കുഞ്ഞൻ ചേളന്നൂർ
ചേളന്നൂർ: നാടൻപാട്ട്, താളവാദ്യം, അഭിനയം ഇതൊന്നുമില്ലാതെ കുഞ്ഞൻ ചേളന്നൂരിന് ജീവിതമില്ല. തളരാതെ മുന്നോട്ടുനയിക്കുന്ന ജീവതാളംകൂടിയാണ്, ഇദ്ദേഹത്തിന് കല.
ചെറുപ്പംമുതലേ കലയോട് പ്രിയമുണ്ടായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തബല വായിച്ചുതുടങ്ങിയ കലാജീവിതം. പ്രതികൂലസാഹചര്യങ്ങൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളെ മറികടക്കാനുള്ള മരുന്നായിരുന്നു അത്. എല്ലാറ്റിനെയും അതിജീവിച്ച് കലതന്നെ സ്വന്തം ജീവിതമാക്കി മുന്നോട്ടുപോവുകയാണ് മണ്ണിന്റെ മണമുള്ള പാട്ടുകളെ ഹൃദയത്തിലേറ്റുന്ന ഈ കലാകാരൻ.
ഏറ്റവുംകൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് തെരുവിലാണെന്ന് കുഞ്ഞൻ പറയുന്നു. മാനാഞ്ചിറയുൾപ്പെടെ കോഴിക്കോടിന്റെ തെരുവോരങ്ങളിൽ സാമൂഹികപ്രശ്നങ്ങൾക്കെതിരേ ശബ്ദിച്ചും ബോധവത്കരണമായും ലാഭേച്ഛയില്ലാതെ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. തെരുവുനാടകങ്ങൾ, തകിലുകൊട്ടിപ്പാടൽ തുടങ്ങി എല്ലാമുണ്ട്. ഒറ്റയ്ക്ക് തകിൽ വായിച്ചുപാടുന്ന പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചതായി കുഞ്ഞൻ പറഞ്ഞു. സർക്കാർതലത്തിലുള്ള ബോധവത്കരണവുമായി ജില്ലകൾതോറും സഞ്ചരിക്കുന്ന തിരക്കിലാണിപ്പോൾ. ഗാനമേളകളിൽ തബല വായിക്കും. നാട്ടിലെ എല്ലാ വേദികളിലെയും നിറസാന്നിധ്യമാണ്.
കുഞ്ഞന്റെ അച്ഛൻ ചോയിക്കുട്ടി പ്രൊഫഷണൽ നാടകനടനായിരുന്നു. ഗിരീഷ് പി.സി. പാലത്തിന്റെ നാടകത്തിലൂടെയാണ് നാടകരംഗത്തേക്ക് എത്തുന്നത്. നാടകപ്രവർത്തകൻ കെ.ജി. ഹർഷനെ പരിചയപ്പെട്ടത് കുഞ്ഞന്റെ ജീവിതത്തിൽ വഴിത്തിരിവായി. യഥാർഥ പേര് ഷാൽജിത്ത് എന്നാണ്. ‘ഹർഷന്റെ കുഞ്ഞൻ’ എന്ന് പറഞ്ഞാണ് കുഞ്ഞനെന്ന പേര് വീണത്.
ഗിരീഷ് ആമ്പ്രയാണ് കുഞ്ഞനെ നാടൻപാട്ടുരംഗത്തേക്ക് സജീവമാക്കുന്നത്. ‘ജീവതാളം’ എന്ന നാടൻപാട്ട് പ്രോഗ്രാം സ്വന്തമായി ചെയ്യുന്നുണ്ട്.
പാട്ടുക്കൂട്ടത്തിന്റെ പ്രഥമ കലാഭവൻമണി പുരസ്കാരം ലഭിച്ചത് വലിയ അംഗീകാരമായി. 2021-ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡും ലഭിച്ചു. നാടകരംഗത്തെ സംഗീതത്തിന് സമഗ്രസംഭാവനയ്ക്ക് കാഴ്ച കോഴിക്കോട് പുരസ്കാരം നൽകി അനുമോദിച്ചു.
കലയല്ലാതെ മറ്റൊന്നുമില്ല തന്റെ ജീവിതത്തിലെന്ന് പറയുന്ന കുഞ്ഞന് ചെറിയ സങ്കടവുമുണ്ട്, തന്നെപ്പോലുള്ള കലാകാരന്മാർക്ക് അർഹതപ്പെട്ട പരിഗണന പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. അമ്പലപ്പാട് ചിറ്റടിമുക്കിൽ വാടകവീട്ടിലാണ് കുഞ്ഞനും കുടുംബവും താമസിക്കുന്നത്. സ്വന്തമായൊരു വീടെന്നത് കുഞ്ഞന് ഇപ്പോഴും സ്വപ്നം മാത്രമാണ്. ഭാര്യ ബിന്ദ്യയും മക്കളായ ദേവപ്രയാഗ്, ദേവഗംഗ എന്നിവരുൾപ്പെട്ടതാണ് കുടുംബം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..