നെല്ലിയാമ്പതി ചുരംപാത : ഏകാശ്രയമാണ്, പരിഗണനവേണം


2 min read
Read later
Print
Share

കഥയിങ്ങനെ

പോത്തുണ്ടി-കൈകാട്ടി ചുരംപാതയിൽ ഇരുമ്പുപാലത്തിനുസമീപം ഉരുൾപൊട്ടലിൽ തകർന്ന ഭാഗത്ത് മൺചാക്കുകൾ വെച്ചിരിക്കുന്നു

നെല്ലിയാമ്പതി: നെല്ലിയാന്പതിയിലെ ജനങ്ങൾക്ക് പുറംലോകത്തെത്താനുള്ള ഏകവഴിയാണ് പോത്തുണ്ടി-കൈകാട്ടി ചുരംപാത. വിനോദസഞ്ചാരികളുടേതുൾപ്പെടെ, ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാത കയറി നെല്ലിയാമ്പതിയിലെത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതും പിന്നീട് പൊതുമരാമത്തുവകുപ്പ് നവീകരിച്ചതുമായ പാതയാണ് ആദിവാസികൾ ഉൾപ്പെടെയുള്ള തോട്ടംതൊഴിലാളികളുടെ ഏകാശ്രയം. ബദൽപാതയെന്ന ആശയമുണ്ടായിരുന്നു. എന്നാൽ, നിലവിലുള്ള പാത നവീകരിച്ചെങ്കിലും തരണമെന്നത് നെല്ലിയാമ്പതിക്കാരുടെ ആവശ്യം.

ചുരംപാതയ്ക്ക് എന്തുസംഭവിച്ചു

മിക്കയിടങ്ങളിലും ഒറ്റവരി ഗതാഗതസൗകര്യം മാത്രമാണ് നെല്ലിയാമ്പതി ചുരംപാതയ്ക്കുള്ളത്. മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകുന്നത് പതിവാണ്. 2018-ലെ പ്രളയത്തിൽ ചുരംപാതയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും മരം കടപുഴകിവീണും 78 ഇടങ്ങളിൽ തകർച്ചയുണ്ടായി. ഉരുൾപൊട്ടലിൽ കുണ്ടറച്ചോല കലുങ്ക് പൂർണമായി ഒലിച്ചുപോയി. 12 ഇടങ്ങളിൽ ഉരുൾപൊട്ടി. പാതയുടെ പാതിയും ഇടിഞ്ഞു. ഒരാഴ്ചയോളം നെല്ലിയാമ്പതി പൂർണമായി ഒറ്റപ്പെട്ടു. 10 ദിവസംകൊണ്ട് താത്കാലിക പാലമുണ്ടാക്കിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. 2021-ൽ കുണ്ടറച്ചോലയിൽ പുതിയപാലം നിർമിക്കുകയും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 14 ഇടത്ത് സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തു.

തകർന്നയിടങ്ങൾ എന്തുചെയ്തു

ഉരുൾപൊട്ടി തകർന്ന നാലിടത്ത് ഇനിയും സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. വാഹനങ്ങൾ കൊക്കയിലേക്കു വീഴാതിരിക്കാൻ ഇരുമ്പുകുഴൽ ഉപയോഗിച്ച് കൈവരി സ്ഥാപിച്ചു. മറ്റിടങ്ങളിൽ മൺചാക്കുകൾ നിറച്ചും ഒഴിഞ്ഞ ടാർവീപ്പകൾവെച്ചും മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചുമാണ് ഗതാഗതത്തിന് സൗകര്യമൊരുക്കിയത്.

മഴക്കാലത്ത് ഈ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പലഭാഗങ്ങളിലും വെള്ളം കുത്തിയൊലിച്ച് കൂടുതൽ അപകടഭീതിയിലായി. പാത പൂർണമായി നവീകരിക്കാൻ 2019-ൽ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി. ഇതോടെ, പാതയിൽ പൊതുമരാമത്തുവകുപ്പ് നടത്തിവന്ന അറ്റകുറ്റപ്പണി പൂർണമായി നിലച്ചു. മഴക്കാലത്ത് യാത്രാദുരിതവും വിനോദസഞ്ചാരികൾക്ക് നിയന്ത്രണവും വന്നതോടെ നെല്ലിയാമ്പതി ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി.

