കോഴഞ്ചേരി ടി.ബി. ജങ്ഷനിൽ പ്രവർത്തിക്കുന്ന അഞ്ചപ്പം | Photo: Mathrubhumi
കോഴഞ്ചേരി: ഉള്ളവനും ഇല്ലാത്തവനും എന്ന ഭേദമില്ലാതെ എല്ലാവരും ഒരു കൂരയ്ക്ക് കീഴിലിരുന്ന വിശപ്പ് മാറ്റട്ടെ എന്ന ലക്ഷ്യത്തോടെ , വൈദികനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടികാട് വിഭാവനം ചെയ്ത സ്നേഹക്കൂട്ടാണ് അഞ്ചപ്പം. അഞ്ചപ്പം ചാരിറ്റബൾ ട്രസ്റ്റാണ് ഇതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
കോഴഞ്ചേരിയിൽ അഞ്ചപ്പം തുറക്കുന്നു
വിശന്ന് എത്തുന്നവരോട് കാശു ചോദിക്കാതെ ഭക്ഷണം വിളന്പുന്ന ഇടം എന്ന ഫാ. ബോബി ജോസ് കട്ടിക്കാടിന്‍റെ ആശയം പ്രാവർത്തികമാകുന്നത് കോഴഞ്ചേരിയിൽ ചേർന്ന പതിനഞ്ച് ആളുകളുടെ കൂട്ടായ്മയാണ്.
കോഴഞ്ചേരി ടി.ബി. ജങ്ഷനിലുള്ള പഴയൊരു വീട് അങ്ങനെ ആദ്യത്തെ അഞ്ചപ്പമായി മാറി. ഭക്ഷണം വിളന്പുന്നതിനപ്പുറം വായനയുടെയും ചിന്തയുടെയും സേവന മനോഭാവത്തിന്‍റെയും ഇടം കൂടിയായി അഞ്ചപ്പം മാറി. തീൻ മേശകളുടെ ഇരുവശങ്ങളിലുമുള്ള ഷെൽഫുകളിൽ നിരവധി പുസ്തകളും അഞ്ചപ്പത്തിലെത്തുന്നവരെ കാത്തിരിക്കുന്നു.
ഭക്ഷണമാണ് മറുപടി
വിശക്കുന്നവന് മുന്നിൽ സുവിശേഷവുമായി ചെന്ന് അവന്‍റെ വിശപ്പ് മാറട്ടെ എന്ന് പ്രാർഥിക്കാൻ നമുക്കാവില്ല വിശക്കുന്നവന് ഭക്ഷണമാണ് മറുപടി എന്നതാണ് അഞ്ചപ്പത്തിന് പിന്നിലെ ദർശനം. സമൂഹം നീതിബോധത്തിലേക്ക് എത്തും വരെ നമുക്ക് കരുണയുടെ പൊയ്ക്കാലിൽ നടക്കേണ്ടിവരും ഫാ. ബോബി ജോസ് കട്ടികാട് പറയുന്നു.
വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്കുള്ള വര നേർത്തുനേർത്തുവരുന്നത് അഞ്ചപ്പത്തിന്‍റെ പ്രായോഗികതയിൽ നമുക്ക് കാണാം. അഞ്ചപ്പത്തിലെ നിസ്വാർത്ഥ സേവനത്തിൽ പങ്കാളികളാകാൻ കോളേജ് വിദ്യാർഥികൾക്ക് അവസരം നൽകുന്നുണ്ട്. ഭക്ഷണമെത്തിക്കൽ, വിളന്പൽ, മറ്റ് സന്നദ്ധപ്രവർത്തനത്തിന് സ്ഥിരമായി എത്തുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്.
ആശ്രയമാകുന്നത് നൂറുകണക്കിന് പേർക്ക്
തുന്പമണ്ണിലെ കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് കോഴഞ്ചേരി, റാന്നി മേഖലകളിലെ അഞ്ചപ്പത്തിലേക്ക് ഭക്ഷണമെത്തിക്കുന്നത്. പൂർണമായും സസ്യാഹാരമാണ് വിളന്പുന്നത്. ജൈവകൃഷി നടത്തുന്ന കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചാണ് പാചകം.
അഞ്ചുകൂട്ടം വരെ കറികളും ചോറും ഉണ്ടാകും. ഒരു സമയം 40 പേർക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യം അഞ്ചപ്പത്തിലുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ വിളന്പി തുടങ്ങും ഒന്നരയോടെ എത്തിച്ച ഭക്ഷണമെല്ലാം തീരും. നൂറിന് മുകളിൽ ആളുകൾക്ക് ദിനവും ഭക്ഷണം വിളന്പുന്നു. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകുന്നു.
കരുതലിന്‍റെ കരങ്ങൾ
ഒരു ഊണിന് 45 രൂപ വരെ ചിലവാകുന്നുണ്ടെങ്കിലും ഇവിടെ കാഷ് കൗണ്ടറോ പണം ചോദിക്കലോ ഇല്ല. കയറി ചെല്ലുന്നിടത്ത് വച്ചിട്ടുപോയിരിക്കുന്ന പെട്ടിയിൽ ഇഷ്ടമുള്ള തുകയിട്ട് മടങ്ങാം. എന്നാൽ, നിത്യചെലവിന് പോലും പെട്ടിയിൽ വീഴുന്ന കാശ് തികയാറില്ലെന്ന് അഞ്ചപ്പം കൂട്ടായ്മയുടെ ട്രഷറർ ഡോ. എലിസബത്ത് ബാബു കോശി പറയുന്നു.
സാധനങ്ങൾ വാങ്ങൽ, പാചകം, ഭക്ഷണം സെൻററുകളിലെത്തിക്കൽ, വിളന്പൽ എന്നിങ്ങനെയുള്ള പ്രവർത്തികളിലേർപ്പെട്ടിരിക്കുന്നവർക്ക് പ്രതിഫലം നൽകണം. ജീവകാരുണ്യത്തിനായി എല്ലാമാസവും സംഭാവന നൽകുന്ന ഏതാനും സുമനസുകളുടെ സഹകരണം കൊണ്ടാണ് അഞ്ചപ്പം എന്ന അപൂർവ മാതൃക ഏഴാം വർഷത്തിലേക്ക് കടക്കുന്നത്.
ബേബി സാം സാമുവലാണ് കോഴഞ്ചേരി അഞ്ചപ്പം കൂട്ടായ്മയുടെ പ്രസിഡൻറ്, സെക്രട്ടറി അനിൽ ചെറിയാൻ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..