ആശ്രയയിലെ അംഗങ്ങൾ കുട നിർമാണത്തിൽ
അയ്‌മനം: ‘പ്രായമായി. മറ്റ് ചെറുപ്പക്കാരെപ്പോലെയുള്ളവരുടെ ജോലികൾ ഇനി വയ്യ; എന്തെങ്കിലും ചെയ്യണം,’
ഈ ആലോചനയ്ക്കൊടുവിലാണ് 11 അമ്മമാർ ഒത്തുചേർത്തത്. 64 മുതൽ 85 വയസ്സുവരെയുള്ള അമ്മമാർ. ഒൻപതുപേരും ഭർത്താവ് മരിച്ചുപോയവർ. അല്പം പണം ഉണ്ടാക്കി മരുന്നിനുള്ള കാശെങ്കിലും സ്വയംകണ്ടെത്തണം. കുട നിർമാണമായിരുന്നു അവർ കണ്ടെത്തിയ വഴി. ഇതിലൂടെ അവർ ചെറുവരുമാനം കണ്ടെത്തുന്നു. അയ്‌മനം പുലിക്കുട്ടിശ്ശേരി പാലം കഴിഞ്ഞുള്ള പ്രാപ്പുഴ കടവിലാണ് അമ്മമാരുടെ കൂട്ടായ്മ കുടയൊരുക്കുന്നത്.
മരുന്നിന് മക്കളെയും കൊച്ചുമക്കളെയും മരുമക്കളെയും ബുദ്ധിമുട്ടിക്കാതെ ഒരു ചെറിയ വരുമാനം, ഇതുമാത്രമായിരുന്നു അവരുടെ മോഹം. പലവഴി ചിന്തിച്ചു. എങ്കിലും പ്രായവും ആരോഗ്യക്കുറവും തടസ്സമായി. അപ്പോഴാണ് തെള്ളകത്ത് ചൈതന്യ പാസ്റ്റർ സെൻറർ നടത്തുന്ന കുട നിർമാണത്തെക്കുറിച്ച് അറിയുന്നത്. ഈ കൂട്ടായ്മയിലെ മൂന്നുപേർ പരിശീലനത്തിന് പോയി. പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിയ ഇവർ ബാക്കിയുള്ളവരെ കുടയുണ്ടാക്കാൻ പഠിപ്പിച്ചു. അയ്‌മനം പഞ്ചായത്തിൽ ‘ആശ്രയ’ എന്നപേരിൽ ഒരു കുടുംബശ്രീ രജിസ്റ്റർചെയ്ത് 2019 മുതൽ പ്രവർത്തനം തുടങ്ങി.
തുടക്കംമുതൽ പല വിധത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടിവന്നു. നിർമാണത്തിനുള്ള പണം പഞ്ചായത്തിൽനിന്ന് ലഭിച്ചു. കുട നിർമിക്കാൻ ഒരു കേന്ദ്രം വേണം. അതിനായി സെക്രട്ടറി സുലോചന വേലായുധന്റെ വീട് വേദിയായി. കുട നിർമിച്ചു കഴിഞ്ഞാൽ എവിടെ വിൽക്കും എന്ന ആലോചനയിലാണ് പ്രാപ്പുഴ കടവിനുസമീപം ചെറിയ ഒരു പെട്ടിക്കട സജ്ജീകരിക്കാൻ തീരുമാനിച്ചത്. ഇതിനും അധികൃതരിൽനിന്ന് കുറച്ചു പണം ലഭിച്ചു. വിൽപ്പനയ്ക്കായി പഞ്ചായത്തിന്റെയും കുടുംബശ്രീയിലെ പ്രവർത്തകർകൂടി സഹായിച്ചതോടെ പ്രവർത്തനങ്ങൾ സുഗമമായി.
കൂട്ടത്തിൽ ഒരാൾ കോട്ടയത്തുനിന്ന് നിർമാണ സാധനങ്ങൾ വാങ്ങിയെത്തിക്കും. ആരോഗ്യമുള്ള ചിലർ ചേർന്ന് കുട നിർമാണം നടത്തും. മഴയും അനുകൂല സാഹചര്യമുള്ള മാസങ്ങളിൽ 250 കുടകൾവരെ വിൽപ്പന നടക്കാറുണ്ട്. കുടുംബശ്രീയിലെ പ്രതിവാര തുകയായ പത്തുരൂപയും ഇവർ ഇതിൽനിന്ന് കണ്ടെത്തുന്നു.
73-കാരിയായ കുഞ്ഞുമോൾ തോമസ് ആണ് പ്രസിഡന്റ്. സുലോചന വേലായുധൻ (70) സെക്രട്ടറി, തങ്കമ്മ ജോസഫ് (68) ട്രഷറർ കമലാ തങ്കപ്പൻ (79), അന്നമ്മ തോമസ് (79), ത്രേസ്യാമ്മ ജോസഫ് (78), ചെല്ലമ്മ കുട്ടൻ (75), ശാന്തമ്മ പദ്‌മനാഭൻ (69), നന്ദിനി അമ്മ (85), ഏലിയാമ്മ എബ്രഹാം (86), സുകുമാരി മോഹനൻ (65) എന്നിവരാണ് മറ്റുള്ളവർ.
‘ഞങ്ങടെ കുടയ്‌ക്ക് പരസ്യമില്ല, പക്ഷേ, അമ്മമാർ ഉണ്ടാക്കുമ്പോൾ ആ സുരക്ഷിതത്വം കുടയിലൂടെ നിങ്ങൾക്കും കിട്ടും,’-അവർ പറയുന്നു. മാസംതോറും ആയിരംരൂപയെങ്കിലും ഓരോ അംഗത്തിനും നൽകണമെന്നാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരുടെയും ആഗ്രഹം. മഴക്കാലം വരുന്നു, ആരെങ്കിലുമൊക്കെ കുടവാങ്ങി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഫോൺ: ആശ്രയ സെക്രട്ടറി-സുലോചന വേലായുധൻ 9142245493.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..