തിരുനെല്ലിയിലെ നങ്ക അങ്ങാടികൾ


2 min read
Read later
Print
Share

കാട്ടുകിഴങ്ങുമായി ഗോത്രവനിതകൾ

കാട്ടിക്കുളത്ത് നിന്ന് കാടിനുള്ളിലൂടെ തിരുനെല്ലിയിലേക്കുള്ള തെറ്റ് റോഡ് എത്തുന്നതിന് മുമ്പാണ് ഇരുമ്പുപാലം കോളനി. കാട്ടുമൃഗങ്ങളോട് മല്ലടിക്കുന്ന കോളനിക്ക് മുന്നിൽ വലിയ കിടങ്ങുണ്ട്. കിടങ്ങിന് കുറുകെ മുളകൊണ്ട് നിർമിച്ച ഒരു പാലം കാണാം. ഈ പാലം കടന്നാൽ മറ്റൊരു ലോകമാണ്. ആദ്യകാഴ്ചയിൽതന്നെ പുല്ലുമേഞ്ഞ നങ്ക അങ്ങാടി വേറിട്ട കാഴ്ചകളുമായി വരവേൽക്കും. മുളകൊണ്ട് വേർതിരിച്ച ചുമരുകളും ഇരിപ്പിടങ്ങളുമെല്ലാമായി കാടിന്റെ പീടിക. ചായയും പലചരക്ക് സാധനങ്ങളുമായി സ്ത്രീകൾ നടത്തുന്ന കാടിന്റെ സ്വന്തം പീടിക. കാടിറമ്പങ്ങളിലെ ഈ സംരംഭങ്ങൾക്ക് പിന്നിലും കഥകളുണ്ട്.

ഉപ്പ് തൊട്ട് കർപ്പൂരംവരെ വാങ്ങണമെങ്കിൽ പത്തും ഇരുപതും കിലോമീറ്റർ കാടിറങ്ങേണ്ടി പോകേണ്ടതായിരുന്നു പഴയ കാലം. ഈ കാടിനുള്ളിൽവന്ന് കട നടത്താനൊന്നും ആരും വരില്ല. ആദിവാസികൾ മാത്രമുണ്ടായിരുന്ന ഈ ഗ്രാമങ്ങളിൽ ഇന്ന് എല്ലാ സാധനങ്ങളും കിട്ടും. കാടിനുള്ളിൽ ഇവർതന്നെ ഇവർക്കായി പലചരക്ക് കടയും ചായക്കടയും നടത്തുന്നു. ഇതിൽനിന്നും കിട്ടുന്ന വരുമാനവും ഇവർക്ക് തന്നെ എടുക്കാം. ഇങ്ങനെയാണ് നങ്ക അങ്ങാടി തിരുനെല്ലി കാടിനുള്ളിലെ അങ്ങാടികളായി മാറിയത്. ഒന്നും രണ്ടുമല്ല ഇരുപത്തിമൂന്നോളം നങ്ക അങ്ങാടികൾ ഇന്ന് തിരുനെല്ലി കാടിനുള്ളിൽ വേറിട്ടൊരു ജീവിതഗാഥകൾ പറയുന്നു. പ്രകൃതിസൗഹൃദ അങ്ങാടികൾ ഇന്ന് തിരുനെല്ലിയിലെത്തുന്നവർക്കും കൗതുകമാണ്.

കോവിഡ് കാലത്തെ ആശയം

നാടെങ്ങും കോവിഡ് മഹാമാരിയിൽ പകച്ചുനിന്നപ്പോൾ തിരുനെല്ലിയും പുറംലോകത്ത് നിന്ന് ഏറെക്കാലം ഒറ്റപ്പെട്ടുപ്പോയി. ഏറെയും ആദിവാസി കുടുംബങ്ങൾ മാത്രമുള്ള ഇടങ്ങളിൽ നിത്യോപയോഗ സാധനങ്ങളില്ലാത്ത സാഹചര്യം. ഈ കടമ്പകളെ മറികടക്കാനുള്ള പോംവഴിയിൽ നിന്നാണ് നങ്ക അങ്ങാടി എന്ന ഗോത്രഗ്രാമങ്ങളുടെ സ്വന്തം പീടികകളുടെ തുടക്കം. കോവിഡ് കാലത്ത് ഈ ഗ്രാമങ്ങളിൽ അരിമുതലുള്ള നിത്യോപയോഗസാധനങ്ങൾ എത്തിക്കാൻ കുടുംബശ്രീ കൈകോർത്തു. ഇങ്ങനെയാണ് കുടുംബശ്രീമിഷനും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തും ചേർന്ന് നങ്ക അങ്ങാടിക്ക് തുടക്കമിടുന്നത്. നങ്ക അങ്ങാടി എന്നാൽ കാട്ടുനായ്ക്കഭാഷയിൽ ഞങ്ങളുടെ അങ്ങാടി എന്നാണ് അർഥം.

