‘ ‘ഇരുട്ടിനപ്പുറം ഒരു വാതിൽ ഉണ്ട് ”


2 min read
Read later
Print
Share

കാഴ്ചപരിമിതിയുള്ള ടിഫാനി ബ്രാർ തിളങ്ങുന്ന മാതൃകയാണ്

ടിഫാനി

കൊച്ചി: "മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ ഒരു ചോദ്യം ചോദിച്ചു. ‍ഞാൻ അതിന് ഉത്തരം പറഞ്ഞു. അവരത് ശ്രദ്ധിച്ചതേയില്ല. തെറ്റായ ഉത്തരം പറഞ്ഞ കുട്ടിയെ ടീച്ചർ അഭിനന്ദിച്ചു. കാഴ്ചപരിമിതിയുള്ള ഞാൻ എന്തോ കള്ളത്തരത്തിലൂടെയാണ് ഉത്തരം പറഞ്ഞതെന്ന് കുറ്റപ്പെടുത്തി. ഞാനാകെ വല്ലാതെയായി. അന്നാണ് തീരുമാനിച്ചത്, അഭിമാനത്തോടെ കാഴ്ചപരിമിതർക്ക് നിവർന്നു നിൽക്കാനുള്ള അവസരം ഒരുക്കണമെന്ന്..." പറയുന്നത് ടിഫാനി ബ്രാർ. ജന്മനാ കാഴ്ചപരിമിതിയുള്ള വേദികളിൽ ഊർജസ്വലതയുള്ള പ്രഭാഷകയായ ടിഫാനിയുടെ വാക്കുകളിൽ ശുഭചിന്തകളുടെ പ്രകാശമാണ്. ജ്യോതിർഗമയ ഫൗണ്ടേഷന്റെ സ്ഥാപകയായ ടിഫാനിയെ തേടി രാഷ്ട്രപതിയുടെ നാരീശക്തി പുരസ്കാരം ഉൾപ്പെടെ അനവധി ബഹുമതികൾ വന്നിട്ടുണ്ട്. ഓൾ ഇന്ത്യ ഒഫ്ത്താൽമോളജിക്കൽ സൊസൈറ്റിയുടെ സമ്മേളനത്തിൽ മുഖ്യാതിഥിയായി കൊച്ചിയിൽ എത്തിയ ടിഫാനി ’മാതൃഭൂമി’യോട് സംസാരിക്കുന്നു.

ജീവിതമെന്ന യാത്ര

സേനയിൽ ലെഫ്റ്റനന്റ് ജനറലായിരുന്നു അച്ഛൻ. പല സ്ഥലങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം, തൃശ്ശൂർ, ഡാർജലിങ്, ഊട്ടി, ഡൽഹി, ഇംഗ്ലണ്ട്... 12-ാം വയസ്സിൽ അമ്മയുടെ മരണം. അത് വലിയ ഷോക്കായിരുന്നു. യാത്രകളിൽ പലതും പഠിച്ചു. നേപ്പാളിയും തമിഴും ഉൾപ്പെടെ പല ഭാഷകൾ. അച്ഛൻ ഇപ്പോൾ അമേരിക്കയിലാണ്. ഞാൻ തിരുവനന്തപുരത്താണ് താമസം. ഒപ്പം വിനീത ആന്റി ഉണ്ട്. എനിക്ക് അവർ അമ്മയെപ്പോലെയാണ്’’പലയിടങ്ങളിലും പ്രഭാഷണത്തിന് എന്നെ ക്ഷണിക്കാറുണ്ട്. അവിടങ്ങളിലൊക്കെ എത്താൻ പൊതു ഗതാഗതമാണ് ഉപയോഗിക്കുന്നത്. എനിക്കത് ശീലമാണ്. ട്രെയിനിലും ബസിലുമൊക്കെയായി... കാഴ്ചപരിമിതി ലോകത്തിന്റെ അവസാനമല്ല. നമ്മൾ വ്യത്യസ്തരാണ് എന്നേയുള്ളു. മറ്റുള്ളവരെക്കാൾ കൂടുതൽ സമയം കാര്യങ്ങൾ ചെയ്യാനെടുക്കും.

ജ്യോതിർഗമയ

2015-ലാണ് ടിഫാനി തിരുവനന്തപുരം കവടിയാർ കേന്ദ്രമായി ജ്യോതിർഗമയ ഫൗണ്ടേഷൻ ആരംഭിച്ചത്. തുടക്കം 2012 ലായിരുന്നു. ഗ്രാമങ്ങളിലെ കാഴ്ചപരിമിതർക്ക് വീടുകളിലെത്തി പരിശീലനം നൽകി. ഇപ്പോൾ നാലു മാസത്തെ റസിഡൻഷ്യൽ ട്രെയിനിങ് നൽകുന്നുണ്ട്. കംപ്യൂട്ടർ ഉപയോഗിക്കുന്ന രീതികൾ, ആപ്പുകൾ എല്ലാം പഠിപ്പിക്കും. സ്വന്തമായി കാര്യങ്ങൾ ചെയ്യാനാണ് പരിശീലിപ്പിക്കുന്നത്. ജ്യോതിർഗമയിൽ പഠിച്ച പലരും പല തൊഴിൽ തുറകളിലും ഉണ്ട്. അതാണ് എന്റെ സന്തോഷം.

തിരുവനന്തപുരം

തിരുവനന്തപുരത്തോട് പ്രത്യേക ഇഷ്ടമുണ്ട്. മോശം അനുഭവമുണ്ടായിട്ടില്ല. മനുഷ്യർ കൂടുതൽ നന്നായി പെരുമാറുന്നു. കാഴ്ചയില്ലെങ്കിലും ഞാനെല്ലാം ഫീൽ ചെയ്യുന്നുണ്ട്. ആളുകളുടെ വാക്കിലെ സ്നേഹം, പരിപാടികളിലെ ഫ്ലൂട്ടിന്റെ സ്വരം, ആയുർവേദ തൈലങ്ങളുടെ മണം, ബീച്ചിലെ കാറ്റ്...

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..