റാന്നി: ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് വടശ്ശേരിക്കരയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് അർച്ചന റോഡരികിൽ നടക്കുന്ന കരകൗശല വിപണനമേള കണ്ടത്. ചിരട്ടയിൽ രൂപപ്പെടുത്തിയെടുത്ത മനോഹരമായ ശലഭങ്ങളും കപ്പുകളും അന്ന് മനസ്സിൽ കുറിച്ചിട്ടു. ബിരുദ പഠനകാലത്ത് അതിമനോഹരമായ രൂപങ്ങളെ വിരിയിച്ചെടുക്കുമ്പോൾ സംതൃപ്തി മാത്രമല്ല, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഈ വിദ്യാർഥിനിയുടെ വരുമാനമാർഗം കൂടിയായി. വീട്ടുകാരുടെയും അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം അർച്ചനയെ കോളേജിലെ സംരംഭക വികസനകേന്ദ്രത്തിലെ താരമാക്കി മാറ്റി.
റാന്നി സെയ്ന്റ് തോമസ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ് ജി.അർച്ചന. ചിറ്റാർ നിരവത്ത് കിഴക്കേതിൽ ഗോപകുമാറിന്റെയും ശോഭ എസ്. നായരുടെയും മകൾ.
ആറ് വർഷങ്ങൾക്ക് മുമ്പ് വടശ്ശേരിക്കരയിൽ കണ്ട കരകൗശലമേളയിൽ മനസ്സിനെ ആകർഷിച്ച രൂപങ്ങൾ മായാതെ തന്നെ പിന്തുടരുകയായിരുന്നുവെന്ന് ഈ കലാകാരി പറയുന്നു. വാങ്ങാൻ കൈവശം പണമില്ലായിരുന്നു. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ഇതിന് എന്തൊക്കെ ആവശ്യമാണെന്നും ചോദിച്ച് മനസ്സിലാക്കി നടന്നുനീങ്ങുമ്പോൾ ഒന്നു തീരുമാനിച്ചിരുന്നു. എന്നെങ്കിലും ഞാനും ഇത്തരം രൂപങ്ങൾ ഉണ്ടാക്കും. മഹാമാരിക്കാലത്ത് വെറുതെ വീട്ടിലിരുന്നപ്പോൾ ആ ഓർമകൾ തെളിഞ്ഞുവന്നു. ഒന്നു പരീക്ഷിച്ചപ്പോൾ വിരിഞ്ഞുവന്നത് മനോഹരമായ രണ്ട് കപ്പുകൾ. കണ്ടവരൊക്കെ അഭിനന്ദിച്ചു. മാത്രമല്ല, അയൽക്കാരിയായ ചേച്ചി പ്രതിഫലം നിർബന്ധിച്ചുനൽകി ഇവ വാങ്ങുകയുംചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ വീണ്ടും പഠനത്തിലേക്ക് ഒതുങ്ങി.
“ക്രേസി ഓഫ് കോക്കനട്ട്”
മഹാമാരി ഒഴിഞ്ഞ് കോളേജിൽ ക്ലാസുകൾ സജീവമായി. അതിനിടെയാണ് ഐഡിയഗോറ സ്റ്റാർട്ട് അപ്പ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ബിസിനസ് എക്‌സിബിഷൻ കോളേജിൽ നടത്താൻ തീരുമാനിച്ചത്. അന്ന് അതിൽ പങ്കെടുത്തത് വഴിത്തിരിവായി. ചിരട്ടകളിൽ തീർത്ത സൈക്കിൾ, പരുന്ത്, ക്ലോക്ക്, കപ്പ് അങ്ങനെ നിരവധി ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശിപ്പിച്ചവയെല്ലാം മികച്ച വിലയിൽ വിറ്റുപോയെന്ന് മാത്രമല്ല ആവശ്യക്കാർ ഓർഡറുകളും നൽകി. കഴിവ് മനസ്സിലാക്കിയ അധ്യാപകനും കോളേജിലെ സംരംഭക വികസനകേന്ദ്രം കോ-ഓർഡിനേറ്ററുമായ ജിക്കു ജെയിംസ് പ്രോത്സാഹനംനൽകി. കരികുളത്തെ വീട്ടിൽ വല്യച്ഛൻ ശശിധരൻ നായർ സർവ പിന്തുണയുമായി ഒത്തുനിന്നപ്പോൾ ഒരു നല്ല സംരംഭകയായി ഈ മിടുക്കി വളരുകയായിരുന്നു. ’ക്രേസി ഓഫ് കോക്കനട്ട്്’ എന്ന പേരിൽ തന്റെ പാഷനെ അവൾ സംരംഭമാക്കിമാറ്റി. അതേ പേരിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ആരംഭിച്ച പേജുകളിലൂടെ ഉത്പന്നങ്ങളുടെ ഓൺലൈൻ വില്പനയും നടത്തിവരുന്നു. മറ്റുകുട്ടികൾക്ക് ഇവ ഉണ്ടാക്കുന്നതിന് പരിശീലനം നൽകാനും ഇവർ സമയം കണ്ടെത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..