കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ സൈക്കിൾ ക്ലബ്ബായ പെഡൽ ആറന്മുള മാരാമൺ സമഷ്ടി ഹെർബൽ ഗാർഡനിലെത്തിയപ്പോൾ
പന്തളം: കാലംമാറിയപ്പോഴും സൈക്കിളിനെ കൈവിടാൻ ഒരുക്കമല്ലാത്ത ഒരുകൂട്ടർ കുളനടയിലുണ്ട്. എത്താവുന്ന ദൂരത്തിൽ നാടുകണ്ട് കറങ്ങാനും ഒപ്പം വ്യായാമം ശീലമാക്കാനും മുന്നിട്ടിറങ്ങിയത് കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ സൈക്കിൾ ക്ലബ്ബായ പെഡലിന്റെ പ്രവർത്തകരാണ്. നാട്ടിലെ എത്തിപ്പെടാൻപറ്റുന്ന ചെറിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ചരിത്രമുറങ്ങുന്ന സ്ഥലങ്ങളുമെല്ലാം ചുറ്റിക്കാണുകയാണ് ഇവർ. പണ്ട് സൈക്കിളിൽ കിലോമീറ്ററുകൾ ചവിട്ടി സിനിമയ്ക്കുപോയവരും സൈക്കിളിനെ കാഴ്ചവസ്തുവായി മാത്രം കണ്ടുവരുന്ന പുതിയതലമുറയും ഇവർക്കൊപ്പമുണ്ട്.
ആവേശത്തോടെ യുവാക്കളും
ആറുമാസത്തിനിടെ നാല് സ്ഥലങ്ങൾ സന്ദർശിച്ച സൈക്കിൾ ക്ലബ്ബംഗങ്ങൾക്ക് സൈക്കിളിൽ യാത്രചെയ്യുന്നതിൽ ഇപ്പോൾ മടിയില്ല. പകരം വ്യായാമത്തിലൂടെ ജീവിതശൈലീ രോഗങ്ങളിൽനിന്നുള്ള മോചനവും ലഭിക്കും. 12 പേരടങ്ങുന്ന സംഘത്തിന്റെ ആദ്യയാത്ര പരുമല തിരുമേനിയുടെ കബറിടത്തിലേക്കായിരുന്നു. മണ്ണടിയിൽ വേലുത്തമ്പി ദളവയുടെ സ്മാരകത്തിലേക്കും അടൂരിൽ ശിലാ സന്തോഷിന്റെ ശിലാ മ്യൂസിയത്തിലേക്കും യാത്രചെയ്തു. പൈതൃകഗ്രാമമായ ആറന്മുളയിലേക്കുള്ള യാത്രയാണ് അവസാനമായി നടത്തിയത്.
പമ്പയാറിന്റെ തീരത്ത് മാരാമണ്ണിൽ നാലേക്കറിലായി വ്യാപിച്ചു കിടക്കുന്ന സമഷ്ടി ഹെർബൽ ഗാർഡനും ആറന്മുളക്കണ്ണാടി നിർമാണ യൂണിറ്റും ഇവർ സന്ദർശിച്ചു. അടുത്തയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് സംഘം. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് കൺവീനർ പി.ജെ. റോഷനുമായി ബന്ധപ്പെടാം. ഫോൺ: 9497101191. വായനശാല പ്രസിഡന്റ് ജോസ് കെ.തോമസ്, കൺവീനർ പി.ജെ. റോഷൻ, സുനിൽ കുരുവിള, സുനിൽ ജോൺ, സജി വർഗീസ്, ഷൈബു ഏബ്രഹാം, ജെ.ജ്യോതിഷ്, റോയ് ജോൺ, കെ.രാജൻ, അഖിൽ വിദ്യാധരൻ, ഷിബു ജോർജ്, സജി നാരകത്തുംമണ്ണിൽ എന്നിവരാണ് നേതൃത്വംനൽകുന്നത്.
കുടുംബയാത്രയ്ക്ക് സൗദി സൈക്കിൾ
കുടുംബമായും രണ്ടുപേർക്കും യാത്രചെയ്യാൻ കഴിയുന്ന സൈക്കിളിനൊപ്പം പെഡൽ ക്ലബ്ബിൽ ചേർന്നത് കൈപ്പുഴ വടക്ക് കക്കുന്നിൽ ജേക്കബ് വർഗീസാണ്. നാട്ടുകാർക്കും ഇത് കൗതുകക്കാഴ്ചയാണ്. നാലുവീലും നാലുപെഡലും രണ്ട് സ്റ്റിയറിങ്ങുമുള്ള സൈക്കിളിൽ നാലുപേർക്ക് ചാരിയിരുന്ന് സൈക്കിൾ ചവിട്ടി യാത്രചെയ്യാം. രണ്ടുപേർക്ക് ഒരേപോലെ ചവിട്ടിപ്പോകാവുന്ന സൈക്കിളും ജേക്കബിനുണ്ട്. സൗദിയിൽ കമ്പനിയിൽ ജോലിചെയ്യുന്ന ജേക്കബ് അവിടെനിന്ന് പാഴ്‌സലായി കൊണ്ടുവന്നതാണ് രണ്ട് സൈക്കിൾ. ഭാര്യ ഷീനാ ജേക്കബും മക്കളായ ജീൻ ജേക്കബും സാന്ദ്ര ജേക്കബും ഇതിലെ യാത്രക്കാരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..