രണ്ടുവർഷം എന്തുചെയ്തു

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയതോടെ ലോകബാങ്ക് എൻജിനിയർ മൈക്കൽ നൊഗ്യൂസും സംഘവും തകർന്ന ഭാഗങ്ങൾ പരിശോധിക്കുകയും 2019 നവംബറിൽ കൺസൾട്ടൻസി സ്ഥാപനമായ ലൂയിസ് ബർഗർ സർവേ നടത്തി സർക്കാരിന് റിപ്പോർട്ട്‌ നൽകുകയുംചെയ്തു. നെതർലൻഡ് മാതൃകയിൽ സംരക്ഷണഭിത്തിയും വെള്ളച്ചാലുകളും ഉൾപ്പെടെ നിർമിച്ച് നെന്മാറയിൽനിന്ന് പാടഗിരിവരെയുള്ള 30.47 കിലോമീറ്റർ നവീകരിക്കാൻ 90.95 കോടിയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരവും നൽകി.

നവീകരണത്തിന് വനഭൂമി ആവശ്യമായതിനാൽ അതിന്റെപേരിൽ വീണ്ടും തടസ്സം നേരിട്ടു. ഒരുവർഷത്തിനുശേഷം, വനഭൂമിക്കുപകരം മണ്ണാർക്കാട്ട്‌ 133 ഏക്കർ കൈമാറാൻ തീരുമാനിച്ചതോടെയാണ് പാത നവീകരണത്തിനു ജീവൻവെച്ചത്.

ഉത്തരവാദിയാര്

നിർമാണത്തിന് സർക്കാർ അംഗീകാരം ലഭിച്ചതോടെ പദ്ധതി നടപ്പാക്കാൻ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിനെയാണ് (കെ.എസ്.ടി.പി.) ചുമതലപ്പെടുത്തിയത്. 2020-ൽ കരാർ നടപടികൾ പൂർത്തിയാക്കി. ഇതിനിടെ, കരാറിൽ പങ്കെടുത്ത ഒരു കമ്പനിക്ക് യോഗ്യതയില്ലെന്നു കാണിച്ച് കെ.എസ്.ടി.പി. അപേക്ഷ നിരസിച്ചു. അവർ ഹൈക്കോടതിയെ സമീപിച്ചതിനാൽ പ്രവൃത്തി തുടങ്ങാൻ വീണ്ടും ഒരുവർഷം വൈകി.

തടസ്സം നീക്കാൻ കെ. ബാബു എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കേണ്ടിവന്നു. മന്ത്രി അടിയന്തരമായി ഇടപെടുമെന്ന് മറുപടി നൽകിയശേഷമാണ് പൊതുമരാമത്തുവകുപ്പ് കോടതിയിൽ തുടർനടപടി സ്വീകരിച്ചത്. കമ്പനിയുടെ അപേക്ഷ കോടതി തള്ളിയെങ്കിലും കരാറെടുത്ത കമ്പനി പ്രവൃത്തിയിൽനിന്ന് കാരണമില്ലാതെ പിന്മാറി. ഇതോടെ, പ്രവൃത്തി അനിശ്ചിതത്വത്തിലായി.

ഇനിയെന്ത്

ഹൈക്കോടതി ഉത്തരവുവന്നതോടെ വീണ്ടും കരാർ ക്ഷണിക്കാൻ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കെ.എസ്.ടി.പി. അസി. എൻജിനിയർ പറഞ്ഞു. അഞ്ചുവർഷംമുൻപ് തയ്യാറാക്കിയ പഴയനിരക്കിൽ നിർമാണമേറ്റെടുക്കാൻ ആരും തയ്യാറാകാനിടയില്ല. അതിനാൽ, പുതിയനിരക്കുപ്രകാരം വീണ്ടും കരാർ ക്ഷണിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

പുതിയകരാറിനുള്ള സർക്കാർ അനുമതി ലഭിക്കുന്നതോടെ നടപടികൾ പൂർത്തീകരിച്ച് മഴക്കാലത്തിനുശേഷം നവീകരണപ്രവൃത്തി തുടങ്ങാനുള്ള ശ്രമത്തിലാണ് കെ.എസ്.ടി.പി. അധികൃതർ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..