Caption
പാലക്കാട് : അടുക്കളജോലിയെക്കുറിച്ചും പാചകത്തിനിടയിലെ ഒഴിച്ചുകൂടാൻവയ്യാത്ത ഓട്ടങ്ങളെക്കുറിച്ചും കൂടുതലൊന്നും വിശദീകരിക്കേണ്ടതില്ല. തിരക്കിട്ട പണിക്കിടയിൽ പാചകവാതകമെങ്ങാൻ തീർന്നുപോയാലത്തെ കാര്യം പറയാനുമില്ല. രുചിയുടെ കാര്യത്തിലായാലും പണിയുടെ കാര്യത്തിലായാലും ഏറ്റവുമധികം പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന സ്ഥലം വീടുകളിലെ അടുക്കളയാണ്.
ഇത്തരത്തിൽ സാധാരണക്കാർക്ക് ഗുണകരമായ ഗവേഷണഫലങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിൽനിന്ന് പുറത്തുവരുന്നത്.
സ്മാർട്ട് അടുക്കളയ്ക്ക് ഇ-ഗ്യാസ് സ്റ്റൗ
സ്മാർട്ട് അടുക്കളകളാണെങ്കിലും സിലിൻഡറിൽ പാചകവാതകം എത്ര ശേഷിക്കുന്നുണ്ടെന്ന് അറിയാനുള്ള സംവിധാനംകൂടി ഉൾപ്പെടുത്തിയതാണ് ഇ-സ്റ്റൗ. ഓരോപാചകത്തിനും എത്ര അളവ് ഉപയോഗിക്കുന്നെന്ന വിവരം, പാചകവാതകം കഴിയാറായാൽ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം അടുത്ത സിലിൻഡറിനായി താനേ ബുക്കുചെയ്യാനുള്ള സംവിധാനം എന്നിവ മൊബൈൽ ആപ്പ് വഴി ബന്ധപ്പെടുത്തിയ ഇ-സ്റ്റൗവിലുണ്ട്. പാചകംകഴിഞ്ഞ് സ്റ്റൗ അണയ്ക്കാൻ മറന്നോ എന്ന് വേവലാതിപ്പെടേണ്ട കാര്യവുമില്ല. തനിയേ വാൽവ് അടയ്ക്കാനും ഈ ആപ്പ് വഴി കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
എൽ.പി.ജി. പൈപ്പ് ലൈൻവഴി പാചകവാതകം ലഭിക്കുന്നവരാണെങ്കിൽ സ്റ്റൗവിന്റെ ഓരോ ബർണറിലൂടെയും ഉപയോഗിക്കുന്ന വാതകം എത്ര, ഓരോമാസവും എത്രതുക അടക്കേണ്ടിവരും തുടങ്ങിയ കണക്കുകളൊക്കെ ഈ ആപ്പ് വഴി വ്യക്തമാവും. തൊട്ടടുത്ത് എവിടെയെങ്കിലും പാചകവാതകചോർച്ച ഉണ്ടാവുകയാണെങ്കിൽ ഉപഭോക്താവിന് മുന്നറിയിപ്പുനൽകാനും തീപ്പിടിത്തമുണ്ടായാൽ അഗ്നിരക്ഷാസംവിധാനങ്ങൾ തനിയെ പ്രവർത്തനമാരംഭിക്കാനുമുള്ള നിർദേശം നൽകാനും ഈ ആപ്പ് വഴി കഴിയും. തൊട്ടടുത്തുള്ള ഉപഭോക്താവ്, അഗ്നിരക്ഷാനിലയം, പോലീസ്, ആംബുലൻസ് എന്നിവർക്കൊക്കെ ക്ലൗഡ് നെറ്റ്‌വർക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ആപ്പ് വഴി വിവരം നൽകാൻ കഴിയും. വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കയാണെങ്കിൽ അയ്യായിരംരൂപയിൽത്താഴെ ചെലവിൽ ഉപഭോക്താക്കൾക്കെത്തിക്കാനാവുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ, കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം അധ്യാപകൻ ഡോ. വി. വിനോദ് പറയുന്നു. മുഹമ്മദ് സഹീറായിരുന്നു സഹ ഗവേഷകൻ.
പത്തോളം പേറ്റന്റുകളാണ് പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിലെ ഗവേഷകർ കഴിഞ്ഞ ആറുവർഷത്തിനകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വാഹനത്തിൽനിന്ന് ഇന്ധനം മോഷ്ടിക്കാനുള്ള ശ്രമം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉടമയെ അറിയിക്കുന്ന സംവിധാനംവരെ ഇവരുടെ കണ്ടുപിടിത്തങ്ങളിലുണ്ട്. നല്ല നിർമാതാക്കളെ ലഭിച്ചാൽ രണ്ടായിരം രൂപയ്ക്കടുത്ത് ഉത്പന്നം വിപണിയിലെത്തിക്കാനാവും. ഡോ. വി. വിനോദിനൊപ്പം കോളേജ് പ്രിൻസിപ്പാൾ ഡോ. പി.ആർ. സുരേഷ്, ഡോ. രശ്മി ജി., ഡോ. രമേശ് ഉണ്ണിക്കൃഷ്ണൻ എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി.
വൈദ്യുതോർജമുപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ രൂപകല്പനയുമായി ബന്ധപ്പെട്ട്, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലെ ഗവേഷണത്തിന് കോളേജിലെ വിദ്യാർഥികൾക്ക് ‘യങ് ഇന്നവേറ്റേഴ്സ്’ പുരസ്കാരവും ലഭിച്ചു.ഇ-സ്റ്റൗ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..