Caption
മൂന്നാർ : കേരളത്തിലെ ആദ്യ റെയിൽപാത മൂന്നാറിലായിരുന്നു. തമിഴ്നാട്ടിലേക്ക് തേയില കൊണ്ടുപോകുന്നതിനുവേണ്ടി 1902-ലാണ് ബ്രിട്ടീഷുകാർ റെയിൽവേലൈൻ സ്ഥാപിച്ചത്. 1924-ലെ പ്രളയത്തിൽ അത് മൺമറഞ്ഞുപോയി.
എന്നാൽ ഇപ്പോൾ അന്നത്തെ ആവി എൻജിന്റെ മാതൃകയിൽ വാച്ച് ടവർ ഒരുക്കിയിരിക്കുകയാണ് പള്ളിവാസൽ പഞ്ചായത്ത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പള്ളിവാസൽ രണ്ടാംമൈൽ സൺസെറ്റ് വ്യൂ പോയിന്റിലാണ് മനോഹരമായ ഈ വാച്ച് ടവർ നിർമിച്ചിരിക്കുന്നത്.
മൂന്ന് തട്ടുകളായിട്ടാണ് ടവർ ഒരുക്കിയിരിക്കുന്നത്. താഴത്തെ തട്ടിൽ ബസ് കത്തിരിപ്പുകേന്ദ്രവും പോലീസ് എയിഡ് പോസ്റ്റും. രണ്ടാംതട്ടിൽ കാഴ്ചകൾ കാണുന്നതിനുള്ള പ്ലാറ്റ്ഫോമിൽ. മൂന്നാംതട്ടിൽ സെൽഫി പോയിന്റ് എന്നിവയുണ്ട്. 10 ലക്ഷം രൂപയാണ് ചെലവ്. പ്രവേശനം സൗജന്യമാണ്.
മൂന്നാർ മുതൽ ഇടുക്കിവരെ
ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലമാണ് പള്ളിവാസൽ രണ്ടാംമൈൽ. മൂന്നാറിന്റെ കവാടം എന്ന് പറയാവുന്ന സ്ഥലമാണിത്. ഇവിടം മുതലാണ് ഈ നാടിന്റെ മുഖമുദ്രയായ തേയില തോട്ടങ്ങൾ കണ്ടുതുടങ്ങുന്നത്.
മൂന്നാർമുതൽ ഇടുക്കിവരെ പരന്നുകിടക്കുന്ന മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിനായാണ് പഞ്ചായത്ത് ഇപ്പോൾ വാച്ച് ടവർ ഒരുക്കിയിരിക്കുന്നത്. നല്ല തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളിൽ ഈ ടവറിൽനിന്ന് ഇടുക്കി അണക്കെട്ടുവരെ കാണാൻ സാധിക്കും. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ആർ.എൽ. വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് വാച്ച് ടവർ ഡിസൈൻ ചെയ്തത്. ഉടൻതന്നെ പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..