ജീവിതം പച്ചനിറമായി മാറാൻ ഒരു വര മതി


2 min read
Read later
Print
Share

ചിത്രകാരൻ സി.പി. പ്രസന്നൻ വിദ്യാർഥികൾക്ക് ചിത്രരചനയിൽ പരിശീലനം നൽകുന്നു

തിരുവല്ല: കഷ്ടപ്പാടുനിറഞ്ഞ ബാല്യകാലത്തിനിടെ ഒരുവരയിലൂടെ കേരളത്തിലെ ചിത്രകാരൻമാരുടെ മുൻനിര പട്ടികയിൽ ഇടംനേടി ജീവിതം പച്ചനിറമായ കലാകാരനാണ് തിരുവല്ല സ്വദേശിയായ പ്രസന്നൻ. ശ്രീവല്ലഭ ക്ഷേത്രവും പരിസരവും ആണ് തുകലശ്ശേരി വരവീണ വീട്ടിൽ സി.പി. പ്രസന്നൻ(50) എന്ന ചിത്രകാരനെ രൂപപ്പെടുത്തിയത്. തിരുവല്ലാഴപ്പന്റെ ഇഷ്ടവഴിപാടായ കഥകളിയിലെ രൂപഭാവങ്ങളിൽനിന്നും വേഷവിധാനങ്ങളിൽനിന്നും പകർന്നുകിട്ടിയ നിറസങ്കല്പമാണ് സി.പി. പ്രസന്നന്റെ കാൻവാസുകളുടെ പൊലിമ.

ക്ഷേത്രത്തിലെ കഥകളി അരങ്ങിന് ചുറ്റും 20 വർഷം മുമ്പ് പ്രസന്നൻ വരച്ചുവച്ച കഥകളി വേഷങ്ങൾ ഇന്നും പ്രധാന ആകർഷണമാണ്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള യു.പി. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് എണ്ണയ്ക്കാട് രാജൻ എന്ന ചിത്രകല അധ്യാപകനാണ് പ്രസന്നനിലെ ചിത്രകാരനെ കണ്ടെടുത്തത്. അക്കാദമിക് നിലവാരത്തിലുള്ള ചിത്രരചന സങ്കേതങ്ങളെ പരിചയപ്പെടുന്നത് കേരള ലളിതകലാ അക്കാദമി ചെയർമാൻ ആയിരുന്ന സി.കെ.രാമകൃഷ്ണൻ നായർ എന്ന കേരളത്തിന്റെ അതുല്യ ചിത്രകാരന്റെ കീഴിൽ അഭ്യസിക്കാൻ തുടങ്ങിയപ്പോഴാണ്.

ഇതിനകം 500-ലേറെ കഥകളി രൂപങ്ങളാണ് എണ്ണച്ചായത്തിലും, ആക്രിലിക്കലും വരച്ചുതീർത്തത്. കഥകളി രൂപത്തിൽ ആധുനിക ചിത്രീകരണ സമ്പ്രദായത്തിൽ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഇവ തിരുവനന്തപുരത്ത് പ്രദർശനത്തിനായി ഒരുക്കിയപ്പോൾ ഇവിടെ സന്ദർശിക്കാനെത്തിയ ജർമനിയിൽനിന്നുള്ള ഒരു ചിത്രകലാസ്‌നേഹി മുഴുവൻ ചിത്രങ്ങളും വാങ്ങിയാണ് മടങ്ങിയത്. സൂര്യ കൃഷ്ണമൂർത്തി പ്രസന്നന്റെ കഥകളി ചിത്രങ്ങളുടെ പ്രത്യേകത കണ്ടറിഞ്ഞ് ഇന്ത്യയിൽ ഒട്ടാകെ പര്യടനം നടത്താനുള്ള സൗകര്യംചെയ്തു. അങ്ങനെ ഒരു മാസത്തിലേറെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.

2003-ൽ അമൃതവർഷം-50 അന്തർ ദേശീയ ചിത്രപ്രദർശനത്തിലൂടെ ഗോൾഡ് മെഡൽ കരസ്ഥമാക്കി. 12-വർഷം മുൻപ് തിരുവല്ല മാർക്കറ്റ് ജങ്ഷനിൽ ആരംഭിച്ച സി.കെ. രാ സ്‌കൂൾ ഇന്ന് മധ്യ തിരുവിതാംകൂറിലെ ഏറ്റവും വിപുലമായ ചിത്രകലാ പരിശീലനകേന്ദ്രമാണ്. സ്‌കൂളിന്റെ ഭാഗമായി ആരംഭിച്ച ആർട്ടൂൺ ആർട്ട് ഗാലറി, ജില്ലയിലെ തന്നെ ഏക പ്രദർശനകേന്ദ്രമാണ്. കോവിഡ് കാലത്ത് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള അറുപതോളം കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്ട്‌സിൽ പ്രസന്നന്റെ ശിഷ്യരായ വിദേശരാജ്യങ്ങളിലെ ഉൾപ്പെടെ 51 കുട്ടികളെ ഉൾപ്പെടുത്തി അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ചിത്രപ്രദർശനം നടത്തിയത് ജനശ്രദ്ധ ആകർഷിച്ചു. എസ്. ആശാകുമാരിയാണ് ഭാര്യ. പി.ശ്രീറാം, പി.അഭിറാം എന്നിവരാണ് മക്കൾ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..