ഡി.വൈ.എഫ്.ഐ. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തുന്ന പൊതിച്ചോർവിതരണം
കരുതലും സ്നേഹവും നിറച്ച പൊതികൾക്കായി കാത്തുനിൽക്കുന്നവരെ ഈ യുവത നിരാശരാക്കില്ല. എരിയുന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിലേക്ക് ഹർത്താലും മഴയും വെയിലുമൊന്നും വകവയ്ക്കാതെ സ്നേഹത്തിന്റെ ചോറുപൊതികളുമായി അവരെത്തും. ആറുവർഷത്തിനിടെ 50 ലക്ഷം പൊതിച്ചോറുകൾ.
ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പൊതിച്ചോറുകൾ വിതരണം ചെയ്യുന്ന ‘ഹൃദയസ്പർശം’ പദ്ധതി പിന്നിട്ടത് 2193 ദിനങ്ങൾ. ദിവസവും രണ്ടായിരംമുതൽ മൂവായിരംവരെ പൊതികളാണ് ജില്ലാ ആശുപത്രിയിൽമാത്രം വിതരണം ചെയ്യുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജില്ലാ ആശുപത്രിയിൽ പൊതിച്ചോറുകളെത്തും. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർക്ക് പ്രവർത്തകർ അത് വിതരണം ചെയ്യും. ആരും ഭക്ഷണം കിട്ടാതെ മടങ്ങില്ല. ജില്ലാ ആശുപത്രിക്കു പുറമേ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. കടയ്ക്കൽ ആശുപത്രിയിൽ അഞ്ചുവർഷമായും പാരിപ്പള്ളിയിൽ ഒന്നരവർഷമായും വിതരണം തുടരുന്നു. കോവിഡ് ലോക്ഡൗൺ സമയത്ത് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കുറച്ചുദിവസംമാത്രമാണ് വിതരണം നിർത്തിവെച്ചത്.
തിരഞ്ഞെടുപ്പുസമയത്ത് പ്രതിഷേധങ്ങളെയും പരാതികളെയും തുടർന്ന് മൂന്നുദിവസവും നിർത്തിവെച്ചു. ജില്ലാഭരണകൂടത്തിന്റെ ഇടപെടലോടെ വീണ്ടും വിതരണം ആരംഭിച്ചു. ജില്ലാ ആശുപത്രിയിൽമാത്രം ഇതുവരെ 50 ലക്ഷത്തിലധികം പൊതികൾ വിതരണം ചെയ്തു. വിശേഷദിവസങ്ങളിൽ സദ്യയുണ്ടാകും.
2017 മാർച്ച് 17-ന് ഇപ്പോഴത്തെ മന്ത്രി കെ.എൻ.ബാലഗോപാലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യമായി പദ്ധതി തുടങ്ങിയത്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റികൾക്കാണ് പൊതിച്ചോറ് വിതരണത്തിന്റെ ചുമതല. ഓരോ ദിവസവും ഓരോ കമ്മിറ്റിവീതം പൊതികൾ ശേഖരിക്കും. ജില്ലയിലെ 161 മേഖലാ കമ്മിറ്റികളിൽ 100 കമ്മിറ്റികൾ ജില്ലാ ആശുപത്രിയിലെ പൊതിച്ചോറ് വിതരണത്തിന്റെ മേൽനോട്ടം വഹിക്കും. 50 കമ്മിറ്റികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെയും 11 കമ്മിറ്റികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെയും ചുമതലവഹിക്കുന്നു.
ഹൃദയസ്പർശത്തിനുമാത്രമായി ഡി.വൈ.എഫ്.ഐ.യുടെ സബ് കമ്മിറ്റിയുണ്ട്. ഓരോ ദിവസത്തെയും ചുമതല ഏതൊക്കെ കമ്മിറ്റികൾക്കാണെന്നത് ഒരുവർഷംമുമ്പുതന്നെ കലണ്ടറായി പ്രസിദ്ധീകരിക്കും. അതനുസരിച്ച് ആ മേഖലയിലെ വീടുകളിൽനിന്ന് പൊതിച്ചോറുകൾ ശേഖരിക്കും. രണ്ടുദിവസംമുമ്പും വിതരണത്തിന്റെ തലേദിവസവും പ്രവർത്തകരെത്തി വീട്ടുകാരെ ഓർമിപ്പിച്ചിട്ടുണ്ടാകും. മിക്ക വീടുകളിൽനിന്നും രണ്ടോ അതിലധികമോ പൊതികൾ നൽകും.
‘പ്ലാസ്റ്റിക് ഉപയോഗിക്കാതെ വാഴയിലയിൽ ഒരുപൊതി ചോറ് നൽകണമെന്നതുമാത്രമാണ് വീട്ടുകാരോട് ആവശ്യപ്പെടുന്നത്. പദ്ധതി ഇത്രയേറെ വിജയമാകുന്നതിന് കടപ്പാട് അമ്മമാരോടാണ്. സ്നേഹം പൊതിഞ്ഞുതന്ന അമ്മമാർക്ക് നന്ദി...’ ഡി.വൈ.എഫ്.ഐ.ജില്ലാ ട്രഷററും ഹൃദയസ്പർശത്തിന്റെ ചുമതലക്കാരനുമായ എസ്.ഷബീർ പറഞ്ഞു. ആറാംവാർഷികത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്ക് രണ്ട് വീൽചെയറും ഒ.പി.ടിക്കറ്റ് എടുക്കുന്ന സ്ഥലത്തേക്ക് വാട്ടർ പ്യൂരിഫയറും കൈമാറി. ആറാംവാർഷികോദ്ഘാടനം എം.വിജിൻ എം.എൽ.എ. നിർവഹിച്ചു. വീൽചെയർ സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവനും വിക്ടോറിയ ആശുപത്രിയിലേക്കുള്ള വീൽചെയർ ചിന്താ ജെറോമും കൈമാറി. വാട്ടർ പ്യൂരിഫയർ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..