ഒറ്റപ്പാലത്ത് മൊട്ടിട്ട്, 'മഞ്ഞിൽവിരിഞ്ഞ പൂവ് '


2 min read
Read later
Print
Share

എന്റെ നാട്‌

നടൻ ശങ്കർ ഭാര്യയുടെ സഹോദരൻ ഇ.പി. ചിത്രേഷ് നായരുടെ ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ

ഒറ്റപ്പാലം: ഒറ്റപ്പാലം അമ്പലപ്പാറയിലെ അച്ഛന്റെ വീട്ടിൽനിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്‌ക്കിടെ റോഡരികിലെ ചുമരുകളിൽ പതിപ്പിച്ചിരുന്ന സിനിമാപോസ്റ്ററുകളിൽ എട്ടാം ക്ലാസുകാരന്റെ കണ്ണുടക്കി. നസീറിന്റെയും അടൂർഭാസിയുടെയും ഉമ്മറിന്റെയുമെല്ലാം ചിത്രങ്ങൾ അവനിൽ മോഹമുണർത്തി. 'ഇതുപോലെ എന്റെ പോസ്റ്ററുകളും വന്നിരുന്നെങ്കിൽ' - അവൻ മനസ്സിലുറപ്പിച്ചു. അതൊരു ദൃഢനിശ്ചയമായിരുന്നു. രണ്ടുപതിറ്റാണ്ടിനുശേഷം അതേവഴിയിലൂടെ അവൻ യാത്ര ചെയ്തപ്പോൾ ആ ചുമരുകളിൽ അവന്റെ പോസ്റ്ററുയർന്നു. അപ്പോഴേക്കും ആ എട്ടാംക്ലാസുകാരൻ മലയാളത്തിന്റെ റൊമാന്റിക് ഹീറോയായി മാറിയിരുന്നു. മോഹൻലാൽ എന്ന പ്രതിഭയ്‌ക്കൊപ്പം 'മഞ്ഞിൽ വരിഞ്ഞപൂക്ക'ളിലൂടെ മലയാളത്തിന് ലഭിച്ച നടൻ ശങ്കർ.

ഒറ്റപ്പാലം അമ്പലപ്പാറ നല്ലൂർ വലിയവീട്ടിൽ രാമൻകുട്ടി പണിക്കരുടെയും തൃശ്ശൂർ കേച്ചേരി തെക്കേവീട്ടിൽ സുലോചനയുടെയും മകനാണ് ശങ്കർ. തൃശ്ശൂർ കേച്ചേരിയിൽ ജനിച്ച ശങ്കർ ചെന്നൈയിലാണ് പഠിച്ചുവളർന്നത്. തന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓർമകളിലേറെയും ഒറ്റപ്പാലത്താണെന്നാണ് ശങ്കർ പറയുന്നത്. വർഷത്തിൽ മൂന്ന് അവധിക്കാലത്ത് ഒറ്റപ്പാലത്തേക്ക് വരും. അവിടെ അച്ഛന്റെ സഹോദരങ്ങളുടെ മക്കളെല്ലാവരും കൂടുമ്പോഴാണ് അവധിക്കാലം ശരിക്കും ആനന്ദിക്കുക. മനസ്സില്ലാ മനസ്സോടെയാണ്‌ തിരിച്ച് കേച്ചേരിയിലേക്ക് പോവുക. ഏകദേശം അഞ്ച് ബസുകയറണം കേച്ചേരിയിലെത്താൻ. ആ യാത്രയിലാണ് കണ്ണുടക്കുന്ന പോസ്റ്ററുകളിലൂടെ സിനിമാ സ്വപ്‌നങ്ങൾക്കൊപ്പം സഞ്ചരിച്ചിരുന്നതെന്ന് ശങ്കർ പറയുന്നു.

ഒറ്റപ്പാലത്തെ പ്രമുഖ വ്യവസായിയായിരുന്ന ഇ.പി. മാധവൻനായരുടെ മകൾ ചിത്രലക്ഷ്മിയെ വിവാഹംകഴിച്ചതോടെ ഒറ്റപ്പാലവുമായുള്ള ബന്ധം ദൃഢമായി. താൻ സംവിധാനംചെയ്ത കേരളോത്സവം എന്ന സിനിമയുടെ ചിത്രീകരണവും ഒറ്റപ്പാലത്ത് നടത്താൻ അദ്ദേഹം മറന്നില്ല. യു.കെ.യിൽ സ്ഥിരതാമസമാക്കിയ ശങ്കർ ഇപ്പോഴും കേരളത്തിലെത്തിയാൽ ഒറ്റപ്പാലത്തേക്കെത്തും.

വെള്ളിത്തിരയിൽ വീണ്ടും തെളിയും 'ശങ്കർ പണിക്കർ'

'സംവിധായകനാകുന്നതോടെ ഇനി ആകെ തിരക്കാകുമല്ലോ...'- ആദ്യ സിനിമ സംവിധാനംചെയ്യാനൊരുങ്ങവേ നടൻ മുകേഷ്, ശങ്കറിനെ കളിയാക്കിക്കൊണ്ട് ചോദിച്ചു. 'എന്താ അങ്ങനെ പറയാൻ' ശങ്കർ ആശങ്കയോടെ ചോദിച്ചു. 'തമിഴിലെ സംവിധായകൻ ശങ്കറാണെന്ന് ആളുകൾ തെറ്റിദ്ധരിക്കില്ലേ...' ചിരിച്ചുകൊണ്ടുള്ള മുകേഷിന്റെ ആ മറുപടിയാണ് താൻ സംവിധാനംചെയ്യുന്ന സിനിമകളിൽ 'ശങ്കർ പണിക്കർ' എന്ന പേരിലേക്ക് മാറ്റാൻ കാരണം. കുറച്ചുകാലത്തിന് ശേഷം വീണ്ടും 'ശങ്കർ പണിക്കർ' എന്ന സംവിധായകൻ തിരിച്ചെത്തുകയാണ്. ഭയപ്പെടുത്തുന്നതും അന്വേഷണാത്മകവുമായ ഒരു സിനിമയാണ് ശങ്കർ സംവിധാനംചെയ്യാനൊരുങ്ങുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിൽക്കൂടി പുറത്തിറക്കുന്ന പേരിടാത്ത സിനിമയുടെ ചിത്രീകരണം മേയ് മാസം തുടങ്ങുമെന്ന് ശങ്കർ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ സിനിമയാണിത്. ഏഴുസിനിമകൾ നിർമിച്ചിട്ടുമുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..