അവധിയെടുക്കാൻ കോഴഞ്ചേരിക്കാരന് സമയമില്ല


2 min read
Read later
Print
Share

കോഴഞ്ചേരി-തിരുവനന്തപുരം സ്റ്റേ സർവീസ് ബസ്

കോഴഞ്ചേരി: നഷ്ടപ്പെട്ടമകനെ തിരികെ കിട്ടിയ മാതാപിതാക്കളുടെ സന്തോഷമായിരുന്നു കോഴഞ്ചേരി-തിരുവനന്തപുരം സ്റ്റേ സർവീസ് പുനരാരംഭിക്കുന്പോൾ കോഴഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്കുണ്ടായത്. കോഴഞ്ചേരിയിൽനിന്ന് സമീപ ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഏക ദീർഘദൂര സർവീസിനെ നാട്ടുകാർ സ്നേഹപൂർവം ‘കോഴഞ്ചേരിക്കാരൻ’ എന്നുപേരിട്ടു. നവംബറിൽ തുടങ്ങിയ സർവീസിന് ക്രിസ്മസായിരുന്നു ആദ്യത്തെ ആഘോഷം. യാത്രക്കാരുടെ കൂട്ടായ്മ, ക്രിസ്മസ് തലേന്ന് ബസ് ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. വിഷുവിനാകട്ടെ ബസ് കൊന്നപ്പൂക്കൾകൊണ്ട് അലങ്കരിക്കുകയും ജീവനക്കാർക്ക് കൈനീട്ടം നൽകുകയും ചെയ്തു.

നഷ്ടത്തിലാണെന്ന് പറഞ്ഞ് കെ.എസ്.ആർ.ടി.സി. സർവീസുകൾ വെട്ടിക്കുറച്ചിരുന്ന കാലത്താണ് കോഴഞ്ചേരിക്കാരുടെ നിരന്തര അഭ്യർഥന മാനിച്ച് തിരുവനന്തപുരം സ്റ്റേ സർവീസ് പുനരാരംഭിച്ചത്. ക്രിസ്മസ്, വിഷു ഉത്സവ സീസണുകളിൽ പ്രതിദിനവരുമാനം മുപ്പതിനായിരത്തിന് മുകളിലെത്തി.

പ്രവർത്തിദിവസങ്ങളിൽ ഇരുപത്തയ്യായിരത്തിനടുത്ത് വരുമാനം. രാവിലെ 5.10-ന് കാട്ടക്കടയിലേക്ക് പുറപ്പെടുന്ന ബസിൽ ഓമല്ലൂർ-പ്രക്കാനം ഭാഗത്തുനിന്നാണ് ഏറ്റവും അധികം യാത്രക്കാർ കയറുന്നത്. കോഴഞ്ചേരിയിൽനിന്ന് ഓമല്ലൂർ വഴിയുള്ള ഏക ദീർഘദൂര സർവീസ് ആർ.സി.സി.യിൽ തുടർചികിത്സയ്ക്കുപോകുന്ന രോഗികളടക്കം ഒട്ടേറെപ്പേർ പ്രയോജനപ്പെടുത്തുന്നു.

അല്പം ചരിത്രം

1968-ൽ ഇ.എം.എസ്. മന്ത്രിസഭ അധികാരത്തിലിരുന്ന കാലത്താണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാനായിരുന്ന എം.എം. ചെറിയാന്‍റെ പ്രത്യേക താത്പര്യപ്രകാരം കോഴഞ്ചേരിയിൽനിന്ന് ഓമല്ലൂർ-പ്രക്കാനം വഴി ബസ് സർവീസ് എന്ന ആശയം മുന്നോട്ടുവെയ്ക്കുന്നത്. കെ.കെ. നായരുടെ പ്രത്യേക ശുപാർശയും സർവീസ് ആരംഭിക്കുന്നതിന് പിന്നിലുണ്ടായിരുന്നു.

കയറിപ്പറ്റാൻ കാത്തുനിന്ന കാലം

:കോഴഞ്ചേരി തിരുവനന്തപുരം സ്റ്റേ സർവീസ് ആദ്യകാലത്ത് ഏറ്റവും അധികം പ്രയോജനപ്പെടുത്തിയിരുന്ന ഒരാളാണ് ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറായ ഓമല്ലൂർ ശങ്കരൻ. അദ്ദേഹം കോഴഞ്ചേരിക്കാരന്‍റെ ചരിത്രം ഓർമിക്കുന്നു:

1968-ൽ പ്രീഡിഗ്രി കാലത്താണ് കോഴഞ്ചേരിക്കാരന്റെ വരവ് കാണുന്നത്. അന്ന് പ്രദേശത്തുകൂടി വേറെ കെ.എസ്.ആർ.ടി.സി. സർവീസില്ല. പിന്നീട് തിരുവനന്തപുരത്ത് ബി.എൽ. പഠിക്കാൻ പോയ വർഷങ്ങളിൽ കോഴഞ്ചേരിക്കാരൻ നിത്യജീവിതത്തിന്‍റെ ഭാഗമായി. അന്നും ഓമല്ലൂരിൽനിന്ന് ആദ്യം കയറുന്നവർക്ക് മാത്രമേ ഇരിക്കാൻ സീറ്റ് കിട്ടുകയുള്ളു എന്നതിനാൽ ബസ് കയറാൻ വലിയ ബഹളമായിരിക്കും. വേറെ ബസില്ലാത്തതിനാൽ തിരുവനന്തപുരം വരെ കന്പിയിൽ തൂങ്ങിനിന്നെങ്കിലും പോകാൻ കഴിയുന്നത് വലിയഭാഗ്യമായി കരുതിയിരുന്നു. ഒരു കുടുംബംപോലെ ഒരുബസിൽ യാത്രചെയ്തിരുന്നവർ ദിവസവും ഹാജരെടുത്തിരുന്നതിനാൽ സ്ഥിരം യാത്രക്കാർ ഒരാളെങ്കിലും വന്നില്ലെങ്കിൽ അതും വലിയ വാർത്തയായിരുന്നു.

കൂട്ടായ്മയിൽ 400 പേർ

:ട്രിപ്പുകൾ കൃത്യത പാലിക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർക്ക് പ്രചോദനമാകുന്നത് യാത്രക്കാരുടെ ഈ കൂട്ടായ്മയാണെന്ന് കൊല്ലം ഡി.ടി.ഒ. നിസാർ പറയുന്നു. എക്സിക്യുട്ടീവ് ഡയറക്ടർ, കൊല്ലം ക്ളസ്റ്റർ ഓഫീസർ, തിരുവനന്തപുരം എ.ടി.ഒ. ഇൻസ്പെക്ടർമാർ, യാത്രക്കാർ, ജനപ്രതിനിധികൾ എന്നിങ്ങനെ നാനൂറിലേറെ അംഗങ്ങൾ കോഴഞ്ചേരി-തിരുവനന്തപുരം സർവീസിന്റെ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. ലൈവ് ലൊക്കേഷൻ ഗ്രൂപ്പിലൂടെ പങ്കിടുന്നതും എല്ലാവർക്കും സഹായമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..