ഡോ. മുഹമ്മദുകുട്ടി തന്റെ ക്ലിനിക്കിൽ
പട്ടാമ്പി: പുന്നശ്ശേരി ഗുരുകുലത്തെക്കുറിച്ച് പറയുമ്പോൾ ഡോക്ടർ കെ.പി. മുഹമ്മദുകുട്ടി നമ്രശിരസ്കനാവുന്നു. തന്നെ ഒരു ഭിഷഗ്വരനാക്കിയത് പുന്നശ്ശേരി നമ്പിയുടെ അനുഗ്രഹമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ‘ആയുർവേദശിരോമണി’ക്കാരനും വൈദ്യവിശാരദനുമായ തനിക്ക് പെരുമുടിയൂരും പട്ടാമ്പിയിലുമെല്ലാമുള്ള പുന്നശ്ശേരി തട്ടകത്തിലെ വീടുകളിൽ ചികിത്സാർഥം 1962 മുതൽ പോകാൻ കഴിഞ്ഞതും ഗുരുനാഥന്റെ കൃപയാലാണെന്ന് അദ്ദേഹം കരുതുന്നു. 87 വയസ്സിന്റെ ‘ചെറുപ്പത്തിൽ’ ഇന്നും പട്ടാമ്പിയിലെ മിനി ഫാർമയിൽ ഗ്രാമീണരടക്കമുള്ളവർ ചികിത്സതേടി എത്തുന്നതും ഈ അനുഗ്രഹംകൊണ്ടുതന്നെ.
പുന്നശ്ശേരിയിലെയുംമദ്രാസിലെയും പഠനകാലം
പട്ടാമ്പി ഗവ. യു.പി. സ്കൂളിൽ അഞ്ചാംക്ലാസ് പാസായശേഷം, നമ്പിയുടെ ശിഷ്യൻ കൂടിയായ അച്ഛൻ അസൈനാർ വൈദ്യരാണ് 1946-ൽ മുഹമ്മദുകുട്ടിയെ പെരുമുടിയൂർ പുന്നശ്ശേരി സംസ്കൃത പാഠശാലയിൽ ചേർത്തത്. അവിടെ എന്തിനും പി. രാമൻ നമ്പീശൻ മാഷ് കൂടെനിൽക്കാൻ ഉണ്ടായിരുന്നു.
എലിമെന്ററി രണ്ടാംക്ലാസിൽ ചേർന്ന മുഹമ്മദുകുട്ടിക്ക് രണ്ട് ഡബിൾ പ്രൊമോഷനുകൾ കിട്ടി. ആയുർവേദം പ്രവേശനപരീക്ഷ പാസായി. ആ വർഷം എൻട്രൻസ് പാസായത് മുഹമ്മദുകുട്ടി മാത്രമായിരുന്നു. ഒരു കുട്ടിക്കുവേണ്ടി ആയുർവേദശിരോമണി ക്ലാസ് ആ വർഷം പെരുമുടിയൂരിൽ തുടങ്ങിയില്ല. സാഹിത്യശിരോമണി ക്ലാസിൽ ചേരേണ്ടിവന്നു. എങ്കിലും ‘ആയുർവേദശിരോമണി’ ഒരു പ്രലോഭനമായി മനസ്സിലുണ്ടായിരുന്നു. അതിന് മദ്രാസിലെ വെങ്കിട്ടരമണ ആയുർവേദ കോളേജിൽ ചേരണം. അക്കാലത്ത് ബ്രാഹ്മണർ നടത്തുന്ന കോളേജിൽ ഒരു മുസ്‌ലിം ബാലന് പ്രവേശനം കിട്ടുന്നത് ചിന്തിക്കാൻകൂടി പ്രയാസം. സാമ്പത്തികം മറ്റൊരു കടമ്പയും. എന്നാലും രാമൻ നമ്പീശൻ മാസ്റ്റർ കൂടെ വന്നു.
ഇവിടുത്തെ മുൻ പ്രിൻസിപ്പൽ പുന്നശ്ശേരി നമ്പിയുടെ ശിഷ്യൻ എം.വി. ഗോവിന്ദവാര്യരായിരുന്നു. കൂടിക്കാഴ്ചയിൽ രാമൻ നമ്പീശൻ മാസ്റ്റർ മുഹമ്മദുകുട്ടിയുടെ അച്ഛൻ നമ്പിശിഷ്യൻ അസൈനാർ വൈദ്യരാണെന്ന് പറഞ്ഞു.
