• ഡോ. ആർ.കെ. സോമശേഖരൻ തന്റെ അരുമ മൃഗങ്ങൾക്കൊപ്പം
പെരുമ്പാവൂർ: പ്രതിസന്ധികളും പരിമിതികളും ഏറെയുണ്ടെങ്കിലും അരികിലണഞ്ഞ മിണ്ടാപ്രാണികളെ ചേർത്തുപിടിക്കുകയാണ് ഡോ. സോമശേഖരൻ. 20 കൊല്ലം മുൻപ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട അഞ്ച് നായ്ക്കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തായിരുന്നു തുടക്കം. ഇപ്പോൾ വീട്ടിൽ 170 ഓളം നായ്ക്കളുണ്ട്. കൂടാതെ, ഒൻപത് കാളകൾ, ഒരു ഡസനിലധികം പൂച്ചകൾ, ആടുകൾ എന്നിവയുടെയും രക്ഷാകർത്താവാണ് 70-കാരനായ ഡോക്ടർ.
കനിവിന്റെ വൃന്ദാവനം
വളയൻചിറങ്ങര ജങ്ഷന് സമീപമുളള 30 സെന്റ് സ്ഥലത്തെ വൃന്ദാവൻ എന്ന വീടിന് ചുറ്റിലും പല തട്ടുകളായി കൂടുകൾ നിർമിച്ച് ഒരു നിയോഗംപോലെ ഇവയെ സംരക്ഷിക്കുകയാണ് ഇദ്ദേഹം. തനി നാടൻ മുതൽ മുന്തിയ ഇനം നായകൾ വരെയുണ്ട്. രോഗങ്ങൾ മൂലം ഉടമകൾ ഉപേക്ഷിച്ചതും തെരുവിൽ അലഞ്ഞുനടന്നവയുമാണ് ഏറെ. സമീപക്ഷേത്രങ്ങളിൽ ഭക്തർ നടയ്ക്കിരുത്തിയവയാണ് കാളകൾ.
സമീപവാസികളുടെ പരാതികളുണ്ടെങ്കിലും സഹജീവികളോടുള്ള ഡോക്ടറുടെ കരുതലിന് അവ തടസ്സമാകുന്നില്ല. പോലീസും പഞ്ചായത്തുമെല്ലാം പരിശോധനകളുമായി എത്തിയെങ്കിലും അരുമകളോടുള്ള ഡോക്ടറുടെ ഹൃദയബന്ധത്തിന്റെ ആഴം തിരിച്ചറിഞ്ഞതോടെ പരാതികൾ കുറഞ്ഞു.
മാസം ചെലവ് രണ്ടുലക്ഷം രൂപ
തിരുവനന്തപുരം വെമ്പായം സ്വദേശിയായ ഡോ. സോമശേഖരൻ 23 കൊല്ലം മുൻപാണ് സ്വകാര്യ ആശുപത്രിയിലെ ജോലിയുമായി വളയൻചിറങ്ങരയിലെത്തിയത്. മുൻപ് ആർമിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃഗങ്ങളാണെങ്കിലും അവയ്ക്കും ജീവനില്ലേ... ഉപേക്ഷിക്കുന്നതെങ്ങനെ...?' അരുമകളെക്കുറിച്ചുപറയുമ്പോൾ ഡോക്ടറുടെ കണ്ഠമിടറും, കണ്ണുകൾ നിറയും.
മാസം രണ്ടുലക്ഷം രൂപയാണ് അരുമകൾക്കായി ചെലവിടുന്നത്. പെൻഷനും രോഗികളെ ചികിത്സിച്ചുകിട്ടുന്ന വരുമാനവുമെല്ലാം ഇവയ്ക്കായി ചെലവഴിക്കുന്നു. മകൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അരുണിന്റെ സഹായമുണ്ട്. ഭാര്യയും മൂന്ന് മക്കളും ഉൾപ്പെടുന്നതാണ് ഡോക്ടറുടെ കുടുംബം. രണ്ട് പെൺമക്കൾ വിവാഹിതരാണ്.
അഭയകേന്ദ്രം ഒരുക്കണം
ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിശാലമായ മറ്റൊരിടത്ത് ഒരു അഭയകേന്ദ്രം നിർമിക്കണമെന്നാണ് ഡോക്ടറുടെ ആഗ്രഹം. ഇതിനായി സമാനമനസ്കരെ ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർ.
പഞ്ചായത്തിന്റെ സഹായമുണ്ടാകും
ജനസാന്ദ്രതയേറിയ സ്ഥലത്ത് മൃഗങ്ങളെ വളർത്തുന്നതിൽ പരാതികളുണ്ട്. എന്നാൽ, ജീവകാരുണ്യ പ്രവൃത്തി എന്ന നിലയിൽ ഡോക്ടറുടെ ആഗ്രഹപ്രകാരം മറ്റൊരു സ്ഥലത്തേക്ക് ഇവയെ മാറ്റുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കഴിയാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാൻ തയ്യാറാണെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..