ഒറ്റപ്പാലത്ത് ആരോരുമില്ലാത്തവർക്ക് ഫ്രാൻസിയുണ്ട്


2 min read
Read later
Print
Share

ഫ്രാൻസി തന്റെ ഓട്ടോറിക്ഷക്കൊപ്പം

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലേക്ക് രോഗികളെയുംകൊണ്ടുള്ള യാത്രക്കിടെ ഓട്ടോ ഡ്രൈവർ ഫ്രാൻസിക്ക് ഒരു ഫോൺ വന്നു. പാലപ്പുറത്ത് അവശനിലയിൽ ഒരു രോഗി കിടക്കുന്നു. ഉടൻ എത്തണം. ആശുപത്രിയിൽനിന്ന് ഓട്ടോ നേരെ പാലപ്പുറത്തേക്ക് തിരിച്ചു. മണ്ണിൽ നിരങ്ങിനീങ്ങി കാലിലെ മുറിവ് പഴുത്ത് പുഴുവരിക്കുന്ന അവസ്ഥയിൽ ഒരു വയോധികൻ. ആളുകൾ അടുക്കാൻ മടിച്ചപ്പോൾ ഫ്രാൻസി അയാളെ കോരിയെടുത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒറ്റപ്പാലം തോട്ടക്കര പൂളക്കാപ്പറമ്പിൽ ഫ്രാൻസി പോൾ (40) എന്ന ഓട്ടോഡ്രൈവർക്ക് ഇതൊന്നും പുതിയ കാര്യമല്ല. ആരോരുമില്ലാതെ ശാരീരികാവശതകളനുഭവിക്കുന്ന 25-ലേറെ പേർക്ക് ചികിത്സയും ആശ്വാസവും നൽകാൻ ഓടിയെത്തിയിട്ടുണ്ട് ഈ ഓട്ടോഡ്രൈവർ. താടിയും മുടിയും വളർന്ന് വൃത്തിഹീനമായ സാഹചര്യത്തിലുള്ളവരെ ഫ്രാൻസി തന്റെ ഓട്ടോയിൽ കൊണ്ടുവരും. മുടിയും താടിയും വെട്ടിയൊതുക്കി കുളിപ്പിച്ച് വൃത്തിയാക്കിയശേഷം ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകുന്നത്. ഒരു നയാപൈസ മോഹിച്ചല്ല, ഈ സാമൂഹികസേവനം.

അശരണർക്കൊപ്പം ആറുവർഷം

-ലാണ് ഫ്രാൻസി ഒറ്റപ്പാലത്ത് ഓട്ടോഡ്രൈവറാകുന്നത്. പിന്നീട് ഒറ്റപ്പാലം താലൂക്ക് ആശുപത്രി പരിസരത്തെ ഓട്ടോ സ്റ്റാൻഡിലേക്കെത്തി. ആശുപത്രിയിലേക്കെത്തുന്ന അശരണരായ രോഗികളുടെ അവസ്ഥ കണ്ട് അയാൾക്ക് പലപ്പോഴും മനസ്സ് വേദനിച്ചു. 2017-ൽ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിലേക്കെത്തുന്ന രോഗികൾക്ക് ഓട്ടോറിക്ഷയിൽ സൗജന്യയാത്രയെന്ന സേവനം പ്രഖ്യാപിച്ച് അയാൾ സമൂഹത്തെ സ്നേഹിച്ചുതുടങ്ങി. ഇതോടെ എവിടെ ആര് അവശതയോടെ കിടക്കുന്നത് കണ്ടാലും ആളുകൾ ഫ്രാൻസിയെ വിളിക്കും. ഒരു മടിയും കൂടാതെ അയാൾ ഓടിയെത്തും.

‘‘ഫ്രാൻസീ...ആശുപത്രിയിലേക്ക് വരൂ’’

പല സ്ഥലങ്ങളിൽനിന്നായി മാനസികപ്രശ്നമുള്ളവരെയും അസുഖമുള്ളവരെയും പോലീസും ആശുപത്രിയിൽ കൊണ്ടുവിടാറുണ്ട്. ഇങ്ങനെ ആളുകളെത്തുമ്പോൾ ആശുപത്രി അധികൃതർ ഫ്രാൻസിയെ വിളിക്കും. പിന്നെ ആരോരുമില്ലാത്ത ആ രോഗിയുടെ പരിചരണമെല്ലാം ഒറ്റയ്ക്ക് ഏറ്റെടുക്കും. വസ്ത്രവും ഭക്ഷണവും നൽകാനും മറ്റ് പ്രാഥമികകാര്യങ്ങളിൽ സഹായിക്കാനും ഇയാൾ മുന്നിലുണ്ടാകും. ഇപ്പോഴും തന്റെ വരവ് കാത്ത് ആശുപത്രിയിലെ വാർഡിൽ രണ്ടോ മൂന്നോ പേരുണ്ടെന്നാണ് ഫ്രാൻസി പറയുന്നത്.

കണക്കുപറച്ചിൽ ഇല്ല

അവിവാഹിതനായ ഫ്രാൻസി ഒറ്റയ്ക്കാണ് താമസം. ആകെ വരുമാനം തന്റെ പ്രിയപ്പെട്ട ഓട്ടോറിക്ഷ തന്നെ...പലപ്പോഴും വാഹനത്തിന്റെ ഫിറ്റ്‌നസ് നേടാനും ഇൻഷുറൻസ് ഉൾപ്പെടെയുള്ള നടപടികൾക്കും വലിയ തുക വേണമെന്നാകുമ്പോൾ ആകെ സാമ്പത്തികപ്രശ്നത്തിലാകും. എന്നാൽ, അതുകൊണ്ടൊന്നും ഈ സേവനങ്ങൾ നിർത്താൻ ഫ്രാൻസി ഉദ്ദേശിക്കുന്നില്ല. ഒരാൾ കൈസഹായം തേടി അവശനിലയിൽ കാണുമ്പോൾ മറ്റൊന്നും ആലോചിക്കാനാകില്ലെന്നും ഫ്രാൻസി പറയുന്നു. ഈ പ്രതിസന്ധികളുള്ളതിനാൽ ഇപ്പോൾ ഡയാലിസിസിന് എത്തുന്ന രോഗികളിൽനിന്ന് പകുതി യാത്രാക്കൂലി വാങ്ങിയാണ് സേവനം. എന്നാൽ, സാമ്പത്തികശേഷിയില്ലാത്തവരെന്ന് തോന്നിയാൽ ആ പണവും വാങ്ങാറില്ലെന്ന്‌ ഫ്രാൻസി പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..