തിരുനെല്ലി ആദിവാസി സമഗ്രവികസനപദ്ധതിയുടെ ഭാഗമായി എല്ലാ ഊരുകളിലും നങ്ക അങ്ങാടി ഇതോടെ യാഥാർഥ്യമായി. ആദ്യഘട്ടത്തിൽ കുടുംബശ്രീയുടെ സഹായത്തോടെ നിത്യോപയോഗസാധനങ്ങൾ ഈ കടകളിലെത്തിച്ച് വിതരണംചെയ്യാൻ തുടങ്ങി. പതിയെ പതിയെ കോവിഡ് വിട്ടുതുടങ്ങിയതോടെ ഊരു നിവാസികളിൽ ഒരാൾക്ക് കടയുടെ ചുമതല നൽകി. അങ്ങനെ അത് അവരുടെ അങ്ങാടിയായി ‘നങ്ക അങ്ങാടി’ മാറുകയായിരുന്നു.

നങ്ക അങ്ങാടികൾ തുടങ്ങാൻ കുടുംബശ്രീ ഗോത്ര വനിതകൾക്ക് മുപ്പതിനായിരം രൂപവരെ വായ്പ അനുവദിച്ചു. ആഴ്ചയിൽ 500 രൂപവീതം കടയുടമകൾ തിരിച്ചടയ്ക്കണം. കടയിൽനിന്നുമുള്ള വരുമാനം ഇവർക്ക് തന്നെയെടുക്കാം. പണിയ, അടിയ, കാട്ടുനായ്ക്കവിഭാഗത്തിലെ സ്ത്രീകളാണ് ഇന്ന് നങ്ക അങ്ങാടികളുടെ ഉടമകൾ. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്ത ഗോത്രസ്ത്രീകൾപോലും ഉന്മേഷത്തോടെ കടകൾ നടത്തുന്നതും വനഗ്രാമങ്ങളുടെ കാഴ്ചകളായി മാറി. തിരുനെല്ലിയിലെത്തുന്ന തീർഥാടകരും വിനോദ സഞ്ചാരികളുമെല്ലാം നങ്ക അങ്ങാടിയുടെ ഇറയത്ത് അതിഥികളായി എത്തുന്നുണ്ട്. നാടൻഭക്ഷണങ്ങൾകൂടി വിളമ്പുന്നരീതിയിലേക്ക് നങ്ക അങ്ങാടികൾ മാറി വരുന്നതോടെ കാടിറമ്പങ്ങളിലെ ഈ അങ്ങാടിയുടെ പെരുമകളും ചുരമിറങ്ങുകയാണ്.

ജില്ലയിലെ അറുപതോളം ഗോത്രഗ്രാമങ്ങളിലേക്കും നങ്ക അങ്ങാടി കൈകൾ നീട്ടി. ഊരു നിവാസികൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ ലഭ്യമാക്കുന്നതിലൂടെ നങ്ക അങ്ങാടികളുടെ ലക്ഷ്യം തൊട്ടു. നങ്ക അങ്ങാടികളുടെ കൺസോർഷ്യം രൂപവത്കരിച്ച് പൊതുമാർക്കറ്റിൽനിന്ന് മിതമായനിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി ഈ കടകളിലൂടെ ഊരുനിവാസികൾക്ക് വിതരണം ചെയ്യുകയെന്നതാണ് കുടുംബശ്രീയും ലക്ഷ്യമിടുന്നത്.

‘നൂറാങ്ക് ’ കാടിന്റെ കിഴങ്ങുകൾ

പുതുമഴ ലഭിച്ചതോടെ മണ്ണൊരുക്കി കിഴങ്ങുകളെല്ലാം നട്ടു. ഒരുകാലത്തുണ്ടായിരുന്ന കാടിന്റെയും നാടിന്റെയും ഭക്ഷ്യ വൈവിധ്യങ്ങളെയാണ് നൂറാങ്ക് പുതിയ തലമുറകൾക്കായി പരിചയപ്പെടുത്തുന്നത്. അന്യമാകുന്ന ഈ കിഴങ്ങുവർഗങ്ങളുടെ സംരക്ഷണവും പ്രചാരണവുമാണ് നൂറാങ്കിലൂടെ ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. 180 വ്യത്യസ്തങ്ങളായ കിഴങ്ങുവർഗങ്ങൾ നൂറാങ്ക് സംരക്ഷിക്കുന്നുണ്ട്. കാച്ചിൽ, കൂർക്ക, ചേമ്പ്, മഞ്ഞൾ, കൂവ എന്നിവയുടെ വ്യത്യസ്തമായ ഇനങ്ങളാണ് നൂറാങ്കിലുള്ളത്. സുഗന്ധ കാച്ചിൽ, പായസ കാച്ചിൽ, കരിന്താൾ, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ, കാച്ചിൽ, ആറാട്ടുപുഴ കണ്ണൻ ചേമ്പ്, തൂൾ കാച്ചിൽ അങ്ങനെ വൈവിധ്യമാർന്ന കിഴങ്ങുശേഖരങ്ങൾ നൂറാംങ്കിന്റെ പ്രത്യേകതയാണ്. ഈ വർഷം മുന്നൂറോളം കിഴങ്ങുകൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. വളർന്നുവരുന്ന തലമുറകൾക്ക് കിഴങ്ങുവർഗങ്ങൾ പരിചയപ്പെടുത്തി അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നതും നാടൻ കിഴങ്ങ് വർഗ പഠന പരിരക്ഷണ കേന്ദ്രമായി വളരുകയെന്നതും നൂറാങ്കിന്റെ സ്വപ്നമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..