സേവനം ‘തപസി’നൊരു തപസ്സ്‌


1 min read
Read later
Print
Share

തപസ്‌ രണ്ടാംവാർഷികത്തിന്റെ ഭാഗമായി നടത്തിയ കുടുംബസംഗമത്തിൽ പങ്കെടുത്തവർ

പത്തനംതിട്ട: പിറന്ന നാടിന്റെ സേവകരാണ് സൈനികർ. ജന്മനാടിനായി ജീവിതത്തിന്റെ നല്ലൊരുപങ്കും ഉഴിഞ്ഞുവെച്ച ഇവർക്ക് സേവനപ്രവർത്തനങ്ങൾ രക്തത്തിലലിഞ്ഞുചേർന്നതാണ്. സൈന്യത്തിൽനിന്നു പിരിഞ്ഞശേഷവും നാടിനുവേണ്ടി സേവനം ചെയ്യണം എന്ന മുദ്രാവാക്യവുമായി ഒരു സംഘനട ജില്ലയിലുണ്ട്. തപസ്‌ (ടീം പത്തനംതിട്ട സോൾജിയേഴ്‌സ്) എന്ന ഈ കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധേയമാവുകയാണ്.

മൂന്നുവർഷമായി പ്രവർത്തിക്കുന്ന ഈ സംഘടന ഇപ്പോൾ ഒട്ടേറെ ആളുകൾക്ക് ആശ്രയവും ആശ്വാസവുമാണ്. അതിർത്തിയിലുള്ള സൈനികരുടെ കുടുബങ്ങൾക്കും ബന്ധുക്കൾക്കും ആവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കുക എന്നതായിരുന്നു സംഘടനയുടെ ആദ്യ ഉദ്ദേശ്യം. പിന്നീടിത് നാടിന്റെ എല്ലാ തട്ടിലേക്കും വ്യാപിപ്പിച്ചുള്ള സാമൂഹികക്ഷേമ പ്രവർത്തനങ്ങളായി മാറി. ധനസഹായങ്ങൾ, രക്തദാനം, ഓണക്കിറ്റ് വിതരണം, അഗതിമന്ദിരം, ബാലികാസദനം, ആദിവാസി ഊരുകൾ എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങൾ എത്തിക്കുക എന്നിവകൂടാതെ പ്രളയക്കെടുതികളിലും കോവിഡ് കാലത്തും ഇവർ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിലെ പങ്കും വളരെ വലുതായിരുന്നു. ഇന്ന് 450-ഒാളം അംഗങ്ങളുള്ള സന്നദ്ധസംഘടനയാണ് തപസ്. ജി.ദിനേഷ്‌കുമാർ ‌(പ്രസി.), ജി.ഗോപൻ (സെക്ര.) എന്നിവരാണ് ഇപ്പോഴത്തെ ഭാരവാഹികൾ.

രക്തദാനം മഹാദാനം

പ്രധാനമായും തപസ്സിന്റെ പ്രവർത്തനങ്ങൾ രക്തദാനത്തിലായിരുന്നു. ഏറ്റവും കൂടുതൽ തവണ രക്തദാനക്യാമ്പ് നടത്തിയ സംഘടനയ്ക്കുള്ള ആദരവ് ജില്ലാ മെഡിക്കൽ ഒാഫീസറിൽനിന്ന് ഏറ്റുവാങ്ങി മറ്റുള്ളവർക്ക് മാതൃകയാകാൻ തപസ്സിന് സാധിച്ചു. 2020, 2021 കാലയളവിൽ തപസ്സിലെ 75 അംഗങ്ങളാണ് രക്തം ദാനം നൽകിയത്‌. മറ്റുജില്ലകളിലേക്കും രക്തദാനത്തിനായി തപസ്സിന്റെ പ്രവർത്തകർ എത്തുന്നു.

കോവിഡ് കാലത്തെ പോരാട്ടം

കോവിഡ് കാലത്ത് ദുരിതമനുഭവിച്ചിരുന്ന നിർധനർക്കും രോഗികൾക്കും രാപകൽ ഡ്യൂട്ടിനോക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊതിച്ചോർ, കുടിവെള്ളം, മെഡിക്കൽ കിറ്റ്, സാനിറ്ററി കിറ്റ്, തുടങ്ങിയവ വിതരണംചെയ്തു. 50 രൂപ ചലഞ്ചിലൂടെ ലഭിച്ച പണമുപയോഗിച്ച് ജില്ലയിലെ 14 അഗതിമന്ദിരം, ബാലാശ്രമങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങളുംമറ്റും എത്തിച്ചു. വിദ്യാർഥികൾക്ക് പഠനസഹായം എത്തിച്ചുകൊടുക്കാനും ഇവർ മുന്നിട്ടുനിന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..