ഡോ. സജി ആർ. കുറുപ്പ് ആലപ്പുഴ എസ്.ഡി. കോളേജിൽ പാചകത്തിനിടെ
ആലപ്പുഴ: മേം ഖാനാ ബനാത്താ ഹും.... ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് സിനിമയിലെ മേം ഗൂർഖാ ഹും ഹൈ ഹോ ഡയലോഗ് പോലെയാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഹിന്ദി അധ്യാപകൻ പാചകം ചെയ്യുന്നതിനിടെ ഏതെങ്കിലും ഹിന്ദിക്കാര് വിളിച്ചാൽ ഇങ്ങനെയല്ലാതെ എന്തുപറയും?
ആലപ്പുഴ എസ്.ഡി. കോളേജിൽ പാചകം ചെയ്യുന്നതിനിടെ വന്ന ഫോൺകോളിന് എറണാകുളം മഹാരാജാസ് കോളേജിലെ ഹിന്ദി അസി. പ്രൊഫസർ ഡോ. സജി ആർ. കുറുപ്പും ഇതേ മറുപടിയേ പറയൂ. കാരണം, അധ്യാപനം ജോലിയായും പാചകം പാഷനായും കാണുന്നയാളാണു കുറുപ്പ് സാർ. അതുകൊണ്ടുതന്നെയാണ് പഴയകൂട്ടുകാർക്കു വെച്ചുവിളമ്പാൻ നേരമില്ലാത്തനേരത്തും സാർ ഓടിയെത്തിയത്.
നാഷണൽ സർവീസ് സ്കീം അലുമ്നിയുടെ ജില്ലാതല ദ്വിദിന ക്യാമ്പ് ആലപ്പുഴ എസ്.ഡി. കോളേജിൽ ശനിയാഴ്ചയാണു തുടങ്ങിയത്. രണ്ടുദിവസവും മൂന്നുനേരത്തെ ഭക്ഷണം പാചകംചെയ്യുന്നതിന്റെ ചുമതല സജി ആർ. കുറുപ്പിനാണ്. എസ്.ഡി. കോളേജിൽ പഠിക്കുമ്പോൾ എൻ.എസ്.എസ്. വൊളന്റിയറായി തുടങ്ങിയപ്പോഴാണു പാചകംചെയ്തു തുടങ്ങിയത്. അതുപിന്നീട് ജീവിതത്തിൽ പാഷനായി മാറി.
മഹാരാജാസ് കോളേജിൽ അധ്യാപകനായി ജോലികിട്ടിയപ്പോഴും അതുകൈവിടാൻ സജി തയ്യാറായില്ല. അവധിദിവസങ്ങളിലൊക്കെ പാചകം പിടിക്കും. ആയിരം മുതൽ 25,000 പേർക്കുവരെ സദ്യവിളമ്പിയിട്ടുണ്ട്. അലുമ്നി മീറ്റിന്റെ കാര്യം പറഞ്ഞപ്പോൾ സജി ഇരുകൈയ്യുംനീട്ടി പാചകത്തിന്റെ ചുമതലയേറ്റെടുത്തു. സഹായികളായി പഴയകൂട്ടുകാരുമുണ്ട്. ചോറും സാമ്പാറും തോരനുമെല്ലാമടങ്ങുന്നതായിരുന്നു വിഭവം.
മാരാരിക്കുളം സ്വദേശിയായ സജി കാറ്ററിങ് സർവീസിനും നേതൃത്വം നൽകുന്നുണ്ട്. സ്വന്തമായി ജോലിയുള്ളതിനാൽ കാറ്ററിങ്ങിൽനിന്നു വരുമാനമൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, 10 പേർക്കു ജോലിനൽകാനാകുന്നുണ്ടെന്ന സംതൃപ്തിയാണു സജിക്ക്.
വിവാഹങ്ങൾ, വിവിധ പള്ളികളിലെ നേർച്ചസദ്യകൾ എന്നിവയ്ക്കെല്ലാം നേതൃത്വം നൽകിയിട്ടുണ്ട്. മഹാരാജാസ് കോളേജിലെ ആഘോഷങ്ങളിലും പ്രധാന പാചകക്കാരൻ ഡോ. സജി തന്നെ. മാരാരിക്കുളം മഹാദേവക്ഷേത്രത്തിലെ ദക്ഷിണാമൂർത്തി കലാനിലയത്തിലെ പഞ്ചവാദ്യ സംഘത്തിലെ കലാകാരൻകൂടിയാണു സജി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..