിയായിരുന്നു ഇൗ കളിത്തട്ടുകൾ. അതിനുംമുമ്പ് നായർ പ്ടകായോഗങ്ങളും ഇവിടെ നടന്നിട്ടുള്ളതായി ചരിത്ര രേഖകളിലുണ്ട്.

കുംഭച്ചൂടിലെ തീപാറുന്ന വെയിലിലും ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയിലും ഇന്നും ഇവിടെ വിശ്രമിക്കാൻ ആളുകളുണ്ട്.

തച്ചുശാസ്ത്രത്തിലെ അദ്‌ഭുതം

കളിത്തട്ടിലെ കഴുക്കോലുകളുടെ വിന്യാസവും അത് ഉറപ്പിച്ചിരിക്കുന്ന മകുടവും തച്ചുശാസ്ത്രവൈദഗ്‌ധ്യം വിളിച്ചുപറയും. 24 മുതൽ 40 വരെ കഴുക്കോലുകൾ ഒരു ചെറിയ കൂമ്പിലേക്ക് തുളച്ചുകയറ്റി സൂചികാ ആകൃതി നിലനിർത്തണമെങ്കിൽ വിദഗ്ധ തച്ചനുമാത്രമേ സാധിക്കൂ. ഇതിന്റെ പൗരാണികത നിലനിർത്തി കാത്തുസൂക്ഷിക്കുന്നതിൽ ഒരിപ്പുറം ക്ഷേത്രഭരണസമിതിയും ശ്രദ്ധിച്ചുവരുന്നു. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്തോടുചേർന്ന് കിഴക്കും പടിഞ്ഞാറും ഭാഗത്തായിട്ടായിരുന്നു കളിത്തട്ടുകളുടെ സ്ഥാനം.

എന്നാൽ, 1986-ൽ സേവപ്പന്തൽ വലുപ്പംകൂട്ടി പണിയാനുള്ള സൗകര്യാർഥം കളിത്തട്ടുകൾ അകലേക്ക് മാറ്റിസ്ഥാപിച്ചു. 1998-99 വർഷം അറ്റകുറ്റപ്പണി ചെയ്യുകയും പടിഞ്ഞാറെ കളിത്തട്ട് ആലിന് സമീപത്തേക്കും കിഴക്കേ കളിത്തട്ട് വടക്ക് കുളത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കും മാറ്റി. 2012-ൽ മീനഭരണി ഉത്സവത്തിന് കെട്ടുകാഴ്ചയ്ക്ക് സൗകര്യം ഒരുക്കുന്നതിനായി കിഴക്കേ കളിത്തട്ട് വടക്കോട്ട് 10 മീറ്ററോളം മാറ്റുകയുംചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..