സൂപ്പറാണ്‌ ഈ ടൂർ പാക്കേജ്‌


2 min read
Read later
Print
Share

യാത്രപോകാം വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന്‌

വൈക്കം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗവിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുത്തവർ

വൈക്കം: മലയാളിയാണോ, ഒരുതവണ എങ്കിലും കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യണം എന്ന സിനിമാ ഡയലോഗ് എല്ലാവർക്കും സുപരിചിതമാണ്. എങ്കിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകൾകണ്ട് ഒരു യാത്രയായാലോ. പൊളിയായിരിക്കും. അതിനുള്ള അവസരമാണ് വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. 2022 ഓഗസ്റ്റ് മാസത്തിൽ വൈക്കം ഡിപ്പോയിൽനിന്നു ആരംഭിച്ച ബജറ്റ് ടൂർ പാക്കേജുകളെല്ലാം സൂപ്പർ ഹിറ്റാണ്. ഇതിനോടകം 40 ട്രിപ്പുകളാണ് ബജറ്റ് ടൂറിസം സെൽ നടത്തിയത്. ക്ഷേത്രനഗരിയായ വൈക്കത്തുനിന്നു ജില്ലയിലെ പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിലേക്കായിരുന്നു ആദ്യയാത്ര. ആ സീസണിൽ തന്നെ അഞ്ച് തവണ നാലമ്പലങ്ങളിലേക്ക് യാത്രനടത്തി. ആറന്മുള പള്ളിയോട സമിതിയുമായി ചേർന്ന് ആറന്മുള ക്ഷേത്രത്തിലേക്കായിരുന്നു അടുത്തയാത്ര. സമിതിക്കാർ വള്ളസദ്യയും ഒരുക്കി. ഇതോടൊപ്പം പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ, കവിയൂർ ഗുഹാക്ഷേത്രം എന്നിവിടങ്ങളിലേക്കും യാത്രനടത്തി. വനിതാദിനത്തിൽ വനിതകൾക്ക് മാത്രമായി ഇടുക്കി, ചെറുതോണി, അഞ്ചുരുളി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളെ കോർത്തിണക്കി യാത്ര സംഘടിപ്പിച്ചു. ഗവി, മൂന്നാർ യാത്രകളാണ് സൂപ്പർഹിറ്റായത്. ഗവിയിലേക്ക് പുലർച്ചെ 4.30-ന് പുറപ്പെട്ട് രാത്രിയിൽ 11 മണിയോടെ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചത്. ബോട്ടിങ്ങും ഉച്ചഭക്ഷണവും ഉൾപ്പെടെ യാത്രയിലുണ്ട്. ഇതുവരെ 11 ഗവി യാത്രകൾ നടത്തി. മൂന്നാറിന് ട്രിപ്പ് രണ്ട് തരത്തിലാണുള്ളത്. ഭൂതത്താൻകെട്ട്, മാമലക്കണ്ടം, ആനക്കുളം, മാങ്കുളം, മൂന്നാർ, ലക്ഷ്മി എസ്റ്റേറ്റ് എന്നിങ്ങനെയാണ് ഒരു ട്രിപ്പ്. മൂന്നാർ സൈറ്റ് സീയിങ്, കുണ്ടള ഡാം, മാട്ടുപ്പട്ടി, ടോപ്പ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്ന തരത്തിലാണ് മറ്റൊരു യാത്ര. തൃശ്ശൂർ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂരവിളംബരം കാണാനും വൈക്കത്തുള്ളവർക്ക് അവസരം ബജറ്റ് ടൂറിസം സെൽ അവസരം ഒരുക്കി. രണ്ട് വയസ്സ്‌ മുതൽ 76 വയസ്സുവരെ പ്രായമുള്ളവർ ആ യാത്രയുടെ ഭാഗമായി. പൂരച്ചമയങ്ങളുടെ പ്രദർശനം, കൂടൽമാണിക്യ ക്ഷേത്രം, വടക്കുംനാഥക്ഷേത്രം, പീച്ചിഡാം എന്നിവടങ്ങളും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. 21-ന് ഗവിക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കൊല്ലം മൺറോത്തുരുത്ത്, സാമ്പ്രാണിക്കൊടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജറ്റ് ടൂറിസം സെൽ. എല്ലാ യാത്രകളെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. യാതൊരു പരാതിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് എ.ടി.ഒ. ഷാജി കുര്യാക്കോ, കൺട്രോളിങ് ഇൻസ്‌പെക്ടർ മുഹമ്മദ് കബീർ, ടൂറിസം സെൽ വൈക്കം യൂണിറ്റ് കോ-ഓർഡിനേറ്റർ പി. ശ്യാംദാസ് എന്നിവർ പറഞ്ഞു.

വിവരങ്ങൾക്ക്: പി.ശ്യാംദാസ്-9995 987 321.

യാത്രകളും നിരക്കും

വൈക്കം-മലക്കപ്പാറ-700.

വൈക്കം-ഇടുക്കി-അഞ്ചുരുളി-വാഗമൺ-640.

വൈക്കം-മാമലക്കണ്ടം-മൂന്നാർ-1010.

വൈക്കം-മൂന്നാർ സൈറ്റ് സീയിങ്-740.

വൈക്കം-ഗവി-1850.

വൈക്കം-തൃശ്ശൂർ ക്ഷേത്രങ്ങൾ-പീച്ചി ഡാം-630

വൈക്കം-അമ്പലപ്പുഴ-മണ്ണാറശ്ശാല-ഹരിപ്പാട്-കാട്ടിൽ മേക്കതിൽ-ഓച്ചിറ-കൃഷ്ണപുരംപാലസ്-ആലപ്പുഴ ബീച്ച്-540.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..