ജെസ്സി ടോജിയും സൂനം ചാക്കോയും.
കുട്ടനാട്: ‘ജെസ്സിയാന്റീ അമ്മച്ചി ഒഴുകിപ്പോന്നേ... രക്ഷിക്കണേ... എന്ന കുരുന്നുകളുടെ കരച്ചിൽ കേട്ടപ്പോൾ എന്റെ വയ്യായ്കയൊന്നും ഞാൻ ഓർത്തില്ല. ആറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു...’ സംഭവത്തെപ്പറ്റി പറയുമ്പോൾ ജെസ്സിക്ക് ഇപ്പോഴും കിതപ്പുമാറുന്നില്ല.
പമ്പയാറ്റിൽ മുങ്ങിത്താണ സഹോദരിമാരെ ഹൃദ്രോഗ ബാധിതയായ ജെസ്സി ഒറ്റയ്ക്ക് രക്ഷപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആദരമൊക്കെ ഏറ്റുവാങ്ങി സ്റ്റാർ ആയിരിക്കുകയാണു നാട്ടിലിപ്പോൾ.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു സംഭവം. വെളിയനാട് പത്താംവാർഡ് പമ്പയാറ്റിൽ തുണിയലക്കി കുളിക്കാൻ ഇറങ്ങിയതായിരുന്നു കുന്നുപറമ്പിൽ ജെസ്സി ടോജിയുടെ (50) അയൽക്കാരായ പത്തിൽ വീട്ടിൽ സൂനം ചാക്കോയും (39) സുധയും (33). ഇരുവരുടെയും മക്കളായ സെയ്ജൽ, മിലൻ (ഇരുവരും ഏഴാം ക്ലാസ്), മെലീന (മൂന്നാം ക്ലാസ്) എന്നിവരുമുണ്ടായിരുന്നു. അലക്കുകഴിഞ്ഞു കുളിക്കുന്നതിനിടെ സൂനം കാൽ വഴുതി ആറ്റിലേക്കു മലർന്നുവീണു.
വെള്ളം ഏറ്റമുള്ള സമയം നല്ലഒഴുക്കുമുണ്ടായിരുന്നു. വെപ്രാളത്തിൽ കൈയിട്ടടിച്ച സൂനം കരയിൽനിന്ന് ആറിനു നടുവിലേക്ക് ഒഴുകിപ്പോയി. ഒപ്പം സൂനത്തിനെ കയറിപ്പിടിച്ച സഹോദരി സുധയും മുങ്ങിത്താണു. ഇരുവർക്കും നീന്തൽ വശമില്ലായിരുന്നു.
കടവിലുണ്ടായിരുന്ന കുട്ടികൾ കരഞ്ഞുവിളിക്കുന്നത് ആറ്റുതീരത്തെ വീട്ടിലുണ്ടായിരുന്ന ജെസ്സി അവ്യക്തമായി കേട്ടു. എന്താണു സംഭവമെന്ന് അറിയാൻ ആറ്റുവക്കിലേക്കു പോയപ്പോഴാണ് ഇരുവരും മുങ്ങിത്താഴ്‌ന്ന് ആറിന്റെ നടുവിലേക്കു നീങ്ങുന്നതു കണ്ടത്.
കടവിലുണ്ടായിരുന്ന കുട്ടികൾ ആറ്റിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു. കുട്ടികളെ വേഗം റോഡിലേക്ക് കയറ്റി ജെസ്സി ആറ്റിലേക്ക് എടുത്തുചാടി. സൂനവും സുധയും പരസ്പരമുള്ള പിടി വിട്ടിരുന്നില്ല. സുധയുടെ കാലിലാണ് ജെസ്സിക്ക് പിടിത്തം കിട്ടിയത്. മെല്ലെ വലിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ ആദ്യം നടന്നില്ല. മുങ്ങിപ്പോയി വെള്ളം കുടിച്ചെന്ന് ജെസ്സി പറഞ്ഞു. എന്നിട്ടും ഏറെ പണിപ്പെട്ട് ഇരുവരെയും കരയിലേക്കു കൊണ്ടുവന്ന് കൽക്കെട്ടിലേക്കു വലിച്ചിട്ടു.
‘അപ്പോഴേക്കും എന്റെ നെഞ്ച് ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു. കൽക്കെട്ടിൽപ്പിടിച്ച് കുറച്ചുനേരം കിടന്നപ്പോഴേക്കും നാട്ടുകാർ ഓടിയെത്തി ഞങ്ങളെ പിടിച്ചുകയറ്റി. ആറ്റുവക്കിൽ കുറച്ചുനേരം കിടന്നു കഴിഞ്ഞാണു ശ്വാസം നേരേ വീണത്. എന്നിട്ടും ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല’ - ജെസ്സി പറഞ്ഞു.
‘ജെസ്സിച്ചേച്ചി ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു. ചേച്ചിയുടെ ധൈര്യം കൊണ്ടാണു ഞങ്ങൾ രക്ഷപ്പെട്ടത്.’ - സൂനം ചാക്കോ പറഞ്ഞു. ഹൃദ്രോഗ ബാധിതയായി കോട്ടയം മെഡിക്കൽ കോളേജിൽ മാസങ്ങളായി ചികിത്സയിലാണു ജെസ്സി. ഇതിനിടയിലും ജീവൻ പണയുംവെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ജെസ്സിക്ക് അഭിനന്ദനപ്രവാഹമാണിപ്പോൾ.
തുണയായത് ദിവസേനയുള്ള നീന്തൽ
ദിവസേന വ്യായാമത്തിനായി നീന്തുന്നതാണു രണ്ടു പേരെ രക്ഷപ്പെടുത്താൻ ജെസ്സിക്ക് ആത്മധൈര്യമേകിയത്. അമിതവണ്ണമുണ്ടായിരുന്ന ജെസ്സിക്ക് ഹൃദ്രോഗം ബാധിച്ചപ്പോൾ വണ്ണം കുറച്ചേ തീരൂവെന്നു ഡോക്ടർമാർ പറഞ്ഞു. ആറ്റുവക്കിനോടു ചേർന്നു വീടുള്ള ജെസ്സി അങ്ങനെയാണു ഡോക്ടറുടെ ഉപദേശപ്രകാരം നീന്തൽ തുടങ്ങിയത്.
ദിവസവും രാവിലെ കുറച്ചുനേരം വളരെസാവധാനം ആറ്റിൽ നീന്തും. അമിതമായി കിതപ്പോ ക്ഷീണമോ തോന്നുംമുമ്പ് കരയ്ക്കുകയറും. വ്യായാമത്തിനായുള്ള ഈ നീന്തലാണു രക്ഷാപ്രവർത്തനത്തിനു ചാടിയിറങ്ങാൻ ജെസ്സിക്ക് ആത്മധൈര്യമേകിയത്. ശരീരഭാരം നന്നായി കുറയ്ക്കാനും നീന്തൽ സഹായിക്കുന്നുണ്ടെന്നു ജെസ്സി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..