'മാധുരി'-കരിമ്പ് വിളഞ്ഞുനിൽക്കുന്ന പാടത്ത് കർഷകരായ ചൂരക്കുറ്റിക്കൽ രഞ്ജു പി.നാഥ്, സത്യേന്ദ്രൻ, മനോജ് കുമാർ എന്നിവർ
മല്ലപ്പള്ളി: രണ്ടാഴ്ചകൂടി കാത്തിരുന്നാൽമതി, നാവിൽ വെള്ളമൂറുന്ന കരിമ്പിൻ മധുരത്തിന്റെ പട്ടികയിൽ കോട്ടാങ്ങൽ പഞ്ചായത്ത് ഇടംപിടിക്കുകയായി. മഠത്തുംമുറി ചൂരക്കുറ്റിക്കൽ പ്രദേശത്ത് അഞ്ചേക്കറിലാണ് ’മാധുരി’യെന്ന കരിമ്പ് വിളഞ്ഞുനിൽക്കുന്നത്.
ചൂരക്കുറ്റിക്കൽ രഞ്ജു പി.നാഥ്, സത്യേന്ദ്രൻ, മനോജ് കുമാർ എന്നിവർ ചേർന്ന് ഒരു വർഷം മുൻപാണ് ഇവിടെ കൃഷിയിറക്കിയത്. നെൽകൃഷി നടത്തി നഷ്ടം നേരിട്ടപ്പോഴാണ് പുതിയ വിളയിലേക്ക് തിരിഞ്ഞത്. പാട്ടത്തിന് സ്ഥലമെടുത്ത് ഉഴുതുമറിച്ചു. തിരുവല്ല കല്ലുങ്കൽനിന്ന് കരിമ്പിൻ തണ്ടുകൾ എത്തിച്ചു നട്ടു. വളർന്നപ്പോൾ യൂറിയയും പൊട്ടാഷും ജൈവവളങ്ങളും ആവശ്യത്തിന് നൽകി. പത്ത് ലക്ഷത്തോളം രൂപ ചെലവായതായി കർഷകർ പറയുന്നു. ഒന്നരയേക്കറിലെ കരിമ്പ് വെട്ടാൻ പാകമായിട്ടുണ്ട്.
വിളവെടുക്കാൻ കാലമായതോടെ പഞ്ചായത്ത് എൻ.ആർ.ഇ.ജി.എസ്. സഹായത്തോടെ ശർക്കര തയ്യാറാക്കാനുള്ള ഷെഡ് ഒരുക്കുകയാണ്. ഇതിൽ അടുപ്പും നിർമിക്കും. 650 ലിറ്റർ കരിമ്പിൻ നീര് ഉരുക്കി എടുക്കാവുന്ന വലിയ പാത്രം നാകത്തകിട് ഉപയോഗിച്ച് ഉണ്ടാക്കിയത് തമിഴ്നാട്ടിൽ നിന്നെത്തിയ വിദഗ്ധരാണ്. കല്ലുങ്കൽനിന്നുള്ള പണിക്കാർ വന്ന് ഇനി കരിമ്പിൻതണ്ട് മുറിച്ച് ശർക്കരയാക്കണം. കുഴമ്പ് രൂപത്തിലുള്ള പതിയൻ ശർക്കരയാണ് വിൽപ്പനയ്‌ക്കെത്തിക്കുക. കിലോയ്ക്ക് 150 രൂപയ്ക്ക് വിൽക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രഞ്ജു പി.നാഥ് പറഞ്ഞു. കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിളയായി കരിമ്പിനെ ഏറ്റെടുത്തിട്ടുണ്ട്. വിപണനത്തിനും സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..