കെ.എൻ. ഗോവിന്ദൻനമ്പൂതിരി ജോലിക്കിടെ
കെ.എൻ. ഗോവിന്ദൻനമ്പൂതിരി റെയിൽവേ സ്റ്റേഷൻമാസ്റ്ററാണ്. ജോലികഴിഞ്ഞിറങ്ങിയാൽ ജീവത എഴുന്നള്ളത്തുകാരൻ, സംഗീതസംവിധായകൻ, ഗായകൻ, വയലിൻവാദകൻ... അങ്ങനെ വേഷങ്ങൾ പലതാണ്. തിരക്കും ഉത്തരവാദിത്വവും ഏറെയുള്ള ജോലിയുടെ പിരിമുറുക്കത്തിൽനിന്നും കുറച്ചുനേരത്തേക്കെങ്കിലും മാറിനിൽക്കാൻ സ്വയംതിരഞ്ഞെടുത്ത വഴികളാണിത്.
2004 ൽ സേലം ഡിവിഷനിലെ കരൂർ സ്റ്റേഷനിലാണു സ്റ്റേഷൻമാസ്റ്ററായി ജോലി തുടങ്ങുന്നത്. പിന്നീട്, മംഗലാപുരം, പിറവം, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ജോലിചെയ്തു. മൂന്നുവർഷമായി തീരദേശപാതയിലെ ഏറ്റവും വലിയസ്റ്റേഷനായ ആലപ്പുഴയിലാണ്.
ഹരിപ്പാട് പള്ളിപ്പാട് കൊച്ചൂരില്ലത്ത് കെ.എൻ. ഗോവിന്ദൻനമ്പൂതിരി 13 വയസ്സുള്ളപ്പോൾ ജീവത എഴുന്നള്ളത്ത് തുടങ്ങിയതാണ്. കുടുംബാംഗങ്ങൾക്കൊപ്പം പള്ളിപ്പാട് മണക്കാട്ട് ക്ഷേത്രത്തിലാണു തുടക്കം. ഇതിനൊപ്പം ഇരട്ടക്കുളങ്ങര, കാഞ്ഞൂർ ക്ഷേത്രങ്ങളിലും പറയെഴുന്നള്ളത്തിനുണ്ടായിരുന്നു. ക്ഷേത്രഭാരവാഹികൾക്കൊപ്പം കിലോമീറ്ററുകളോളം നടന്നായിരുന്നു പറയെടുപ്പ്.
പറയെഴുന്നള്ളത്തിനൊപ്പം കാപ്പൊലി, അൻപൊലി, എതിരേൽപ്പ്, കൂട്ടയെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകളിലെല്ലാം ഗോവിന്ദൻനമ്പൂതിരി ജീവതയെടുത്തിട്ടുണ്ട്. കണ്ണാടികളുപയോഗിച്ച് അലങ്കരിക്കുന്ന കെട്ടുജീവതകളാണ് കാർത്തികപ്പള്ളി താലൂക്കിലുള്ളത്. മറ്റുസ്ഥലങ്ങളിൽനിന്നും വ്യത്യസ്തമായ താളവും ചുവടുമാണ് ഇവിടത്തെ ജീവതയെഴുന്നള്ളത്തിനുള്ളത്. കൃത്യമായചിട്ടവട്ടങ്ങളോടെ ജീവതയെഴുന്നള്ളിക്കാൻ വർഷങ്ങളുടെ പരിശീലനമാവശ്യമാണ്. ഗോവിന്ദൻ നമ്പൂതിരി ഈ മേഖലയിലെ ഏറ്റവും പ്രധാനിയാണ്. ജീവത ജീവിതത്തിന്റെ ഭാഗമാണെന്നാണു ഗോവിന്ദൻ നമ്പൂതിരി പറയുന്നത്.
തമിഴ്‌നാട്ടിൽ ജോലിയിലായിരുന്നപ്പോൾ പറയെഴുന്നള്ളത്ത് ഒഴിവാക്കി മറ്റു ചടങ്ങുകൾക്കാണു ജീവതയെടുത്തിരുന്നത്. ആലപ്പുഴയിൽ എത്തിയശേഷം കൂടുതൽ സമയം ഇതിനായി മാറ്റിവെക്കുന്നു. അടുത്തിടെ ഹരിപ്പാട് വെട്ടുവേനി മഴുപ്പയിൽ മഠം, ഏവൂർ കണ്ണമ്പള്ളിൽ തുടങ്ങിയ ക്ഷേത്രങ്ങളിൽ ജീവതയെഴുന്നള്ളിപ്പിനുണ്ടായിരുന്നു.
പാട്ടും വയലിനും പഠിച്ചിട്ടുണ്ട്. കച്ചേരികളിൽ വയലിൻ വായിക്കാറുണ്ട്. സ്വന്തമായി സംഗീതംനിർവഹിച്ചു പാടിയ മൂന്ന് ആൽബങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു. നാലെണ്ണത്തിന്റെ പണിപ്പുരയിലാണ്. സുഹൃത്തുക്കളാണ് ആൽബങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്. എഴുന്നള്ളത്തിനും പാട്ടിനുമൊന്നും പ്രതിഫലം വാങ്ങാറില്ലെന്നു ഗോവിന്ദൻ നമ്പൂതിരി പറയുന്നു.
കൊച്ചൂരില്ലത്ത് നാരായണൻനമ്പൂതിരിയുടെയും സരസ്വതീദേവിയുടെയും മകനാണ്. ഭാര്യ: ദ്രൗപതീദേവി. മക്കൾ: ദേവനാരായണൻ, വിഷ്ണുനാരായണൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..