സംസ്കൃത കാവ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സുവ്യക്തമായി മറുപടി പറയാനും മുഹമ്മദുകുട്ടിക്ക് കഴിഞ്ഞു. അതോടെ പഠിക്കാൻ അവസരമായി. മാസം 20 രൂപ സ്കോളർഷിപ്പ് ലഭിച്ചു. കോളജിലെ ആയുർവേദ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്നതിനടക്കം എല്ലാ കാര്യങ്ങളിലും ഓടിപ്പായാൻ മുഹമ്മദുകുട്ടി ശുഷ്കാന്തികാട്ടി. പരീക്ഷയിൽ ഒന്നാമനായി. ലക്ഷ്മി അമ്മാൾ പ്രൈസ് മദ്രാസ് ഗവർണർ വിഷ്ണു റാംമേഥി സമ്മാനിച്ചു.
മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എ.എം.എസ്. പാഠ്യപദ്ധതി വരുന്നതിനുമുമ്പ് ആദ്യമായി ‘ആയുർവേദശിരോമണി’ പാസായ മുസ്‌ലിം വിദ്യാർഥിയായി. പ്രിൻസിപ്പൽ സുബ്രഹ്മണ്യശാസ്ത്രികളുടെ ഈ വത്സലശിഷ്യന് ചീഫ് ജസ്റ്റിസാണ് സ്വർണമെഡൽ സമ്മാനിച്ചത്.
പട്ടാമ്പിയിലെ യുവ ഡോക്ടർ
തച്ചമ്പാറ ആയുർവേദ ആശുപത്രിയിൽ കുറച്ചുകാലം ജോലിചെയ്തു. പിന്നീട് ചികിത്സയുടെ തട്ടകം പട്ടാമ്പിയായി. വൈദ്യമഠം നാരായണൻ നമ്പൂതിരിയിൽനിന്ന് പഞ്ചകർമ ചികിത്സയിൽ വൈദഗ്ധ്യവും നേടി. മദ്രാസിൽനിന്ന് വൈദ്യവിശാരദ കോഴ്സിൽ അനാട്ടമി, ഫിസിയോളജി, മൈനർ സർജറി എന്നിവയിലെ പഠനവും പരിചയവും തൃത്താലയിലെ ഡോ. ഗോപാലൻ നായരുമായുള്ള അടുപ്പവും ചികിത്സകൾക്ക് മികവേകി. അന്ന് അയിത്താചരണം നിലനിന്നിരുന്നു. എന്നാൽ അച്ഛൻ അസൈനാർ വൈദ്യരുടെ വഴികളിൽ, വീടുകളിൽ ചികിത്സയ്ക്കെത്താൻ അതൊന്നും ഡോക്ടർക്ക് തടസ്സമായില്ല. കാരണം അന്ന് ആ വീടുകളിലൊക്കെ പുന്നശ്ശേരി കോളേജിൽ പഠിച്ച വിദ്വാന്മാരും വിദുഷികളും ഉണ്ടായിരുന്നു. ഡോക്ടർക്ക് പോകാൻ ഒരു ഓസ്റ്റിൻ കാർ ഉണ്ടായതും അനുഗ്രഹമായി. അപകടങ്ങളിൽ വലിയ പരിക്കേറ്റവർക്കുപോലും അന്ന് പ്രാഥമിക ചികിത്സ നൽകാനായി.
വികസനവും പരിസ്ഥിതിയും
ചികിത്സാ തിരക്കിനിടയിലും മുഹമ്മദുകുട്ടി സംഘടനാ പ്രവർത്തനത്തിലും നാടിന്റെ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ജാഗരൂകനായി. ഓൾ ഇന്ത്യാ ആയുർവേദ കോൺഗ്രസ്, ആയുർവേദ മണ്ഡലം, പട്ടാമ്പി വികസന സമിതി, പി.കെ. വാര്യർ പ്രസിഡന്റായിരുന്ന നിള സംരക്ഷണസമിതി, കോളേജ് വെൽഫെയർ കമ്മിറ്റി എന്നിവയുടെ മുൻനിര പ്രവർത്തകനായി.
ഇപ്പോൾ സീനിയർ സിറ്റിസൺ ഫോറം സീനിയർ പ്രസിഡന്റും പട്ടാമ്പിയുടെ വികസനസമിതി സെക്രട്ടറിയുമാണ്. നബീസയാണ് ഭാര്യ. മുഹമ്മദ് സലീം (ആയുർവേദ എം.ഡി.), ഷെഫീക്ക് ഹസ്സൻ, ഹാസിഷ് മൊയ്തീൻ, റിയാസ് ബാബു, ഷക്കീല, സീനത്ത് എന്നിവർ മക്കളാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..